പഠനപരിമിതി സർട്ടിഫിക്കറ്റിനായി നട്ടം തിരിഞ്ഞ് ഭിന്നശേഷി വിദ്യാർഥികൾ

ഭിന്നശേഷിക്കാരായ എസ്എസ്എൽസി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പഠനപരിമിതി സർട്ടിഫിക്കറ്റ് ലഭിക്കാൻ നെട്ടോട്ടമോടുന്നു. എസ്എസ്എൽസി പരീക്ഷയ്ക്ക് അധികസമയമോ സഹായിയെയോ അനുവദിക്കുന്നതിനുള്ള എൽഡി (ലേണിങ് ഡിസെബിലിറ്റി) സർട്ടിഫിക്കറ്റ് ലഭിക്കാതെ സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വിദ്യാർഥികളാണു വലയുന്നത്. പത്തിനകം സർട്ടിഫിക്കറ്റ് നൽകിയാലേ ഇവർക്ക് പരീക്ഷയ്ക്ക് അധിക സമയമോ സഹായിയോ ലഭിക്കുകയുള്ളൂ.

സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതു സർക്കാർ ആശുപത്രിയിലെ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും അടങ്ങിയ സംഘമാണ്. എന്നാൽ സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമല്ല.

സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചതാണു പുതിയ പ്രശ്നം. സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർക്കൊപ്പം പീഡിയാട്രിക് ന്യൂറോളജിസ്റ്റ് കൂടി അടങ്ങിയ സംഘം പരിശോധിച്ചതിനു ശേഷമേ സർട്ടിഫിക്കറ്റ് നൽകാവൂ എന്നാണു കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ഈ സാഹചര്യത്തിൽ പഴയ രീതിയിൽ പരിശോധന നടത്തിയവർക്കു സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന നിലപാടിലാണ് അധികൃതർ.