തിരുവനന്തപുരം∙ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. ഒന്നാം പേപ്പർ രാവിലെ 10.15 മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 1.15 മുതൽ 3 വരെയുമാണ്. 22 മുതൽ 30 വരെയാണ് സ്കൂൾ മുഖേനയുള്ള ഓൺലൈൻ റജിസ്ട്രേഷനുള്ള സമയം. 

Read Also : 90% മാർക്ക് വാങ്ങാൻ നിർബന്ധിക്കപ്പെടുന്നത് എന്തിന്?

നാലാം ക്ലാസുകാർക്കുള്ള എൽഎസ്എസിന് രണ്ടു പേപ്പറിലുമായി 60 മാർക്കു നേടുന്നവരും ഏഴാം ക്ലാസുകാർക്കുള്ള യുഎസ്എസിന് 70% മാർക്ക് നേടുന്നവർക്കുമാണ് മൂന്നു വർഷത്തെ സ്കോളർഷിപ് ലഭിക്കുക.  രണ്ടു ക്ലാസിലെയും രണ്ടാം ടേം പരീക്ഷയിലെ ഗ്രേഡ് അടിസ്ഥാനമാക്കിയാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. 

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം പരീക്ഷാ ഭവൻ വെബ്സൈറ്റിൽ ലഭ്യമാണ്. സാധാരണ ഫെബ്രുവരിയിൽ നടക്കുന്ന സ്കോളർഷിപ് പരീക്ഷ കഴിഞ്ഞ വർഷം കോവിഡ് മൂലം ജൂണിലാണ് നടത്തിയത്. ഇത്തവണ അത് അവധിക്കാലത്തായി. 

മാർച്ചിൽ വാർഷിക പരീക്ഷകൾക്കിടയിൽ ഈ പരീക്ഷകൾ നടത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് അവധിക്കാലത്ത് നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതേസമയം നാലു വർഷമായി കുടിശികയുള്ള എൽഎസ്എസ്–യുഎസ്എസ് സ്കോളർഷിപ്പുകൾ എന്നു കൊടുക്കുമെന്ന് വ്യക്തമാക്കാൻ മന്ത്രിക്കായില്ല. 31 കോടി രൂപയാണ് കുടിശിക നൽകാൻ വേണ്ടത്. ധനവകുപ്പ് തുക അനുവദിക്കുന്നതും കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.  കുടിശിക കിട്ടാൻ വിദ്യാർഥികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് വീണ്ടും അപേക്ഷ വാങ്ങിയിരുന്നു.

Content Summary : LSS, USS exams on April 26