അടവു വേണ്ടെടാ, അമ്മ പഠിച്ചുപോയി!

അമ്മ’ക്കുട്ടികൾ: ചെന്നൈ കിൽപോക് എംഇഎസ് റസീന സ്കൂളിൽ മുതിർന്നവർക്കുള്ള ക്ലാസ്. ചിത്രം: വിബി ജോബ്

സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം വീടുകളിൽ അറിയിക്കുന്നത് എസ്എംഎസ് വഴി. അമ്മേ ഇന്ന് അവധിയാണെന്നാ എസ്എംഎസിൽ എന്നു മക്കൾ. ആദ്യം പന്തികേട് തോന്നിയില്ല. പക്ഷേ, പലവട്ടം ‘അവധി’ ആയപ്പോൾ ഒരു സംശയം. സ്കൂളിൽ അന്വേഷിച്ചപ്പോഴല്ലേ അറിഞ്ഞത് അങ്ങനെ മെസെജ് അയച്ചിട്ടേ ഇല്ലെന്ന്. എഴുത്തും വായനയും അറിയാത്ത അമ്മമാരെ വിരുതന്മാർ പറ്റിക്കുകയായിരുന്നെന്ന്. പണ്ട് ടൈംടേബിൾ കിട്ടാൻ കാശ് കൊടുക്കണമെന്നു പറഞ്ഞു പറ്റിച്ചിരുന്നതിന്റെ ന്യൂജെൻ പതിപ്പ്. അങ്ങനെയാണ് ചെന്നൈ കിൽപോക്കിലെ എംഇഎസ് റസീന സ്കൂൾ, വിദ്യാർഥികളുടെ അച്ഛനമ്മമാരുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചത്. അവിടെ തീർന്നില്ല, അടിസ്ഥാന വിദ്യാഭ്യാസം കിട്ടാത്ത അമ്മമാരെ കണ്ടെത്തി, അവർക്കായി ക്ലാസ് തുടങ്ങുകയും ചെയ്തു! സ്ത്രീ സാക്ഷരത 73% മാത്രമായ തമിഴ്നാട്ടിൽ അറിവിന്റെ നിശ്ശബ്ദ വിപ്ലവം.

ക്ലാസിനു നഴ്സറി ഫ്രീ
അമ്മമാർക്കു ക്ലാസ് നൽകാൻ തീരുമാനിച്ചപ്പോൾ തടസ്സങ്ങളേറെയായിരുന്നു. ഭർത്താക്കന്മാരുടെ അനുമതിയായിരുന്നു പ്രധാന പ്രശ്നം. രണ്ടു കൂട്ടരെയും ഒരുമിച്ചിരുത്തി കൗൺസലിങ് നൽകി. ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്കു 1.30വരെ ഭാര്യമാരെ സ്കൂളിലയയ്ക്കാമെന്ന ഉറപ്പ് എല്ലാവരും നൽകി. ഭക്ഷണവും മറ്റുമൊക്കെ ഒപ്പിക്കാം, ചെറിയ കുട്ടികളെ എന്തു ചെയ്യും?. അമ്മമാർ പഠിക്കുന്ന സമയത്തു കുട്ടികൾക്കു സ്കൂളിലെ നഴ്സറിയിൽ സൗജന്യ പഠനം- അതോടെ എല്ലാവരും ഹാപ്പി.

ഡിജിറ്റൽ സാക്ഷരർ
മൂന്നു തരം ‘അമ്മക്കുട്ടി’കളാണു പഠിക്കാനെത്തുന്നത്- തുടക്കക്കാർ, സ്പോക്കൺ ഇംഗ്ലിഷ് , ഉന്നത വിദ്യാഭ്യാസം. അക്ഷരാഭ്യാസം മാത്രമല്ല ലക്ഷ്യം. പൂർണമായി ഡിജിറ്റലായ ലോകത്തു തടികേടാകാതെ കഴിഞ്ഞുപോകാനുള്ള നിലയിലേക്ക് ഒരു വർഷം കൊണ്ടു ഇവരെ എത്തിക്കുകയാണു ലക്ഷ്യമെന്നു സ്കൂൾ കറസ്പോണ്ടന്റ് എം.പി.അൻവർ.

ഇതിനായി ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, എടിഎം കാർഡ് ഉപയോഗം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ ക്ലാസെടുക്കും. ഹോം വർക്, മാസ പരീക്ഷ ഉൾപ്പെടെ എല്ലാ ചിട്ടവട്ടങ്ങളോടും കൂടിയാണു ക്ലാസ്. സ്കൂൾ പ്രിൻസിപ്പൽ സെലിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ പുതിയ കുട്ടികളെ ആസ്വദിച്ചു പഠിപ്പിക്കുന്നു.

1977ൽ ആരംഭിച്ച സ്കൂളിൽ 1100 വിദ്യാർഥികളാണുള്ളത്. ‘അമ്മ ക്ലാസി’ൽ അൻപതോളം പേരും. പ്രായം 60 കഴിഞ്ഞവരും ക്ലാസിലുണ്ട്. അക്ഷരത്തിന്റെ തിളക്കമുള്ള ആ മുഖങ്ങൾ പറയുന്നു, ഈ പദ്ധതി മറ്റു സ്കൂളുകൾ കൂടി പിന്തുടരട്ടെ, അറിവിന്റെ പ്രകാശം പരക്കട്ടെ.