ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ച മനുഷ്യൻ

അമാനുഷിക ശക്തിയുള്ള വ്യക്തി ആയിരുന്നില്ല റഷ്യക്കാരനായ സ്റ്റാനിസ്ലാവ് പെട്രോവ്. എന്നാൽ അദ്ദേഹം എടുത്ത ഒരു നിർണായക തീരുമാനം ലോകത്തെ വലിയ ദുരന്തത്തിൽ നിന്നു രക്ഷപെടുത്തി. സ്റ്റാനിസ്ലാവ് പെട്രോവിന്റെ മരണ വാർത്ത ലോക മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ‘ലോകത്തെ രക്ഷിച്ച മനുഷ്യൻ വിടവാങ്ങി’ എന്ന തലക്കെട്ടോടെ ആയിരുന്നു. അത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു പെട്രോവ് എടുത്ത തീരുമാനം.

അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിൽ ശീതയുദ്ധം കൊടുമ്പിരികൊണ്ട കാലം. ഏതു നിമിഷവും പരസ്പരം ആക്രമിക്കാവുന്ന സാഹചര്യങ്ങൾ. അമേരിക്കയുടെ ആക്രമണങ്ങളെ മുൻകൂട്ടി അറിയാനുള്ള കംപ്യൂട്ടർ സംവിധാനങ്ങളുടെ ചുമതലയുള്ള ഓഫിസറായിരുന്നു പെട്രോവ്. സംശയകരമായ എന്തെങ്കിലും സാഹചര്യമുണ്ടായാൽ ഉന്നത പട്ടാള ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. സോവിയറ്റ് യൂണിയന്റെ ഉപഗ്രഹങ്ങളിൽ നിന്ന് എത്തുന്ന സന്ദേശങ്ങൾ മോണിട്ടറിലൂടെ കണ്ട് അപഗ്രഥിച്ചാണ് അവർ അപകട മുന്നറിയിപ്പുകൾ നൽകിയിരുന്നത്.

1983 സെപ്റ്റംബർ 26ന് മോസ്കോ ലക്ഷ്യമാക്കി ഒരു മിസൈൽ കുതിക്കുന്നതിന്റെ ചിത്രം മോണിട്ടറിൽ തെളിഞ്ഞു. ഏതാനും മിനിറ്റുകൾക്ക് ശേഷം നാല് മിസൈലുകളും അതേ ദിശയിൽ സഞ്ചരിക്കുന്നതായി പെട്രോവ് ശ്രദ്ധിച്ചു. റഷ്യയെ ആക്രമിക്കാനായി അമേരിക്ക വിക്ഷേപിച്ച മിസൈലുകളാവാം എന്ന് ഏവരും അനുമാനിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കയിലേക്കു പറന്ന ഒരു യാത്രാവിമാനം റഷ്യ വെടിവച്ചുവീഴ്ത്തിയത്. അതിനുള്ള മറുപടിയായി അമേരിക്ക റഷ്യയെ ആക്രമിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുമുണ്ട്. മിസൈൽ വരുന്നു എന്ന വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്താൽ സെക്കൻഡുകൾക്കുള്ളിൽ ആണവായുധ മിസൈലുകൾ അമേരിക്കയിലേക്ക് പായും.

എന്ത് ചെയ്യണം എന്ന വിഷമഘട്ടത്തിൽ പെട്രോവിന്റെ യുക്തിചിന്ത പ്രവർത്തിച്ചു. അമേരിക്ക കേവലം നാലോ അഞ്ചോ മിസൈലുകൾ തൊടുത്ത് റഷ്യയെ ആക്രമിക്കില്ല. അഥവാ ആക്രമിച്ചാൽ തന്നെ നൂറുകണക്കിന് മിസൈലുകളുടെ പ്രവാഹം ഉണ്ടായേനെ. സഹപ്രവർത്തകരൊക്കെയും  ഉന്നതാധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള അഭിപ്രായത്തിൽ എത്തിയെങ്കിലും പെട്രോവ് ആ തീരുമാനം വേണ്ടെന്നു വച്ചു. ആ സുപ്രധാന തീരുമാനം ലോകത്തെ ഒരു മഹായുദ്ധത്തിൽ നിന്നു രക്ഷിച്ചു. പിന്നീടാണു മനസ്സിലായത് മിസൈലെന്ന നിലയിൽ മോണിട്ടറിൽ കണ്ട ചിത്രങ്ങൾ മേഘപാളികളിൽ തട്ടിയ സൂര്യ രശ്മികളുടെ പ്രതിബിംബം ആയിരുന്നെന്ന്.

1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കേണൽ ജനറലായിരുന്ന യൂറി വോട്ടിൻസേവാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ഒരു തീരുമാനത്തിലൂടെ ലോകത്തെ രക്ഷിച്ച സ്റ്റാനിസ്ലാവ് പെട്രോവ് പിന്നീട് ഒരു ഹീറോ ആയി മാറി. ഈ സംഭവത്തെ ആധാരമാക്കി 2014ൽ പുറത്തിറങ്ങിയ 'The Man Who Saved the World' എന്ന ഡോക്യുമെന്ററി നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി. ഓരോ തീരുമാനങ്ങളും നിർണായകമാണ്. ചില സന്ദർഭങ്ങളിൽ യുക്തിപൂർവം കൈക്കൊള്ളുന്ന തീരുമാനങ്ങൾ ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായകമാകുന്നു. പെട്രോവിന് അഭിനന്ദനങ്ങൾക്ക് പകരം ഉന്നത ഉദ്യോഗസ്ഥരുടെ ശകാരങ്ങളായിരുന്നു അന്ന് ലഭിച്ചത്. പെട്രോവിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചർച്ചകൾ ഇന്നും നടക്കുന്നുണ്ടെങ്കിലും അന്നെടുത്ത ആ തീരുമാനം വൻ വിപത്തിൽ നിന്നു ലോകത്തെ രക്ഷിച്ചു. 

Be Positive>>