ങ്ങനെയിരിക്കെ ഈസ്റ്റ് നുസ തങ്കാര പ്രവിശ്യയിലെ ഗവർണർക്ക് ഒരു തോന്നലാണ്– കുട്ടികൾ ഇങ്ങനെയൊന്നും പഠിച്ചാൽ പോരാ, അവർക്ക് കുറച്ചുകൂടി ‘അച്ചടക്കം’ വേണം. അതിന് അദ്ദേഹം ഒരു വഴിയും കണ്ടുപഠിച്ചു. കുട്ടികൾ അതിരാവിലെ ഉണരട്ടെ, ക്ലാസുകൾ പുലർച്ചെ അഞ്ചരയ്ക്കു തുടങ്ങട്ടെ. അങ്ങനെ ‘വിപ്ലവകരമായ’ ആ മാറ്റത്തിന് ഗവർണർ വിക്ടർ ലൈസ്‌കോഡറ്റ് തുടക്കം കുറിച്ചു. ഫലമോ? ഇന്തൊനീഷ്യയിലെ ചൂടേറിയ ചർച്ചയാണിന്ന് ഈ ‘സുപ്രഭാത’ സ്കൂൾ സ്കീം. ഇന്ത്യയിൽ ഉൾപ്പെടെ സ്കൂൾ സമയം സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നുവരാനും ഇതിടയാക്കി. സാധാരണ ഒൻപതിനോ പത്തിനോ ആരംഭിക്കുന്ന നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്കൂളുകളും ആ സമയം ഏഴുമണിയിലേക്കോ എട്ടിലേക്കോ മാറ്റാൻ പദ്ധതിയിട്ടാൽ പോലും ചർച്ചകളുടെ ബഹളമാണ്. കുട്ടികൾക്കു മാത്രമല്ല, പ്രശ്നം വീട്ടുകാർക്കുമുണ്ട്. ഇപ്പോൾത്തന്നെ എട്ടു മണിക്ക് കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിടണമെങ്കിൽ അമ്മമാർ പുലർച്ചെ നാലിനോ അഞ്ചിനോ എഴുന്നേൽക്കേണ്ട അവസ്ഥയാണ്. ഇന്തൊനീഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെയിരിക്കെ ക്ലാസുകൾ അഞ്ചരയ്ക്കു തുടങ്ങിയാലുള്ള അവസ്ഥയെപ്പറ്റി പ്രത്യേകം പറയേണ്ടല്ലോ! എന്തുകൊണ്ടാണ് ഇന്തൊനീഷ്യയിൽ ഇത്തരമൊരു സ്കൂൾ പരിഷ്കാരം (The dawn school trial) കൊണ്ടുവന്നത്? അതിന്മേലുണ്ടായ തുടർ സംഭവങ്ങള്‍ എന്തെല്ലാമാണ്? സ്കൂൾ സമയവും കുട്ടികളുടെ പഠനവും അച്ചടക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിശദമായി പരിശോധിക്കാം...

Read Also : സിവിൽ സർവീസ്: ‘കൂടുതൽ മാർക്ക് നേടാൻ ചില തന്ത്രങ്ങളുണ്ട്

പുലർച്ചെ കുപാങ്ങിലെ സ്കൂളിലെത്തിയ കുട്ടികൾ. Photo Credit : ELIAZAR BALLO / AFP

∙ പഠിക്കുമോ അച്ചടക്കം?

