നിങ്ങളൊരു മോശം ബോസ് ആണോ? ശ്രദ്ധിക്കാം ഈ 10 കാര്യങ്ങള്‍

ഒരാള്‍ ഒരു ജോലിയില്‍നിന്നു രാജിവച്ചു പോകാന്‍ കാരണങ്ങള്‍ പലതുണ്ടാകാം. അതു ചിലപ്പോള്‍ ശമ്പളക്കുറവാകാം, പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാത്തതാകാം. നല്ലൊരു ശതമാനം പേര്‍ക്കാകട്ടെ അതു മേലധികാരിയുമായിട്ടുള്ള പ്രശ്‌നങ്ങളാണ്. നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കുന്നതു പോലെതന്നെ പ്രധാനമാണു ജോലിസ്ഥലത്തു നല്ലൊരു ബോസിനെ ലഭിക്കുന്നത്. ബോസ് നല്ലതല്ലെങ്കില്‍ കീഴുദ്യോഗസ്ഥര്‍ക്കു തലവേദന ഒഴിഞ്ഞ നേരമുണ്ടാകില്ല. ഒരു വിധത്തിലും സഹിക്കാന്‍ പറ്റാതാകുമ്പോള്‍ പലരും ജോലി തന്നെ രാജിവച്ചു പോകും.

മോശം മേലധികാരി നഷ്ടപ്പെടുത്തുന്നതു മിടുക്കരായ ജീവനക്കാരെ മാത്രമല്ല സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങൾ കൂടിയാണ്. എന്തൊക്കെ കാര്യങ്ങളാണ് ഒരാളെ മോശം മേലധികാരിയാക്കുന്നതെന്നു നോക്കാം

1. ക്രെഡിറ്റ് അടിച്ചു മാറ്റുക
തങ്ങളുടെ ജോലിയുടെ ക്രെഡിറ്റ് അടിച്ചു മാറ്റുന്ന ബോസിനെ ആരും ഇഷ്ടപ്പെടില്ല. എല്ലാ ജീവനക്കാരും അംഗീകാരം ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് എപ്പോഴും മറ്റൊരാള്‍ക്കാണു ലഭിക്കുക എന്നു കണ്ടാല്‍ ജീവനക്കാര്‍ക്കു ജോലി ചെയ്യാനുള്ള പ്രചോദനം നഷ്ടപ്പെടും.

2. വിശ്വാസമില്ലാത്ത ബോസ്
കീഴ്ജീവനക്കാരില്‍ വിശ്വാസമില്ലാത്ത മേലധികാരി അവരുടെ വളര്‍ച്ച മുരടിപ്പിക്കും. ഒരു പാവ കണക്കെ തങ്ങളെ എപ്പോഴും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ബോസിനെയല്ല, വിശ്വസിച്ചു കാര്യങ്ങള്‍ ഏല്‍പ്പിക്കുന്ന ബോസിനെയാണു ജീവനക്കാര്‍ക്കിഷ്ടം. 

3. കഷ്ടപ്പാടു കണ്ടില്ലെന്നു നടിക്കുക
ജീവനക്കാരുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്നു നടിക്കുന്നതു നല്ല മേലധികാരിയുടെ ലക്ഷണമല്ല. കീഴ്ജീവനക്കാര്‍ പണിയെടുത്തു നടുവൊടിക്കുമ്പോള്‍ മേലധികാരി വെക്കേഷന്‍ ആസ്വദിക്കാന്‍ പോകുന്നതു ജോലിയോടുള്ള ജീവനക്കാരുടെ മടുപ്പ് വർധിപ്പിക്കും. 

4. ശമ്പള വർധന ശുപാര്‍ശ ചെയ്യാതിരിക്കല്‍
ചെയ്യുന്ന ജോലിക്ക് ആനുപാതികമായി ശമ്പള വർധന ശുപാര്‍ശ ചെയ്യാത്ത മേലധികാരിയെ ആരും വെറുത്തു പോകും. ജോലി ചെയ്താലും തനിക്കു വേതനത്തിലോ ബോണസിലോ പ്രതീക്ഷയ്ക്കു വകയില്ലെന്ന അറിവ് ആരുടെയും മനം മടുപ്പിക്കും.

5. പ്രമോഷനിലെ പക്ഷപാതിത്വം
അര്‍ഹതപ്പെട്ടവര്‍ക്കു പ്രമോഷന്‍ നല്‍കാതെ ഇഷ്ടക്കാര്‍ക്കു പ്രമോഷന്‍ നല്‍കുന്ന മേലധികാരിയും വെറുക്കപ്പെട്ടവന്‍ തന്നെ. 

6. ക്ലയന്റുമായുള്ള തര്‍ക്കത്തില്‍ കൂടെ നില്‍ക്കാതിരിക്കുക
പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്ത ബോസിനെ ആരും ഇഷ്ടപ്പെടില്ല. ക്ലയന്റുമായി പ്രശ്‌നമുണ്ടായാൽ കീഴ്ജീവനക്കാരെ കരുവാക്കി രക്ഷപ്പെടുന്ന മേലധികാരികളുണ്ട്. തന്റെ ജീവനക്കാരെ സംരക്ഷിക്കുന്നവരാണു നല്ല മേലധികാരികള്‍. 

7. കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാതിരിക്കുക
ജോലിയെയും അസൈന്‍മെന്റുകളെയും സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാതെ, ഒടുക്കം ജോലി ശരിയായില്ലെന്നു പറഞ്ഞു കുറ്റപ്പെടുത്തുന്ന മേലധികാരികളുണ്ട്. ജീവനക്കാരുടെ കഴിവുകള്‍ മനസ്സിലാക്കി അതിന് അനുസരിച്ച നിര്‍ദ്ദേശങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുന്നവരാണു നല്ല മേലധികാരികള്‍.

8. പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്ത ബോസ്
ചിലരുണ്ട്, എന്തെങ്കിലും പണി ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ തീരെ ചെറിയ വിശദാംശങ്ങളില്‍ വരെ ഇടപെട്ടു കളയും. ചുരുക്കത്തില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരനെ അത്തരം മേലധികാരികള്‍ അനുവദിക്കില്ല. 

9. കുറ്റങ്ങളില്‍ മാത്രം ശ്രദ്ധ
ജീവനക്കാരുടെ നല്ല വശങ്ങളൊന്നും കാണുകയേ ഇല്ല. എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അതു മാത്രം കണ്ടുപിടിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. അത്തരം മേലധികാരികളും ജോലിസ്ഥലത്തിനു ബാധ്യതയാണ്.

10. വ്യക്തമായ പ്രതീക്ഷകളില്ലാത്തവര്‍
ഒരു ജോലി ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ ഫലത്തെ സംബന്ധിച്ചു വ്യക്തമായ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താത്ത മേലധികാരികളുണ്ട്. ബോസിനു ജോലിയുടെ റിസൽറ്റിനെപ്പറ്റി വലിയ ധാരണയില്ലാത്തതു കൊണ്ട് എങ്ങനെയെങ്കിലുമൊക്കെ ജോലി ചെയ്താല്‍ മതിയെന്നു കീഴ്ജീവനക്കാരും കരുതും. 

Job Tips >>