ചതുപ്പിൽ താണുപോയ ആനക്കുട്ടിയെ രക്ഷിക്കുന്ന ആന; ചിത്രങ്ങൾ കൗതുകമാകുന്നു

കാഴ്ചയില്‍ ചെറുതായി തോന്നുമെങ്കിലും പലപ്പോഴും നദികളിലേയും കാട്ടരുവികളിലേയും ചെളിക്കുണ്ടുകള്‍ ആനക്കുട്ടികള്‍ക്കു മരണക്കയങ്ങളാണ്. ഇതില്‍ കാലുകള്‍ താണു പോയാല്‍ പിന്നെ അവയ്ക്ക് ഈ കുഴിയില്‍ നിന്ന് കയറാന്‍ സാധിക്കാതെ വരും. തള്ളിയും വലിച്ചും കയറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടാല്‍ പിന്നെ ആനക്കുട്ടി മരിക്കുന്നത് നിസ്സഹായരായി വേദനയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ ആനക്കൂട്ടത്തിനു കഴിയൂ.

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് കാട്ടരുവി മറികടക്കുന്നതിനിടെയിൽ ആനക്കുട്ടി ചെളിക്കുണ്ടില്‍ താണു പോയത്. കൂട്ടത്തിലെ മറ്റ് ആനകള്‍ക്കൊപ്പം അരുവിയിലേക്കിറങ്ങിയതായിരുന്നു ആനക്കുട്ടി. എന്നാല്‍  ഏതാനും ആഴ്ച പ്രായം മാത്രമുണ്ടായിരുന്ന  ആനക്കുട്ടി ചതുപ്പില്‍ താഴ്ന്നു പോയി. ചതുപ്പില്‍ നിന്നു കയറാനായി ആനക്കുട്ടി ശ്രമിക്കും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ചെളിയിലേക്ക് കൂടുതല്‍ താഴ്ന്നു പോയ ആനക്കുട്ടി തളര്‍ന്നു പോവുകയും ചെയ്തു.

ഇതോടെയാണ് കൂട്ടത്തിലെ മുതിര്‍ന്ന ആന രക്ഷക്കെത്തിയത്. ആനക്കുട്ടിയുടെ പുറകില്‍ നിന്ന് ഈ ആന തള്ളാന്‍ തുടങ്ങി. ആദ്യ ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല ആനക്കുട്ടി തിരികെ ചെളിയിലേക്ക് വീണ്ടും താഴ്ന്നു പോവുകയും ചെയ്തു.  മറ്റാനകള്‍ മറുകരയില്‍ നിന്നു തുമ്പിക്കൈ നീട്ടി പിടിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും ആനക്കുട്ടിക്ക് അങ്ങനെ പിടിച്ചു കയറാനുള്ള പ്രായമാകാത്തതിനാല്‍ അതും വിജയിച്ചില്ല.

എന്നാല്‍ പതിയെ മുതിര്‍ന്ന ആനയുടെ ബലത്തില്‍ കുട്ടിയാന നദിയില്‍ നിന്നു മുന്‍കാലുകള്‍ കരയിലേക്കെതുത്തു വച്ചു . തുടര്‍ന്ന് അടുത്ത തള്ളലില്‍ ആനക്കുട്ടി അരുവിയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു കടന്നു, തുടര്‍ന്ന് ആനക്കൂട്ടം നദിക്കരയില്‍ നിന്ന് നടന്നകലുകയും ചെയ്തു. ഈ കാഴ്ച മുഴുവന്‍ കണ്ടു നിന്ന വിനോദസഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.എന്തായാലും ആപത്തിൽ പെട്ട ആനക്കുട്ടിയെ രക്ഷിച്ച സന്തോഷത്തിലായിരുന്നു ആനക്കൂട്ടത്തിന്റെ മടക്കം.