ഇന്തൊനീഷ്യയിലെ ഈസ്റ്റ് നുസ തങ്കാര പ്രവിശ്യയുടെ തലസ്ഥാനമായ കുപാങ് നഗരത്തിലായിരുന്നു പുതിയ പഠനസമയം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം അവതരിപ്പിച്ചത്. (ഇന്തൊനീഷ്യയുടെ തെക്കേയറ്റത്താണ് ഈ പ്രവിശ്യ. തെക്ക് ഇന്ത്യൻ മഹാസമുദ്രവും കിഴക്ക് ഫ്ലോറസ് കടലിനും അഭിമുഖമായി സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലയാണിത്. റോമൻ കാത്തലിക്സ് ഏറ്റവുമധികമുള്ള ഇന്തൊനീഷ്യൻ പ്രദേശം എന്ന വിശേഷണവും ഈസ്റ്റ് നുസ തങ്കാരയ്ക്കുണ്ട്. തലസ്ഥാനനഗരിയായ കുപാങ് ഒരു ചെറുപട്ടണമാണ്). കുപാങ്ങിലെ 10 സ്കൂളിലാണ് ‘ഡോൺ സ്കൂൾ ട്രയലിന്’ തുടക്കമിട്ടത്. എല്ലാ കുട്ടികൾക്കുമില്ല, പന്ത്രണ്ടാം ഗ്രേഡുകാർക്കു മാത്രം. ഇന്തൊനീഷ്യൻ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് ഹൈസ്കൂളിലെ 16–17 വയസ്സുള്ള കുട്ടികളാണ് പന്ത്രണ്ടാം ഗ്രേഡിലുള്ളത്. ഈ കുട്ടികളുടെ കാൽപ്പെരുമാറ്റമേറ്റാണ് ഇപ്പോൾ കുപാങ് നഗരവീഥികൾക്ക് പുലർച്ചെ ജീവൻ വയ്ക്കുന്നതു തന്നെ. 

ഉറക്കച്ചടവോടെ സ്കൂളിലേക്കു നടക്കുമ്പോൾ, അതിരാവിലെ ക്ലാസുകൾ തുടങ്ങുന്ന ഈ പുതിയ  സമയക്രമം നല്ലതിനെന്നോർത്ത് ആശ്വസിക്കാൻ അവർക്ക് കഴിയുമോ? സാധാരണ ഗതിയിൽ രാവിലെ ഏഴിനും എട്ടിനുമിടയിൽ ആരംഭിച്ച് വൈകുന്നേരം 3.30ന് ക്ലാസുകൾ അവസാനിക്കുമായിരുന്നു. ഇപ്പോൾ പുലർച്ചെ 5.30 മുതൽ വൈകുന്നേരം 3.30 വരെയാണ് സ്കൂൾസമയം. കുട്ടികളിൽ അച്ചടക്കം വളർത്താനും വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കാനും അതിരാവിലെയുള്ള പഠനം സഹായകമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. 2023 ഫെബ്രുവരി മുതലാണ് ഇത് ആരംഭിച്ചത്. കുട്ടികളെ ‘അച്ചടക്കം’ പഠിപ്പിക്കാൻ ആരംഭിച്ച പദ്ധതിക്കെതിരെ പക്ഷേ വിമർശനങ്ങൾ ആളിക്കത്തുകയാണ്.

ജക്കാർത്തയിലെ സ്കൂളുകളിലൊന്ന്. ( ഫയൽ ചിത്രം) Photo Credit : ARAMINTA JR / AFP

∙ ഉറക്കം പോയാൽ...

സ്ക്രീനേജേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ.

കുട്ടികളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്ന ഗുരുതര വിമർശനമാണ് പുതിയ സമയക്രമത്തിനു നേരെ ഉയരുന്നത്. കൂടാതെ നേരം പുലരുന്നതിനു മുൻപേയുള്ള സ്കൂൾ യാത്രയുടെ സുരക്ഷാപ്രശ്നങ്ങളും ചർച്ചയാകുന്നുണ്ട്. വിദ്യാർഥികളുടെ മാതാപിതാക്കൾ ഉൾപ്പെടെ ശക്തമായ എതിർപ്പുകളാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുന്നത്. അഞ്ചരയ്ക്ക് സ്കൂളിലെത്തണമെങ്കിൽ പുലർച്ചെ നാലിനെങ്കിലും എഴുന്നേൽക്കേണ്ടി വരുന്നുവെന്നതാണു പ്രധാന പരാതി. രാത്രി പത്തിനെങ്കിലും ഉറങ്ങിയാൽ മാത്രമേ ആവശ്യത്തിന് ഉറക്കം പോലും കിട്ടുകയുള്ളൂ. പക്ഷേ തുടർന്നു വന്ന ദിനചര്യകളിൽ പെട്ടെന്നുണ്ടായ മാറ്റം തിരിച്ചടിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി. ഉറക്കമില്ലായ്മ കാരണം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ഓർമക്കുറവുമെല്ലാം വിദ്യാർഥികൾ അനുഭവിക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിൽ മതിയായ ഉറക്കം ലഭിക്കാത്തത് വിഷാദാവസ്ഥയിലേക്കും മാനസികസംഘർഷങ്ങളിലേക്കും വരെ നയിക്കാൻ ഇടയുണ്ടെന്ന പഠനങ്ങള്‍ നമുക്കു മുന്നിലുണ്ടാരിക്കെയാണ് ഇത്തരമൊരു അവസ്ഥയെന്നോർക്കണം.

