ഇന്റർവ്യൂ ആണോ, വേഷം പ്രധാനം

പുറംമോടി നോക്കിയല്ല പുസ്തകത്തെ അളക്കേണ്ടത്. എന്നാൽ ഒരു ഇന്റർവ്യൂവിനു പോകുമ്പോൾ പുറംമോടിയിലും കാര്യമുണ്ട്. ശരിയായ വസ്ത്രധാരണം ആത്മവിശ്വാസം വർധിപ്പിക്കും.

ജോലിക്കായുള്ള അഭിമുഖത്തിൽ സംഭവിക്കുന്നത് എന്താണ്? പരമാവധി ഒരു മണിക്കൂർ– ജോലിക്ക് അർഹനെന്നു തെളിയിക്കാൻ ലഭിക്കുന്ന സമയം കഷ്ടിച്ച് അത്ര മാത്രം. അതിനിടയ്ക്കു വേണം പഠിച്ചതെല്ലാം പകരാൻ, അറിയുമെന്ന് അറിയിക്കാൻ.

എന്നാൽ ആദ്യമേ തന്നെ നാം അളക്കപ്പെട്ടിട്ടുണ്ടാകും; കൃത്യമായി പറഞ്ഞാൽ കൂടിക്കാഴ്ച തുടങ്ങി 30 സെക്കൻഡിനുള്ളിൽ. കാരണമോ, നമ്മുടെ വസ്ത്രധാരണവും. സ്വാഭാവികമായും പുറംചട്ട മാത്രംവച്ച് പുസ്തകം അളക്കുന്നു (കുറച്ചു സമയത്തേക്കെങ്കിലും).

കൂടിക്കാഴ്ചയെ ഗൗരവത്തോടെ കാണുന്നു എന്നറിയിക്കാനുള്ള ഏറ്റവും എളുപ്പമുള്ള സിഗ്നലാണു നല്ല വസ്ത്രധാരണം. ഇന്റർവ്യൂവിന് എന്തു ധരിക്കണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ– ധരിക്കുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കാത്തത്. പക്വതയും ആത്മവിശ്വാസവും പ്രസരിക്കുന്ന ലളിത വേഷങ്ങൾ തിരഞ്ഞെടുക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

∙സന്ദർഭത്തിനിണങ്ങണം, വെളുക്കാൻ തേച്ച് പാണ്ടാക്കരുത്.
∙മുടി ചീകിയൊതുക്കുക, സാധാരണ പോലെ.
∙ആഭരണങ്ങൾ കഴിവതും ഒഴിവാക്കുക
∙കടുത്ത മണമുള്ള പെർഫ്യൂമുകളും വേണ്ട.
∙കാലാവസ്ഥയ്ക്ക് ഇണങ്ങണം, കത്തുന്ന വെയിലിൽ സ്യൂട്ടിട്ട് പോകേണ്ട.