അനക്കോണ്ടയെ വേട്ടയാടുന്ന ജഗ്വാർ; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Image Credit: Chris Brunskill

അനക്കോണ്ടയെ വേട്ടയാടുന്ന ജഗ്വാറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വന്യജീവി ഫൊട്ടോഗ്രഫറായ ക്രിസ് ബ്രൺസ്കിൽ പകർത്തിയതാണ് ഈ ചിത്രങ്ങൾ. ബ്രസീലിലെ മാടോ ഗ്രോസ്സോയിക്കു സമീപം പാന്റനാലിൽ ക്വീബാ നദിക്കരയിൽ നിന്ന് പകർത്തിയതാണ് ഈ അപൂർവ ചിത്രങ്ങൾ.

Image Credit: Chris Brunskill

നദിക്കരയിൽ വിശ്രമിക്കുകയായിരുന്ന മഞ്ഞ അനക്കോണ്ടയെ ജഗ്വാർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ജഗ്വാറിയിൽ നിന്നും രക്ഷപെടാനായി നദിയിലേക്ക് ചാടിയെങ്കിലും പിന്നാലെയെത്തിയ ജഗ്വാറിന്റെ പിടിയിൽ നിന്നും രക്ഷപെടാനായില്ല. ജഗ്വാറിന്റെ മൂക്കിൽ കടിച്ചും മറ്റും ചെറുത്തു നിൽക്കാൻ അനക്കോണ്ട പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. 90 സെക്കന്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ മഞ്ഞ അനക്കൊണ്ട ദയനീയമായി പരാജയപ്പെട്ടു. ഒടുവിൽ ഫൊട്ടോഗ്രഫറിന് അപൂർവ ചിത്രങ്ങൾ പകർത്താൻ അവസരം നൽകിയ ജഗ്വാർ തന്റെ ഇരയുമായി കാട്ടിലേക്ക് മറഞ്ഞു.

Image Credit: Chris Brunskill

പാന്റനൽ ജഗ്വാറുകളെ നിരീക്ഷിച്ചുകൊണ്ട് ഒരുമാസമായി ഇവയുടെ പിന്നാലെ നടന്ന ക്രിസ് ബ്രൺസ്കിൽ കഴിഞ്ഞ മാസം ആദ്യവും ജഗ്വാറിന്റെ അപൂർവ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അന്ന് മുതലകളിലെ ഉപവിഭാഗമായ കൈമാൻ എന്നറിയപ്പെടുന്ന ജീവിയുമായിട്ടായിരുന്നു ജഗ്വാറിന്റെ പോരാട്ടം. ക്രിസ് ബ്രൺസ്കിൽ അന്നു പകർത്തിയ ചിത്രങ്ങളും ജനശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ഞ അനക്കൊണ്ടയെ വേട്ടയാടുന്ന ജഗ്വാറിന്റെ സുവർണ നിമിഷങ്ങളും പകർത്താൻ ക്രിസ് ബ്രൺസ്കിലിന് ഭാഗ്യം ലഭിച്ചത്.

Image Credit: Chris Brunskill