ഗവർണർ ആവിഷ്കരിച്ച പദ്ധതിക്ക് വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ശ്രമവുമായി യാതൊരു ബന്ധവും പറയാനാകില്ലെന്നും പകരം, ഉറക്കക്കുറവിലേക്കും ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാർഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്കുള്ള സ്വഭാവവൈകല്യങ്ങളിലേക്കും വരെ നയിക്കാൻ ഇടയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നിത്യേന ഉറക്കക്കുറവ് സംഭവിച്ചാൽ കുട്ടികളിൽ അത് ഏറെ സമ്മർദമുണ്ടാക്കും. പക്ഷേ ചിലരെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് നടിക്കും. കാരണം വിദ്യാഭ്യാസം ഒഴിച്ചുകൂടാനാകാത്തതാണല്ലോ. പക്ഷേ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുകതന്നെ ചെയ്യുമെന്നതാണ് അവസ്ഥ. 

Read Also : ഫയർമാനിൽ നിന്ന് ഐഎഎസ് ഓഫിസർ

ഇന്തൊനീഷ്യയിലെ സ്കൂളിലെ കാഴ്ചകളിലൊന്ന്. (File Photo by AFP / CHAIDEER MAHYUDDIN

ടീനേജേഴ്സ് എന്നല്ല ‘സ്ക്രീനേജേഴ്സ്’ (Screenagers) എന്നാണ് ഡിജിറ്റൽ ടെക്നോളജിയുടെ വലിയ ഉപഭോക്താക്കളായിട്ടുള്ള യുവതലമുറ ഇന്ന് അറിയപ്പെടുന്നതു തന്നെ. എങ്ങനെയാണ് ഇലട്ക്രോണിക് ഡിവൈസുകൾ ഈ തലമുറയുടെ ജീവിതത്തെ ബാധിക്കുന്നതെന്നതു സംബന്ധിച്ച പ്രശസ്ത ഡോക്യുമെന്ററിയുടെയും (സംവിധാനം ഡിലാനി റസ്റ്റൻ) പേര് സ്ക്രീനേജേഴ്സ് എന്നാണ്. ഇൻസ്റ്റഗ്രാം റീലുകൾ മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ്സീരീസുകളും സിനിമകളും വരെ കുട്ടികളുടെ ഉറക്കത്തിന്റെ അളവിനെ ബാധിക്കുന്നുണ്ടെന്നാണു പഠനങ്ങൾ. ഓക്സ്ഫഡ് സർവകലാശാല പ്രഫസറും ഗവേഷകനുമായ പോൾ കെല്ലി നടത്തിയ പഠനപ്രകാരം മൊബൈൽ ഫോണിന്റെ അമിതോപയോഗം മൂലം  ബ്രിട്ടനിലെ കുട്ടികൾക്ക് ആഴ്ചയിൽ ശരാശരി 10 മണിക്കൂറോളം ഉറക്കമാണ് നഷ്ടമാകുന്നതെന്നു കണ്ടെത്തിയിരുന്നു.

∙ ഇരുട്ടിൽ എത്ര സുരക്ഷ...?

