ഈ യുവ കലക്ടർമാര്‍ ചോദിക്കുന്നു, ആരെയാണ് ഭയക്കേണ്ടത്?

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രണ്ടു പുലിക്കുട്ടികളാണ് മുന്നിൽ. പലരുടെയും മനസ്സിൽ പതുങ്ങിയിരിക്കുന്ന ഒരുപാടു മുൻധാരണകളെ കുടഞ്ഞെറിഞ്ഞ രണ്ടുപേർ. ആണിനു മാത്രമേ മുന്നിൽ നിന്നു നയിക്കാനാവൂ എന്ന തോന്നലിനെ, അധികാരം കാണിച്ചൊന്നു വിരട്ടിയാൽ ‘പെണ്ണല്ലേ’ മാളത്തിലേക്ക് മടങ്ങിപ്പോകും എന്ന പരിഹാസത്തെയൊക്കെ എരിയിച്ചു കളഞ്ഞവർ. അഴിമതി, ഇനി മതിയെന്ന് പറഞ്ഞ് ചിലരെ വരച്ച വരയിൽ നിർത്തിയപ്പോഴൊക്കെയും ഈ രണ്ടു പേരുകൾ മലയാളിയുടെ മനസ്സിൽ പതിഞ്ഞു. തിരുവനന്തപുരം  ജില്ലാ കലക്ടർ ഡോ. വാസുകി െഎഎഎസ്. തൃശ്ശൂർ കലക്ടർ അനുപമ െഎഎഎസ്. എടുത്ത തീരുമാനത്തില്‍ ഉറച്ചു നിൽക്കുന്നതിൽ മാത്രമല്ല, സിവിൽ സർവീസിലേക്കുള്ള വഴിയിലും കുടുംബ ജീവിതം തിരഞ്ഞെടുത്തതിൽ പോലുമുണ്ട് സമാനതകൾ.  

ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് മെഡിസിൻ പഠനത്തിനു ശേഷം സിവിൽ സർവീസിലേക്കെത്തിയ ഡോ. വാസുകി. മലപ്പുറത്തെ മാറഞ്ചേരിയെന്ന ഗ്രാമത്തിൽ നിന്ന് പ്രശസ്തമായ ബിറ്റ്സ്പിലാനി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  ഗോവ ക്യാംപസില്‍ എൻജിനീയറിങ് പൂർത്തിയാക്കിയ അനുപമ. രണ്ടുപേരുടെയും മുന്നിൽ സാധ്യതകളുടെ വലിയ ലോകം തന്നെയുണ്ടായിരുന്നു. പഠിച്ചിറങ്ങിയപ്പോൾ തന്നെ വലിയ ശമ്പളമുള്ള ജോലി ഒരു മൗസ് ക്ലിക്കിനപ്പുറം കാത്തു നിന്നു. പക്ഷേ, അപ്പോഴും മനസ്സില്‍ ആ മൂന്നക്ഷരം അങ്ങനെ തിളങ്ങിക്കൊണ്ടേയിരുന്നു. 

സ്വപ്നങ്ങളിൽ െഎഎഎസ് എങ്ങനെയാണ് കടന്നുവന്നത്?  

അനുപമ: സ്വപ്നത്തിന്റെ പിന്തുടർച്ചയായിരുന്നു എനിക്ക് െഎഎഎസ്. അച്ഛനും അമ്മാവനും സിവിൽ സർവീസ് പ്രിലിമിനറി എഴുതിയിരുന്നു. പക്ഷേ, പല  കാരണങ്ങൾ കൊണ്ട് കൂടുതൽ കാലം അവർക്ക് ആ സ്വപ്നത്തിനു വേണ്ടി ശ്രമിക്കാനായില്ല. അവരുടെ ആഗ്രഹത്തെ  എന്റെ മനസ്സിലേക്ക് ‘പാസ്’ ചെയ്യുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ കേട്ടും കണ്ടും വളർന്നത് സിവിൽ സർവീസിനെക്കുറിച്ചായിരുന്നു. അച്ഛനും അമ്മാവനും അതിനു വേണ്ടി എന്നെ ഒരുക്കിക്കൊണ്ടിരുന്നു. അച്ഛന്റെ മരണ ശേഷവും മത്സര പരീക്ഷകൾക്ക് സഹായിക്കുന്ന   പുസ്തകങ്ങൾ അമ്മാവൻ വാങ്ങി തന്നു. പിന്നീട് ഗോവ ബിറ്റ്സ് പിലാനിയിൽ എത്തി. പഠനം കഴിയും മുമ്പേ  ക്യാംപസ് സെലക്‌ഷൻ വഴി രണ്ടു ജോലി കിട്ടി. നല്ല ശമ്പളം. മികച്ച ഒാഫറുകൾ.  സ്വീകരിക്കണോ അതോ െഎഎഎസ്സിനു  ശ്രമിക്കണോ എന്ന സംശയം എനിക്കുണ്ടായിരുന്നു. കിട്ടുമെന്നുറപ്പില്ലല്ലോ. അമ്മയ്ക്ക്  ഗുരുവായൂർ ദേവസ്വത്തിലായിരുന്നു ജോലി. അച്ഛന്റെ മരണശേഷം  എന്നെയും അനുജത്തിയേയും ഒന്നുമറിയിക്കാതെ അമ്മ വളർത്തി. വീട്ടിലെ സാഹചര്യം ഇങ്ങനെയായിട്ടും  അമ്മ പറഞ്ഞു: ആ ജോലിക്കു പോകണ്ട, സിവിൽ സർവീസിനു തന്നെ ശ്രമിക്ക്. എന്നെക്കാൾ ആത്മവിശ്വാസം അമ്മയ്ക്കായിരുന്നു.

