കുരങ്ങനെ കുളത്തിലേക്ക് തള്ളിയിട്ട വിനോദസഞ്ചാരിക്ക് സംഭവിച്ചത്?

വെറുതെ ഒരു തമാശയ്ക്കായി കുളക്കരയിൽ ഇരുന്ന കുരങ്ങനെ കുളത്തിലേക്ക് തള്ളിയിടുന്ന വിനോദസഞ്ചാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചൈനയിലെ ഫ്യുജിയാൻ പ്രവിശ്യയിലെ ക്ഷേത്രത്തിനു സമീപമാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. 

ക്ഷേത്രക്കുളത്തിനു സമീപമുള്ള മതിലിൽ ഇരുന്ന കുരങ്ങനെ സമീപത്തു നിന്ന സഞ്ചാരി ഒരു രസത്തിനായി കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുളത്തിനഭിമുഖമായിരുന്ന കുരങ്ങൻ പിന്നിലൂടെയെത്തിയ വിനോദസഞ്ചാരിയെ ശ്രദ്ധിച്ചിരുന്നില്ല. അപ്രതീക്ഷിതമായി  കുളത്തിലേക്ക് വീണ കുരങ്ങന്റെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. വീണിടത്തുനിന്നും നിമിഷങ്ങൾക്കകം ചാടിക്കയറിയ കുരങ്ങൻ തന്നെ തള്ളിയിട്ട സഞ്ചാരിയെ ഓടിച്ചിട്ടാക്രമിക്കുന്നതാണ് പിന്നീട് കണ്ടത്. കുരങ്ങനെ പേടിച്ച് ക്ഷേത്രത്തിനകത്തുകയറിയാണ് ഇയാൾ രക്ഷപെട്ടത്.

ഈ കുരങ്ങനെ സഞ്ചാരി ആക്രമിക്കുന്നത് കണ്ട് സംഭവസ്ഥലത്തെത്തിയ മറ്റൊരു കുരങ്ങനും ക്ഷേത്രത്തിനകത്തേക്ക് കയറി സഞ്ചാരിയെ ആക്രമിച്ചു. അവിടെയുണ്ടായിരുന്ന ആളുകളാണ് ഒടുവിൽ ഇയാളുടെ രക്ഷയ്ക്കെത്തിയത്. കുരങ്ങുകളുടെ ആക്രമണത്തിൽ ഇയാളുടെ കൈകൾക്ക് പരിക്കേറ്റു. വെറുതേയിരുന്ന കുരങ്ങനെ പ്രകോപിപ്പിച്ച വിനോദസഞ്ചാരിയെ സമൂഹമാധ്യമങ്ങളും വെറുതേവിട്ടില്ല. ശകാരവർഷങ്ങളുടെ പെരുമഴയായിരുന്നു ഇയാളെ തേടിയെത്തിയത്.