ശരിയായി വെളിച്ചം പോലുമെത്താത്ത നേരത്താണ് വിദ്യാർഥികളുടെ സ്കൂൾ യാത്ര. അതുണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും മുന്നിലുണ്ട്. മക്കൾക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്നോർത്ത് സ്കൂൾ വരെ ഒപ്പം പോകുന്ന മാതാപിതാക്കളെയും കുപാങ്ങിൽ കാണാം. പുലർച്ചെ മോട്ടർക്യാബുകൾ കാത്ത് നിൽക്കുന്ന കുട്ടികളാണ് കുപാങ് നഗരത്തിലെ ഇപ്പോഴത്തെ പുലർകാഴ്ച. വീട്ടിൽ നിന്നേേറെ ദൂരെയുള്ള സ്കളുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇരട്ടി ദുരന്തം അനുഭവിക്കുന്നത്. ‘‘പുതിയ രീതി വളരെ പ്രയാസകരാണ്. ഇരുട്ടായിരിക്കുമ്പോൾതന്നെ അവർക്ക് വീടു വിട്ട് ഇറങ്ങേണ്ടി വരുന്നു. ഇത് എങ്ങനെ അംഗീകരിക്കാനാകും? കുട്ടികളുടെ യാത്ര സുരക്ഷിതരാകുമെന്ന് എന്താണ് ഉറപ്പ്?’’– കുപാങ്ങിലെ ഒരു അമ്മ വാർത്താ ഏജൻസിയോടു പറഞ്ഞ വാക്കുകളാണിത്.

∙ ഇനി സർക്കാര്‍ ഉദ്യോഗസ്ഥരിലേക്കും...

ഇന്തൊനീഷ്യയിലെ ക്ലാസ് മുറികളിലൊന്നിലെ കാഴ്ച (File Photo by ADEK BERRY / AFP)

ഈ പരിഷ്കാരത്തെപ്പറ്റി രാജ്യത്തെ ആരോഗ്യ മന്ത്രാലയം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഇവിടെയും വിഷയം. പുലർച്ചെ സ്കൂൾ ആരംഭിച്ചതിനെതിരെ നടപടിയെടുക്കാൻ ഇന്തോനീഷ്യൻ ഓംബുഡ്സ്മാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു എന്നാണ് ‘കോംപസ്’ എന്ന ഇന്തൊനീഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ വനിതാ– ശിശുക്ഷേമ വകുപ്പും ഇങ്ങനെയൊരു വിചിത്ര പരീക്ഷണവുമായെത്തിയ പ്രാദേശിക വകുപ്പിനെതിരെ തിരിഞ്ഞിട്ടുണ്ട്. പക്ഷേ കടുത്ത വിമർശനങ്ങൾക്കിടയിലും പരിഷ്കാരത്തിനു മാറ്റമൊന്നും വരുത്താതെ മുന്നോട്ടുപോകുകയാണ് ഈസ്റ്റ് നുസ തങ്കാര പ്രവിശ്യ ഭരണാധികാരികള്‍. ഇതിന്റെ ഭാഗമായുള്ള മറ്റു ജോലികൾ കൂടി അതിരാവിലെ ക്രമീകരിക്കാനുള്ള ഒരുക്കത്തിലുമാണ് അവരിപ്പോൾ. മാത്രവുമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയവും വൈകാതെ പുലർകാലത്തിലേക്കു മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ചിലയിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനങ്ങൾ രാവിലെ അഞ്ചരയ്ക്ക് പ്രവർത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

∙ പകലോ രാത്രിയോ!

