കൊല്ലപ്പെട്ട യുവതിയുടെ മകനെ ഏറ്റെടുത്ത് അസിസ്റ്റന്റ് കമ്മിഷണർ

അസിസ്റ്റന്റ് കമ്മിഷണർ ബാലമുരുകൻ മക്കൾക്കും കാർത്തിക്കിനുമൊപ്പം(ഇടത്)

മുന്നിൽ വിറയലോടെ പതിനഞ്ചുകാരൻ കാർത്തിക്. അമ്മയെ അയൽക്കാരൻ കുത്തിക്കൊലപ്പെടുത്തിയെന്ന് അവനോടെങ്ങനെ പറയുമെന്ന് ചെന്നൈ അയനാവരം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണർ ബാലമുരുകൻ പതറി. ഒടുവിൽ അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവാർത്ത എങ്ങനെയോ പറഞ്ഞൊപ്പിച്ചു. പിന്നെ ചോദിച്ചു, ആരുണ്ട് വേറെ? അച്ഛൻ നേരത്തെ മരിച്ചു. ഇനി എനിക്ക് ആരുമില്ല, ആരുമില്ല... അവൻ കരഞ്ഞു, ബാലമുരുകനും.  

ദിവസങ്ങൾക്കിപ്പുറം അതേ ചോദ്യം കാർത്തിക്കിനോടു ചോദിച്ചു നോക്കൂ, ‘എനിക്കു ബാലമുരുകൻ സാർ അച്ഛനായുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ കലാറാണി അമ്മയായും. രണ്ടു സഹോദരങ്ങളും, അവരുടെ മക്കൾ വിശാലും ജീവശ്രീയും’, എന്നാണു മറുപടി. 

അതെ, അവന്റെ രക്ഷിതാവിന്റെ സ്ഥാനം ബാലമുരുകൻ ഏറ്റെടുത്തു. ദത്തെടുക്കാനാണ് ആഗ്രഹം. മക്കളുള്ളവർക്കു ദത്തെടുക്കാൻ നിയമതടസ്സങ്ങളുണ്ട്. അതു നീക്കാനുള്ള ശ്രമമാണിപ്പോൾ. ‘ കാർത്തിക്കിനെ കണ്ടപ്പോൾ എന്റെ മകൻ വിശാലിനെ ഓർമ വന്നു. ഉറങ്ങാൻ കഴിഞ്ഞില്ല. കുഞ്ഞുപ്രായത്തിൽ ഒറ്റപ്പെട്ടുപോയ എത്രയോ കുട്ടികൾ പിന്നീടു കുറ്റകൃത്യങ്ങളിലേക്കു വഴിതെറ്റുന്നതു കണ്ടിട്ടുണ്ട്. ഒരാളെക്കൂടി അങ്ങനെ വിട്ടുകൊടുക്കാൻ മനസ്സു വന്നില്ല,’ അദ്ദേഹം പറയുന്നു.

പഠനച്ചെലവുകളെല്ലാം ബാലമുരുകൻ ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനാകുന്നില്ല, നിയമതടസ്സം. അതുകൊണ്ടു കാർത്തിക് ഇപ്പോഴും ചിൽഡ്രൻസ് ഹോമിൽ. പക്ഷേ, വിളിപ്പുറത്തുണ്ട്, സ്നേഹവും കരുതലും. പുസ്തകങ്ങളും ഉടുപ്പുകളുമെല്ലാം അവനു സമ്മാനിച്ച് അച്ഛനെയും അമ്മയെയും കിട്ടിയെന്നു കരുതിക്കോളാൻ ബാലമുരുകനും കലാറാണിയും പറഞ്ഞപ്പോൾ കാർത്തിക് വീണ്ടും കരഞ്ഞു, സന്തോഷം കൊണ്ട്.