സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം; ലൈബ്രറി നിര്‍മിച്ച് നാട്

library

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം. അത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും ഏറ്റവും അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണ്. പല തരത്തിലാണു രാജ്യങ്ങള്‍ അവരുടെ ഈ ചരിത്ര മുഹൂര്‍ത്തത്തെ ആഘോഷമാക്കിയിട്ടുള്ളത്. ചിലര്‍ വലിയ പ്രതിമകളും സ്തൂപങ്ങളും നിര്‍മിക്കും. ചിലര്‍ ഒരു വര്‍ഷം നീളുന്ന വൈവിധ്യപൂര്‍ണമായ ആഘോഷങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കും. 

എന്നാല്‍ ഫിന്‍ലന്‍ഡ് തങ്ങളുടെ നൂറാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിച്ചത് ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. നാട്ടുകാര്‍ക്കായി ഒരു വലിയ ലൈബ്രറിയുടെ നിര്‍മാണം ആരംഭിച്ചു കൊണ്ടാണു 2017ല്‍ ഫിന്‍ലന്‍ഡ് സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചത്. 

ഊഡി എന്നു വിളിക്കുന്ന ഹെല്‍സിങ്കി സെന്‍ട്രല്‍ ലൈബ്രറി അടുത്ത മാസം ഉദ്ഘാടനം ചെയ്യും. ഹെല്‍സിങ്കി നഗരഹൃദയത്തില്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് മന്ദിരത്തിന് എതിര്‍വശത്താണ് മൂന്നു നിലകളില്‍ ഊഡി നിര്‍മിച്ചിരിക്കുന്നത്. 98 മില്യൻ യൂറോയാണ് (799.56 കോടി രൂപ) ചെലവ്. പുസ്തകങ്ങള്‍ മാത്രമല്ല, സ്റ്റുഡിയോകളും ഗെയിം റൂമുകളും വര്‍ക്ക് സ്‌പേസുമെല്ലാം അടങ്ങുന്ന ഒരു സാംസ്‌കാരിക കേന്ദ്രമായാണ് ഇതിന്റെ രൂപകല്‍പന. 

താഴത്തെ നിലയില്‍ വിശാലമായ ലോബി, പൊതു സൗകര്യങ്ങള്‍, ഇവന്റ് വെന്യൂകള്‍, ലൈബ്രറി സേവനങ്ങള്‍, കഫറ്റീരിയ തുടങ്ങിയവയാണുള്ളത്. ഒന്നാം നിലയില്‍ പഠനത്തിനും വിവിധ തരം പ്രവൃത്തികള്‍ക്കും വിനിമയങ്ങള്‍ക്കുമുള്ള ഇടമാണ്. ഇവിടെ സ്റ്റുഡിയോകള്‍, ഗെയിം സോണുകള്‍, പഠന മുറികള്‍ തുടങ്ങിയവയുണ്ടാകും. 

മൂന്നാം നില പാരമ്പര്യ ലൈബ്രറികളുടെ രീതിയില്‍ പുസ്തകങ്ങളില്‍ മുഴുകാനുള്ള സൗകര്യപ്രദമായ ഇടമാണ്. പുസ്തകം വായിച്ചും കാപ്പി കുടിച്ചും വിശ്രമിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഫിന്‍ലന്‍ഡിലെ മറ്റു ലൈബ്രറികളിലെപ്പോലെ ഇവിടെയും പ്രവേശനം തികച്ചും സൗജന്യമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ലൈബ്രറി സേവനങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്കു ലഭ്യമാക്കണമെന്നതു ഫിന്‍ലന്‍ഡിന്റെ നിയമവ്യവസ്ഥയില്‍ത്തന്നെ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. 

ഫിന്‍ലന്‍ഡിന്റെ പുസ്തക പ്രേമം ലോകപ്രശസ്തമാണ്. ലൈബ്രറിപ്രേമികളുടെ സ്വര്‍ഗമെന്നു വേണമെങ്കില്‍ ഫിന്‍ലന്‍ഡിലെ നഗരങ്ങളെ വിശേഷിപ്പിക്കാം. ജോലി ചെയ്യാനും വിനോദത്തിനും സൗഹൃദത്തിനും ഒത്തുകൂടലിനുമൊക്കെയുള്ള പൊതു വേദികളാണു ഫിന്‍ലന്‍ഡുകാര്‍ക്കു ലൈബ്രറികള്‍. 

രാജ്യത്തെ 55 ലക്ഷം ജനങ്ങള്‍ പ്രതിവര്‍ഷം 680 ലക്ഷം പുസ്തകങ്ങള്‍ ലൈബ്രറികളില്‍നിന്നു വായിക്കാനെടുക്കുന്നുണ്ടെന്നാണു കണക്കുകള്‍. 2016ല്‍ ഐക്യരാഷ്ട്രസംഘടന ഫിന്‍ലന്‍ഡിനെ ലോകത്തെ ഏറ്റവും സാക്ഷരതയുള്ള രാജ്യമായി പ്രഖ്യാപിച്ചിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടു തന്നെയാകണം ലോകമെങ്ങും ലൈബ്രറികള്‍ക്കു താഴ് വീഴുന്ന ഇക്കാലഘട്ടത്തില്‍ ഫിന്‍ലന്‍ഡ് കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ ലൈബ്രറികള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.

More Campus Updates>