വാസുകി: ആളുകൾക്ക് സേവനം ചെയ്യുക എന്ന ആഗ്രഹത്തോടെയാണ് മെഡിസിൻ തിരഞ്ഞെടുത്തത്. ഡോക്ടറായാൽ സേവനം ചെയ്യാമെന്ന ചിന്തയാണ് ഉണ്ടായിരുന്നത്.    ചെന്നൈയിലെ സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്തപ്പോൾ സമൂഹത്തിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഡോക്ടറായാൽ മാത്രം പോെരന്നു മനസ്സിലായി. യഥാർഥ്യത്തിലേക്കുള്ള വാതിലായിരുന്നു ഗവൺമെന്റ് മെഡിക്കൽ കോളജ് ജീവിതം. പീഡിയാട്രിക് വാർഡിൽ ചെല്ലുമ്പോൾ പോഷകക്കുറവുള്ള ഒരുപാട് കുട്ടികളെ കാണാൻ കഴിയും. കുട്ടിക്കെന്താണ് ഭക്ഷണം കൊടുക്കാത്തതെന്ന്  ചോദിക്കുമ്പോഴേ അവർ കരഞ്ഞുകൊണ്ട് ജീവിതം പറയാൻ തുടങ്ങും. പലരുടെയും ഭർത്താക്കന്മാർ മദ്യപാനികളായിരിക്കും. കുഞ്ഞിനെ വീട്ടിലിട്ട് രാപ്പകലില്ലാതെ ജോലി ചെയ്താകും അവർ കുടുംബം നോക്കുന്നത്, അപ്പോഴാണ് പട്ടിണിയും ദാരിദ്ര്യവും മദ്യപാനം പോലുള്ള പ്രശ്നങ്ങളും എങ്ങനെയാണ് മനുഷ്യരെ ബാധിക്കുന്നതെന്ന് മനസ്സിലാകുന്നത്.

എങ്കിൽ ഏതെങ്കിലും എൻജിഒയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാലോ എന്നാലോചിച്ചു. പിന്നെയാണ്  ഐഎഎസ് ഓഫിസറായാൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. വാസുകി എന്ന മെഡിക്കൽ വിദ്യാർഥിനിക്ക് ആ കാലത്ത് കൂട്ടുകാരിട്ട ഇരട്ടപ്പേരായിരുന്നു വാംപയർ. മലയാളത്തിൽ രക്തദാഹി  എന്നൊക്കെ പറയാമെങ്കിലും ഭയക്കേണ്ട. രക്തദാനത്തിനായി മുന്നിട്ടിറങ്ങിയപ്പോൾ കിട്ടിയ പേരാണ്. മെഡിക്കല്‍ കോളജിൽ രക്തത്തിനാവശ്യവുമായെത്തുന്നവർ പാഞ്ഞെത്തുന്നത് വാസുകിയുടെ മുന്നിലേക്കായിരുന്നു. കണ്ണീരോടെ നിൽക്കുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ക്ലാസുകളിൽ നിന്നും സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ടും രക്തം സംഘടിപ്പിച്ചു നൽകും. അങ്ങനെ ജീവന്‍ തിരിച്ചു കിട്ടിയ എത്രയോപേർ.  പഠനകാലത്ത്  കേട്ട കഥകളിലെ വാസുകിയുടെ മറ്റൊരു മുഖത്തെക്കുറിച്ച് അനുപമ ചോദിച്ചു.

