ആക്രമിക്കാനൊരുങ്ങിയ സിംഹത്തിന്റെ തലയിൽ കടിച്ചുകുടഞ്ഞ് ഹിപ്പോ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഏറ്റവും ശാന്തനായ, നിരുപദ്രവകാരിയായ ജീവിയാണ്  ഹിപ്പപ്പൊട്ടാമസെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഹിപ്പോയ്ക്കു കലി വന്നാല്‍ പിന്നെ മുന്നും പിന്നും നോക്കില്ല. കലികയറിയാൽ പിന്നെ സിംഹമാണെങ്കില്‍ പോലും ചിലപ്പോൾ കടിച്ചുകുടഞ്ഞെന്നു വരും. വടക്കുപടിഞ്ഞാറന്‍ കെനിയയിലെ മാസായ് മാര ദേശീയോദ്യാനത്തില്‍ സുഖമായി ഉറങ്ങിക്കിടന്ന ഹിപ്പോയെ വേട്ടയാടാനെത്തിയ പെണ്‍സിംഹത്തിനു കടുത്ത തിരിച്ചടിയാണു നേരിടേണ്ടിവന്നത്. സിംഹത്തെ ഹിപ്പോ കടിച്ചു കുടയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

പിന്നിലൂടെ എത്തിയ സിംഹം ആക്രമിക്കാനായി ശ്രമം നടത്തുന്നതിനിടെ ഹിപ്പോ പെട്ടെന്ന് ഞെട്ടിയുണരുകയായിരുന്നു. ഒരു നിമിഷം പകച്ച സിംഹത്തെ തുരത്തിയോടിച്ച ഹിപ്പോ ആദ്യം പിന്‍ഭാഗത്തു തട്ടിയ ശേഷം സിംഹത്തിന്റെ കഴുത്തുവരെ വായ്ക്കുള്ളിലാക്കി കടിച്ചു കുടയുകയായിരുന്നു. ഒരുവിധത്തില്‍ ഹിപ്പോയുടെ വായ്ക്കുള്ളില്‍നിന്നു രക്ഷപ്പെട്ട സിംഹം തിരഞ്ഞുനോക്കാതെ ഓടി രക്ഷപ്പെട്ടു.16 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.