പുലർച്ചെ ഉണർന്നു പഠിക്കുന്നതിന്റെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞു നാം കേട്ടിട്ടുണ്ട്. എന്നാൽ മനഃശാസ്ത്രപഠനപ്രകാരം  എല്ലാവർക്കും അതിരാവിലെയാണ് പഠനത്തിനുള്ള മികച്ച സമയം എന്നുറപ്പിച്ച് പറഞ്ഞിട്ടില്ല. ‘ഏർലി ബേഡ് അഥവാ ആദ്യമുണരുന്ന പക്ഷികൾ ഇരയെ കൊത്തിയെടുക്കുമായിരിക്കാം. എന്നാൽ ഇരയെ കാണാനുള്ള അത്രയെങ്കിലും വെളിച്ചവും പാതി ഉറക്കത്തിൽ അടഞ്ഞുപോകാത്ത കണ്ണുകളും അതിനു വേണമല്ലോ. അതിനാൽത്തന്നെ ഈ പദ്ധതി കുട്ടികൾക്കു നന്മയേക്കാളുപരി ദോഷകരമായിത്തീരുകയാണ്’– എന്നായിരുന്നു ഇന്തൊനീഷ്യൻ പരിഷ്കാരത്തെപ്പറ്റിയുള്ള ഒരു ട്വീറ്റ്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നിരീക്ഷണപ്രകാരം, കൗമാരക്കാരായ കുട്ടികളുടെ ക്ലാസുകൾ രാവിലെ എട്ടരയ്ക്കു ശേഷം ആരംഭിക്കുന്നതാകും അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉചിതമം. ‘ഡോൺ സ്കൂൾ ട്രയലി’ലൂടെ കടന്നുപോകുന്ന കുട്ടികളിൽ ക്രിയാത്മകമായ മാറ്റങ്ങളെന്തെങ്കിലും വരുമോ എന്നതും തെളിയിക്കപ്പെടേണ്ടിയിരി ക്കുന്നു. ഭരണാധികാരികളും ആ ‘ഫലം’ കാത്തിരിക്കുകയാണ്. അതിനിടെ, ഈ പരീക്ഷണത്തിന്റെ ഗിനിപ്പന്നികളാകുന്ന വിദ്യാർഥികളുടെ ആരോഗ്യത്തിലോ മാതാപിതാക്കളുടെ പരാതിയിലോ ഒന്നുമവർ ശ്രദ്ധ കൊടുക്കുന്നതു പോലുമില്ല.

 ∙ ഇന്തൊനീഷ്യയിൽനിന്ന് കേരളത്തിലേക്ക്...!

ഇന്ത്യൻ സമയത്തേക്കാൾ ഒന്നര മണിക്കൂർ മുന്നിലാണ് ഇന്തൊനീഷ്യയിലെ സമയം. ഇന്ത്യയിൽ രാവിലെ നാലു മണി ആകുമ്പോൾ ഇന്തൊനീഷ്യയിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർഥി സ്കൂളിൽ എത്തിയിട്ടുണ്ടാകും. ശരാശരി ഇന്ത്യൻ വിദ്യാർഥി ഉണർന്ന് സ്കൂളിലെത്തുന്ന സമയത്തിനുള്ളിൽ മൂന്നോ നാലോ ക്ലാസുകൾ കഴിഞ്ഞ് ഇരിക്കുകയായിരിക്കും അവർ– കണ്ണിൽ ഉറക്കവും മുഖത്ത് ക്ഷീണവും തളംകെട്ടിക്കിടപ്പുണ്ടാകുമെന്നു മാത്രം. കേരളത്തിലും സ്കൂളുകളിലെ പഠനസമയം മാറ്റുന്നതു സംബന്ധിച്ച നീക്കം ഏറെ ചർച്ചയായിരുന്നു. പഠനസമയം രാവിലെ എട്ടു മുതൽ ഒന്നു വരെയാക്കാൻ ശുപാർശ ചെയ്തത് വിവാദമായത് അടുത്തിടെയാണ്. സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച ഡോ. എം എ ഖാദർ കമ്മിറ്റി നൽകിയ അന്തിമ റിപ്പോർട്ടിലെ ശുപാർശകളാണ് വിവാദത്തിനു വഴിവെട്ടിയത്. 5 മുതൽ 12 വരെ ക്ലാസുകാർക്ക് ഉച്ചയ്ക്കു ശേഷം രണ്ടു മുതൽ നാലു വരെ അനുബന്ധ പഠന പ്രവർത്തനങ്ങൾക്കും കലാ കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം എന്നെല്ലാം ശുപാർശയിലുണ്ടായിരുന്നു. എന്നാൽ ഇതു മതപഠനത്തിന് തടസ്സമാകും എന്നതുൾപ്പെടെയുള്ള മറുവാദങ്ങളുമുണ്ടായി. അതോടെ പരിഷ്കരണ ചർച്ചകള്‍ പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു.

English Summary: What is Indonesia's Dawn School Trial? Why is this Pilot Project Controversial?