പാവക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന വിഷപ്പാമ്പ്; ഭീകര ദൃശ്യങ്ങൾ

കുട്ടിയുടെ കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന വിഷപ്പാപ്പിന്റെ ദൃശ്യങ്ങൾ ചർച്ചയാകുന്നു. ഓസ്ട്രേലിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ മുറിയിൽ പാവക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന നിലയിലാണ് കുട്ടിയുടെ പിതാവ് പാമ്പിനെ കണ്ടെത്തിയത്.

ഇദ്ദേഹം ഉടൻതന്നെ മുറിയിലെ ജനലും വാതിലും അടച്ച് പാമ്പ് രക്ഷപെടില്ലെന്ന് ഉറപ്പ് വരുത്തി പാമ്പുപിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. അവരെത്തി കളിപ്പാട്ടങ്ങൾ നീക്കി പാമ്പിനെ പിടികൂടുകയായിരുന്നു. അതീവ വിഷമുള്ള റെഡ് ബെല്ലി ബ്ലാക്ക് ഗണത്തിൽ പെട്ട പാമ്പായിരുന്നു ഇത്. എങ്ങനെയാണിത് കുട്ടിയുടെ മുറിയിൽ കടന്നതെന്നു വ്യക്തമല്ല.

കടുത്ത വിഷപ്പാമ്പുകളാണെങ്കിലും പൊതുവേ പതുങ്ങിയ സ്വഭാവമുള്ളതും നാണക്കാരുമാണ് ഈ പാമ്പുകൾ. എന്നാൽ ഉപദ്രവിച്ചാൽ ഇവർ അപകടകാരികളാകുമെന്നും പാമ്പു പിടിത്ത വിദഗ്ദ്ധനായ ആൻഡ്രൂ പറഞ്ഞു. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. മുപ്പതിനായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.