വിനോദസഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറിയ ചീറ്റ; ശ്വാസം നിലച്ചു പോകുന്ന നിമിഷങ്ങൾ!!

ടാൻസാനിയയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു സംഘം അമേരിക്കൻ വിനോദ സഞ്ചാരികളാണ് മരണത്തെ മുന്നിൽ കണ്ട് ഞെട്ടിക്കുന്ന നിമിഷങ്ങളിലൂടെ കടന്നുപോയത്. സഫാരി ജീപ്പിൽ കാടുകാണാനിറങ്ങിയവരുടെ മുന്നിലേക്ക് പെട്ടെന്നാണ് മൂന്ന് ചീറ്റകൾ വന്നു പെട്ടത്. ഇതിൽ ഒരു ചീറ്റ ആദ്യം തന്നെ ബോണറ്റിൽ കയറി സ്ഥാനം പിടിച്ചു. ചീറ്റയെ അടുത്തു കാണാൻ കിട്ടിയ സന്തോഷത്തിൽ എല്ലാവരും ബോണറ്റിലിരിക്കുന്ന ചീറ്റയെ ശ്രദ്ധിച്ചപ്പോഴായിരുന്നു പിൻസീറ്റിലേക്ക് മറ്റൊരു ചീറ്റ ചാടിക്കയറിയത്.

അതോടെ സംഘത്തിലുണ്ടായിരുന്നവർ വിരണ്ടു. കൂടെയുണ്ടായിരുന്ന ഗൈഡിന്റെ കർശന നിർദ്ദേശമനുസരിച്ച് ആരും ചീറ്റയുടെ കണ്ണുകളിലേക്ക് നോക്കിയില്ല. കണ്ണിൽ നിഴലിക്കുന്ന ഭയം തിരിച്ചറിഞ്ഞാൻ ചീറ്റ ആക്രമിക്കാൻ സാധ്യതയുള്ളതിനാലായിരുന്നു ഈ നിർദ്ദേശം. ചീറ്റ പിൻ സീറ്റുകൾ നഖം കൊണ്ട് മാന്തിപ്പൊളിച്ചപ്പോഴും വിനോദസഞ്ചാരികളുടെ സംഘം സംയമനം പാലിച്ചു. ചെറിയ ചലനം പോലും വന്യമൃഗങ്ങളെ പ്രകോപിതരാക്കിയേക്കാം. അതുകൊണ്ടു തന്നെ ഭയം സിരകളിലൂടെ അരിച്ചിറങ്ങുമ്പോഴും അവർ മൗനം പാലിച്ചു. അൽപനിമിഷങ്ങൾക്കകം തന്നെ കൂടുതൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ചീറ്റ ജീപ്പിൽ നിന്നും ചാടിയിറങ്ങി കാട്ടിലേക്ക് മടങ്ങി. 

ബ്രിട്ടൺ ഹായസും സംഘവുമാണ് ചീറ്റയുടെ പിടിയിൽ അകപ്പെട്ടത്. ചീറ്റ വാഹനത്തിലൽ നിന്നിറങ്ങിയപ്പോഴാണ് ശ്വാസം നേരെയായതെന്നും ഇവർ വ്യക്തമാക്കി. മരണത്തെ മുന്നിൽ കണ്ട് ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങളാണ് കടന്നു പോയതെന്നും ഹായസ് പറഞ്ഞു. ഏതായാലും തലനാരിഴയ്ക്ക് ചീറ്റയുടെ കൈയിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് വിനോദസഞ്ചാരികൾ. പീറ്റർ ഹെയ്സ്റ്റെയ്ൻ ആണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.