പാത്രം കഴുകിയും മീൻവിറ്റും ജോബിന്‍ അസി. പ്രഫസറായി

ജോബിന്‍ ജോസഫ്

ടിപ്പറിടിച്ചുള്ള അപകടത്തെ തുടര്‍ന്ന് കിടപ്പിലായി പോകുന്ന അമ്മ. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടു മാത്രം മുന്നോട്ടു പോകാനാകാതെ വഴിമുട്ടുന്ന കുടുംബം. പ്ലസ്ടുക്കാരനായ ഏതൊരു വിദ്യാര്‍ത്ഥിയെയും മാനസികമായി തകര്‍ത്തു കളയാന്‍ പാകത്തിനുള്ള പ്രതികൂല അന്തരീക്ഷം. പക്ഷേ, ജോബിന്‍ ജോസഫ് എന്ന നെടുങ്കണ്ടംകാരന്‍ ഈ തിരിച്ചടികളില്‍ തളര്‍ന്നില്ലെന്നു മാത്രമല്ല, കഷ്ടപ്പെട്ട് ജോലി ചെയ്ത് പഠനം തുടരാനുള്ള ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലില്‍ പാത്രം കഴുകലും മേശ തുടയ്ക്കലുമൊക്കെയാണ് ആദ്യം ലഭിച്ച പണി. ഹോട്ടല്‍ നിര്‍ത്തിയപ്പോള്‍ പാലായിലുള്ള മീന്‍കടയിലേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് ജോബിന്‍ ജീവിക്കാനും പഠിക്കാനും ചെയ്തത് 20ല്‍ പരം വ്യത്യസ്ത ജോലികള്‍. ഇതിനിടയില്‍ ബിരുദം, ബിരുദാനന്തരബിരുദം, ബിഎഡ് തുടങ്ങിയ കടമ്പകളെല്ലാം ഈ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടു മടക്കി. ഒടുവില്‍ മുല്ലക്കാനം സാൻജോ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായി ജോലി ആരംഭിക്കുമ്പോള്‍ യുവാക്കള്‍ക്കെല്ലാം പ്രചോദനമായ ഒരു ജീവിതത്തിന് ഉടമയാവുകയാണ് ജോബിന്‍.

മീന്‍ കടയില്‍ പണ്ട് ജോലി ചെയ്തിരുന്ന കാലത്തെ ചിത്രങ്ങള്‍ സഹിതം ജോബിന്‍ തന്റെ ജീവിതകഥ പങ്കുവച്ചപ്പോള്‍ സാമൂഹികമാധ്യമമായ ഫേസ്ബുക്ക് അത് ഏറ്റെടുത്ത് വൈറലാക്കി. പോസ്റ്റിട്ട് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിനു ഷെയറും പന്തീരായിരത്തില്‍പരം ലൈക്കുകളുമാണ് ജോബിന്റെ പ്രചോദനാത്മകമായ ജീവിതകഥയ്ക്ക് ലഭിച്ചത്. ജോബിനെ അഭിനന്ദിക്കാന്‍ അമേരിക്ക, ഇംഗ്ലണ്ട്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നു വരെ മലയാളികളുടെ വിളികളെത്തി.

മീന്‍കടയിലെ ജോലിക്കിടെ കുറച്ചു കൂടി ഭേദമായ കണക്കപ്പിള്ളയുടെ സ്ഥിരം ജോലി കടയുടമ വച്ചുനീട്ടിയെങ്കിലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹം മൂലം അത് വേണ്ടെന്നു വച്ചു. ലോട്ടറി സ്ഥാപനം, ചിപ്‌സ് കമ്പനി, കൂലിവേല, ഏലക്കുഴി കുത്തല്‍, വാഴ വെക്കല്‍, കൊടിയിടല്‍, മുളകുപറിക്കല്‍, വര്‍ക്‌ഷോപ്പ് പണി, മെയ്ക്കാഡ് പണി എന്നിങ്ങനെ ജോബിന്‍ കൈവയ്ക്കാത്ത തൊഴില്‍മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ജോബിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ നിരവധി പേര്‍ ഈ യാത്രയില്‍ ജോബിന് പ്രോത്സാഹനവുമായെത്തി. കഷ്ടപ്പെട്ടു പഠിക്കുന്നവരെ ഒത്തിരി ഇഷ്ടമാണെന്നെഴുതി പോസ്റ്റ് അവസാനിപ്പിച്ച ജോബിനെ തേടി ഫ്രണ്ട് റിക്വസ്റ്റുകളുടെ ബഹളമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍. എന്തിനും ഏതിനും ന്യൂജെനറേഷനെ പഴി പറയുന്നവരുടെ മുന്നില്‍ സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുകയാണ് ഈ അധ്യാപകന്‍.

അധ്യാപകനാകണമെന്ന ലക്ഷ്യത്തിന് മധുരസാക്ഷാത്ക്കാരം ലഭിച്ച ശേഷവും ജോബിന്റെ ജീവിത ലക്ഷ്യങ്ങള്‍ അവസാനിക്കുന്നില്ല. തന്നെ പോലെ കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈസഹായമാകുന്ന തരത്തില്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങണമെന്ന ലക്ഷ്യം ഈ ചെറുപ്പക്കാരന്‍ പങ്കുവയ്ക്കുന്നു. മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ വിപിന്‍ സഹോദരനാണ്.