‘‘ഇതു മാത്രമല്ല, പഠനകാലത്ത് ആർക്കൊക്കെയോ നല്ല ഇടി കൊടുത്തിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്? ’’ അനുപമയുടെ ചോദ്യത്തിന് വാസുകിയുടെ ഉത്തരം പൊട്ടിച്ചിരിയായിരുന്നു. ചിരിക്കൊടുവിൽ  ഉത്തരം വന്നു.

ഒരുപാട് പേരെ ഇടിച്ചിട്ടുണ്ട്. ആ കാലത്ത് ചെന്നൈയിൽ പെൺകുട്ടികൾക്ക് മുട്ടലും തട്ടലും തോണ്ടലുമൊക്കെ സഹിക്കാതെ സഞ്ചരിക്കാനാകില്ലായിരുന്നു. പൊതു നിരത്തിലും ബസ്സിലും ട്രെയിനിലും എല്ലാം കൈകൾ നീണ്ടുവരും. എന്നെ ആരു തൊട്ടാലും അവൻ അടി മേടിച്ചിരിക്കും, അതു ഞാൻ ഉറപ്പു വരുത്തിയിരുന്നു. ‘ഇങ്ങനെ ചെയ്യുന്നത് നാണക്കേടല്ലേ’ എന്നു ചില പെൺകുട്ടികൾ പോലും ചോദിച്ചിരുന്നു. ‘ഉപദ്രവിക്കുന്ന ആളുകളല്ലേ അവിടെ നാണംകെടുന്നത് നമ്മളല്ലല്ലോ. അവൻ മേലിൽ ഒരു സ്ത്രീയുടെയും ശരീരത്തി ൽ കൈ വയ്ക്കാത്ത രീതിയിൽ വേണം അടിക്കാനെ’ന്ന് ഞാൻ മറുപടി കൊടുക്കും. പെൺകുട്ടികളുടെ അത്തരം ചിന്താഗതിയാണ് മാറേണ്ടത്.   

ഒരിക്കൽ  ഞങ്ങൾ, കുറച്ചു പെൺകുട്ടികൾ സിനിമ കാണാൻ പോയി. തിയറ്ററിനകത്തേക്ക് വാതിൽ തുറന്നു  കയറിയതും ഒരുത്തൻ എന്നോട് മോശമായി പെരുമാറി, കൊടുത്തു കരണത്ത് ഒരെണ്ണം. ഒരു പെണ്ണ് അടിക്കുമെന്ന പ്രതീക്ഷയില്ലാതിരുന്നതുകൊണ്ട് അയാൾ അതേ പോസിൽ കുറച്ച് നേരമങ്ങനെ നിന്നുപോയി. നല്ല ആംഗിളുമായിരുന്നു. അതുകൊണ്ട് കൃത്യമായി അഞ്ചാറുവട്ടം അടിക്കാൻ പറ്റി. ആദ്യത്തെ രണ്ടടി മാത്രമേ നമ്മൾ കൊടുക്കേണ്ട കാര്യമുള്ളൂ, ബാക്കി അടി നാട്ടുകാര് കൊടുത്തോളും. എനിക്കുറപ്പാണ്,  ആ സംഭവത്തിന് ശേഷം അവനാരോടും മോശമായി പെരുമാറിയിട്ടുണ്ടാകില്ല.

സ്ത്രീകൾ തലപ്പത്തു വരുമ്പോൾ ഡിസിഷൻ മേക്കിങ് പ്രയാസമാണ് എന്നൊക്കെയുള്ള മുൻധാരണകൾ എങ്ങനെ മാറ്റി?

അനുപമ: ക‍ൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകൾ പരാജയപ്പെടുമെന്നു കരുതുന്നവർക്ക്  മറുപടി നൽകിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിവിനെ മറ്റുള്ളവർ സംശയിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോൾ വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് ഉത്തരം നൽകേണ്ടത്.  കരിയറിന്റെ തുടക്കകാലങ്ങളിലാണ് അത്തരം സംശയങ്ങളൊക്കെ പലർക്കും ഉണ്ടായത്. പിന്നീടത് മാറി.

