പായ് വഞ്ചിയിൽ ലോകം ചുറ്റിയവർ; വെല്ലുവിളികൾക്കിടയിലെ ചില കുസൃതികൾ!

പായ് വഞ്ചിയിൽ ലോകം ചുറ്റിയ ഏഷ്യയിലെ ആദ്യ വനിതാ സംഘം– ഇന്ത്യൻ നാവിക സേനയിലെ ആറു വനിതാ ഒാഫിസർമാർ. വെല്ലുവിളികൾക്കിടയിൽ അവർ ഒപ്പിച്ച കുസൃതികൾ!

കടലിൽ വച്ചു കേക്കുണ്ടാക്കിയെന്നോ? ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവരാണു ഞങ്ങളെന്ന മുഖഭാവത്തിൽ സംഘാംഗമായ ലഫ്. ഐശ്വര്യ ബൊദ്ദപതി ആ ചോദ്യത്തെ നോക്കി ചിരിച്ചു! 254 ദിവസം കൊണ്ടു ലോകം ചുറ്റിയെത്തിയ ചരിത്ര യാത്രയിൽ അവർ നേരിട്ട വെല്ലുവിളികൾക്കു കണക്കില്ല. ഭീമൻ തിരമാലകളെയും കൊടുങ്കാറ്റിനെയും അതിജീവിച്ചു കഴിഞ്ഞ മേയ് 21നു ഗോവൻ തീരത്ത് യാത്ര പൂർത്തിയാക്കിയ സംഘം അധികമാരോടും പറയാതെ ബാക്കിവച്ച ചില രഹസ്യങ്ങളുണ്ട് – വെല്ലുവിളികൾക്കിടയിൽ അവർ ഒപ്പിച്ച കുസൃതികൾ! ആ കുസൃതിച്ചെപ്പു തുറക്കാൻ കടൽ യാത്രയിലെ മധുര സ്മരണകളിലേക്ക് ഐശ്വര്യ മുങ്ങാംകുഴിയിട്ടു.

കേക്ക് ഇല്ലാതെ എന്ത് പിറന്നാൾ!
യാത്രയ്ക്കിെടയായിരുന്നു സംഘത്തിലൊരാളുടെ പിറന്നാൾ. കേക്ക് മുറിക്കാതെ പിറന്നാൾ ആഘോഷിക്കുന്നതെങ്ങനെ? ചുറ്റും കടലാണ്; കേക്ക് വാങ്ങാൻ ഒരു കട പോലുമില്ല! പക്ഷേ, അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ പറ്റുമോ? സ്വന്തമായി കേക്ക് ഉണ്ടാക്കാൻ തീരുമാനിച്ചു. പായ്‌വഞ്ചിയിലെ പാചകപ്പുരയിൽ ബെയ്ക് ചെയ്തെടുത്ത കേക്കുമായി ഞങ്ങൾ പിറന്നാളുകാരിയുടെ ചുറ്റും നിന്നു. കേക്കിനു മുകളിൽ വച്ച മെഴുകുതിരികൾ കടൽക്കാറ്റ് ഊതിക്കെടുത്തി. അവൾ കേക്ക് മുറിച്ചപ്പോൾ തിരമാലകൾക്കൊപ്പം ചുവട് വച്ച് ഞങ്ങൾ പാടി; ഹാപ്പി ബർത്ത്ഡേ ടു യൂ...!

