ജീവനില്ലെങ്കിലും ഫോബിയാണ് താരം

Image Credit: Deadline News

നാലു വർഷം മുൻപ് ജീവൻ വെടിഞ്ഞ ഫോബി എന്ന വളർത്തുനായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ജീവനില്ലാത്ത നായ എങ്ങനെയാണു പ്രശസ്തനായതെന്നല്ലേ? ആ കഥ ഇങ്ങനെയാണ്. യുഎസിലെ ഓറിഗൺ സ്വദേശിയായ മിച്ച് ബയേഴ്സ് എന്ന യുവാവിന്റെ പ്രിയപ്പെട്ട വളർത്തുനായ ആയിരുന്നു ഫോബി.നാലു വർഷങ്ങൾക്ക് മുൻപ് രോഗം ബാധിച്ച് ഫോബി ജീവൻ വെടിഞ്ഞു. മിച്ചിന് ഈ വിയോഗം താങ്ങാവുന്നതിനപ്പുറമായിരുന്നു. നായയുടെ വേർപാടോടെ വിഷാദത്തിലേക്കു നീങ്ങിയ മിച്ചിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അമ്മ തീരുമാനിച്ചു.

അതിനായി ജീവൻ വെടിഞ്ഞ ഫോബിയുടെ മൃതശരീരം വിദഗ്ദ്ധരെക്കൊണ്ട് സ്റ്റഫ് ചെയ്യിക്കുകയായിരുന്നു. അങ്ങനെയാണ് ഫോബി വീണ്ടും മിച്ചിനരികിലെത്തിയത്. പിന്നീടൊരിക്കലും മിച്ച് സ്റ്റഫ്ഡ് ഫോബിയെ പിരിഞ്ഞിരുന്നിട്ടില്ല. മിച്ച് എവിടെപ്പോയാലും ഫോബിയേയും ഒപ്പം കൂട്ടും. മിച്ച് ഇന്‍സ്റ്റഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങിയപ്പോൾ അതിന് മൈ ഡെഡ് ഡോഗ് ആൻഡ് മീ എന്നാണ് പേരിട്ടത്. ഈ അക്കൗണ്ടിൽ മിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെയും ഫോബിയുടേതാണ്.

Image Credit: Deadline News

ഫോബി സ്റ്റഫ്ഡ് നായയാണെന്ന് അറിഞ്ഞതോടെയാണ് അവന്‍റെ ചിത്രങ്ങൾ ചർച്ചയായത്. ആയിരക്കണക്കിനാളുകളാണ് ഈ നായയേയും അതിന്‍റെ ഉടമയേയും ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഫോളോ ചെയ്യുന്നത്.അങ്ങനെയാണ് ജീവനില്ലാത്ത ഫോബി സമൂഹമാധ്യമങ്ങളിൽ താരമായി മാറിയത്.