പലപ്പോഴും സ്ത്രീകളുടെ പങ്കാളിത്തം കുറവായതു കൊണ്ടാകാം  ഇത്തരം തെറ്റിധാരണകൾ ഉണ്ടാകുന്നത്. കാലം അത് മാറ്റിയെടുക്കുമെന്നുറപ്പാണ്. സ്ത്രീ ആയതുകൊണ്ട് ര ണ്ടാംനിരയിലേക്ക്  മാറി നിൽക്കേണ്ട സാഹചര്യം എനിക്കുണ്ടായിട്ടില്ല. അതിനു ഞാൻ തയാറായിട്ടുമില്ല. ഈ ജോലിയിൽ വന്ന ശേഷം ഒരുപാട് സ്ത്രീകളുടെ ദുരനുഭവങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

വാസുകി: സ്ത്രീകളാണ് കൂടുതൽ മികച്ച ഡിസിഷൻ മേക്കേഴ്സ് എന്നത് ലോകത്തു പലയിടത്തും നടന്ന സർവേകളിൽ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ഈ കാലത്തിൽ പോലും നമ്മുടെ   സമൂഹത്തിൽ സ്ത്രീകളോട് മുൻധാരണകളോടെ പെരുമാറുന്നവരുണ്ട്.  പല സീനിയേഴ്സും സഹപ്രവർത്തകരും ആ ധാരണകളിൽ കുടുങ്ങി കിടപ്പുണ്ട്. യഥാർഥത്തിൽ നമ്മുടെ സമൂഹം സ്ത്രീകളോടു പെരുമാറുന്നത് എങ്ങനെയാണ്?

അനുപമ: ഇപ്പോഴും ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളെ മറ്റൊരു വീട്ടിലേക്ക് അയയ്ക്കേണ്ടതാണെന്ന ചിന്തയാണ്. ഉപരിപഠനം തിരഞ്ഞെടുക്കുമ്പോൾ  പോലും എന്തിനാണ് ആ കോഴ്‍സ് ചെയ്യുന്നത്. അതിനിടയിൽ കല്യാണം കഴിച്ചു പോകേണ്ടേ എന്നു ചിന്തിക്കുന്നവരുണ്ട്. പെൺകുട്ടിയെ പഠിപ്പിച്ചാൽ ‘ബെനിഫിറ്റ് ഇല്ല’ എന്നു കരുതുന്നത് എത്ര വലിയ അനീതിയാണ്.  ഒരാൺകുട്ടിക്കു കിട്ടുന്ന എല്ല അവസരവും അതു പോലെ തന്നെ പെൺകുട്ടിക്കും കിട്ടണം.

വാസുകി: മകൾ സയൂരിക്ക് അവൾ രണ്ടാം നിരയിലാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാകരുതെന്നത് ഞങ്ങൾക്ക് വാശി   യാണ്. ആ രീതിയിലാണ്   വളർത്തുന്നത്. എന്നിട്ടും  ആ   അഞ്ച് വയസ്സുകാരി ചോദിച്ചിട്ടുണ്ട്, ‘കല്യാണം കഴിച്ചാൽ ഞാൻ നിങ്ങളെ വിട്ടു പോണോ? എനിക്കതിനു പറ്റില്ല, അതുകൊണ്ട് അനുജൻ സമരനെ കല്യാണം കഴിക്കാമോ? എന്ന്..  ’ പെൺകുട്ടി എന്നാൽ വീട്ടിൽ നിന്നറങ്ങി പോകേണ്ടവളാണെന്ന ചിന്ത കുട്ടിയായിരിക്കുമ്പോഴേ അവളുടെ മനസ്സിൽ ക യറി. ഒരിക്കലും ഞങ്ങൾ അത്തരത്തിൽ സംസാരിച്ചിട്ടേ  ഇല്ല. അഞ്ചുവയസ്സിലേ ആൺ പെൺ വ്യത്യാസത്തെക്കുറിച്ച് സമൂഹത്തിൽ നിന്ന് അറിയുന്നുണ്ട്. അത് അപകടമല്ലേ? ഒരു മകനും മകളുമുള്ള കുടുംബത്തിൽ മകളെ ചായയിടാൻ പഠിപ്പിക്കുമ്പോൾ മകനെ പഠിപ്പിക്കുന്നത് കടയിൽ പോകാനും കാർ ഓടിക്കാനുമാണ്. വലിയ ഫീസ് കൊടുത്തു പഠിപ്പിക്കുന്നതും മകനേയാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലുടനീളം അവൻ വിചാരിക്കും; അവനാണ് സുപ്പീരിയർ.  മാറ്റം വ രേണ്ടത് വീടുകളിൽ നിന്നു തന്നെയാണ്.

Read More>>