ഹലോ, ഇത് മോദിയാണ് !
ഞങ്ങളുടെ പക്കലുള്ള സാറ്റലൈറ്റ് ഫോണിലേക്കു ദീപാവലി ദിനത്തിൽ ഒരു വിളിയെത്തി. ‘ഹലോ, ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സംസാരിക്കുന്നത്’. ഞങ്ങൾ ശരിക്കും ഞെട്ടി. പിന്നെ, ഫോണിനു ചുറ്റും കൂടി നിന്ന് അദ്ദേഹത്തോടു സംസാരിച്ചു. ദീപാവലി ആശംസ നേരാൻ വിളിച്ചതായിരുന്നു അദ്ദേഹം. നടുക്കടലിൽ നിന്ന് ഞങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയോടു പറഞ്ഞു; സർ, ഹാപ്പി ദീപാവലി! അന്നു രാത്രി ഗോതമ്പ് ആട്ട കൊണ്ട് ഞങ്ങൾ ചിരാതുകളുണ്ടാക്കി. തുണി കൊണ്ടുണ്ടാക്കിയ തിരികൾ അതിൽ കത്തിച്ചുവച്ചു. രാത്രിയുടെ ഇരുട്ടിൽ പായ്‌വഞ്ചിക്കു ചുറ്റും ദീപങ്ങൾ മിഴി തുറന്നു. 

നടുക്കടലിലെ സാന്താ ക്ലോസ്
കടലിൽ തന്നെയായിരുന്നു ക്രിസ്മസ് ആഘോഷവും. ഞങ്ങളിൽ ഒരാൾ സാന്താ ക്ലോസ് ആയി വേഷമിട്ടു. എല്ലാവർക്കും സമ്മാനങ്ങൾ നൽകി അവൾ ഞങ്ങൾക്കു നടുവിൽ നിന്ന് ഉറക്കെ പാടി; ജിംഗിൾ ബെൽസ്. സാന്തായ്ക്കൊപ്പം തുള്ളിച്ചാടിയ ഞങ്ങൾ ആകാശത്തേക്കു നോക്കി ആർത്തുവിളിച്ചു; ഹാപ്പി ക്രിസ്മസ്.!

ചരിത്ര യാത്രയുടെ ഭാഗമായ  ഒാഫിസർമാർ ഇവർ
ലഫ്. കമാൻഡർ വർത്തിക ജോഷി( സംഘത്തിന്റെ നേതാവ്, ഋഷികേശ് സ്വദേശി), ലഫ്. കമാൻഡർ പ്രതിഭ ജാംവൽ (ഹിമാചൽ), ലഫ്. കമാൻഡർ പി. സ്വാതി (വിശാഖപട്ടണം), ലഫ്. ഐശ്വര്യ ബൊദ്ദപതി (ഹൈദരാബാദ്), ലഫ്. എസ്. വിജയാദേവി (മണിപ്പുർ), ലഫ്. പായൽ ഗുപ്ത (ഡെറാഡൂൺ)

യാത്ര ഇങ്ങനെ
ഐഎൻഎസ്‍വി തരിണി എന്ന പായ്‌വഞ്ചിയിൽ 2017 സെപ്റ്റംബർ പത്തിനു ഗോവൻ തീരത്ത് നിന്ന് യാത്ര ആരംഭിച്ചു. കേപ് ഒാഫ് ഗുഡ് ഹോപ്, കേപ് ഒാഫ് ല്യൂവിൻ, കേപ് ഹോൺ എന്നീ മുനമ്പുകൾ കടന്ന് കഴിഞ്ഞ മേയ് 21നു ഗോവയിൽ തിരികെയെത്തി. 199 ദിവസം കടലിൽ യാത്ര ചെയ്ത സംഘം, പായ്‌വഞ്ചിയുടെ അറ്റകുറ്റ പണിക്കും ഭക്ഷണ സാമഗ്രികൾ വാങ്ങുന്നതിനും മറ്റുമായി ഒാസ്ട്രേലിയ, മൊറീഷ്യസ് ഉൾപ്പെടെ നാലിടങ്ങളിൽ ഇറങ്ങി. ആകെ 254 ദിവസത്തെ യാത്ര. മടങ്ങിയെത്തിയതിനു പിന്നാലെ നാരീശക്തി പുരസ്കാരം നൽകി കേന്ദ്ര സർക്കാർ സംഘത്തെ ആദരിച്ചു.

Job Tips >>