ഇങ്ങനെ പോയാൽ ഈനാംപേച്ചികൾ ഇല്ലാതാകുമോ?

ലോകത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന മൃഗം? ആന, കടുവ എന്നൊക്കെയുള്ള ഉത്തരങ്ങളിലേക്കാണ് ചിന്തയുടെ പോക്കെങ്കിൽ അത് തത്കാലത്തേക്ക് നിർത്തുക. കാരണം 30 മുതൽ 100 സെന്റിമീറ്റർ വരെ മാത്രം നീളമുള്ള ഈനാംപേച്ചിയെന്ന മൃഗമാണ് ആ ചോദ്യത്തിന്റെ ഉത്തരം. ലോകത്താകെ എട്ടിനം ഈനാംപേച്ചികളുണ്ട്. ഇവയെല്ലാം തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിലുണ്ട്. കേരളത്തിലും അപൂർവമായി ഇവയെ കാണാം. 

ഈനാംപേച്ചികളെ പിടികൂടുന്നതും കടത്തുന്നതും ശിക്ഷാർഹവുമാണ്. പക്ഷേ വൻതോതിലുള്ള ഈനാംപേച്ചിക്കടത്ത് ആഫ്രിക്കയിൽ നിന്നാണ് നടക്കുന്നത്. ഏഷ്യൻ രാജ്യങ്ങളായ ചൈനയും വിയറ്റ്നാമുമൊക്കെയാണ് ഈനാംപേച്ചിക്കച്ചവടക്കാരുടെ പ്രധാന മാർക്കറ്റ്. വിലക്കുണ്ടെങ്കിലും വിയറ്റ്നാമിലെ പല റസ്റ്ററന്റുകളിലെയും വിശിഷ്ടഭോജ്യമാണ് ഈനാംപേച്ചിയുടെ മാംസം കൊണ്ടുള്ള വിഭവങ്ങൾ. കൂടാതെ ഇവയുടെ ശരീരത്തിലെ ശൽക്കങ്ങൾ വിവിധ രോഗങ്ങള്‍ ഭേദമാക്കുമെന്ന അന്ധവിശ്വാസവുമുണ്ട്. ഏതോ ഒരു കോടീശ്വരന്റെ കാൻസർ ഇതുവഴി മാറിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെയാണ് ഈനാംപേച്ചിയുടെ കഷ്ടകാലവും തുടങ്ങിയത്. 

ഇങ്ങനെ ആഫ്രിക്ക-ഏഷ്യ കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഈനാംപേച്ചികളെ കടത്തുന്നത് പതിവാണ്. നിയമങ്ങൾ ശക്തമാക്കിയിട്ടും ഈനാംപേച്ചി വേട്ട തടായാനാകാതെ വന്നതോടെയാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭ തന്നെ ഇടപെട്ടിരിക്കുന്നത്. ഈനാംപേച്ചികളുടെ ആഗോളതലത്തിലുള്ള വ്യാപാരം പൂർണമായും നിരോധിച്ചിരിക്കുകയാണ് യുഎൻ. ജൊഹന്നാസ്ബർഗിൽ നടന്ന കൺവൻഷൻ ഓൺ ഇന്റർനാഷനൽ ട്രേഡ് ഇൻ എൻഡേഞ്ചേഡ് സ്പീഷിസിലാണ് (സിഐടിഇഎസ്) ഇതു സംബന്ധിച്ച നിർണായകതീരുമാനമെടുത്തത്. വംശനാശത്തിന്റെ തൊട്ടടുത്തെത്തിയ മൃഗങ്ങളെ ഉൾക്കൊള്ളിക്കുന്ന സിഐടിഎസ് നയത്തിന്റെ

 ‘അനുബന്ധം 1’ലാണ് ഈനാംപേച്ചികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കൺവൻഷനിലെ അംഗരാജ്യങ്ങളെല്ലാം ഇത് അംഗീകരിച്ച് ഒപ്പിട്ടു. അതോടെ രാജ്യാന്തരതലത്തിൽ വാണിജ്യാവശ്യത്തിനുള്ള ഈനാംപേച്ചിക്കടത്തും പൂർണമായി നിരോധിക്കപ്പെട്ടു. ഇവയെ ജീവനോടെയോ അല്ലെങ്കിൽ ശരീരഭാഗങ്ങളായിട്ടോ കടത്തുന്നത് ഇനി മുതൽ നിയമവിരുദ്ധമാണ്. ഈനാംപേച്ചിക്കടത്തിന് ഇതോടെ കുറവു വരുമെന്നാണ് കണക്കുകൂട്ടിയതെങ്കിലും ഇപ്പോഴും വൻതോതിൽ ഈ ജീവികൾ വേട്ടയാടപ്പെടുന്നുണ്ട്. കാരണം ഓരോ രാജ്യത്തിനും ഇനി ഈ നിരോധനത്തിന്റെ ചുവടുപിടിച്ച് ശിക്ഷകളിൽ മാറ്റം വരുത്താം. ഈനാംപേച്ചിക്കടത്തിന് പരമാവധി ശിക്ഷ വരെ ലഭിക്കാമെന്നർഥം. രാജ്യാന്തര തലത്തിൽ തന്നെ കരാറുള്ളതിനാൽ പെട്ടെന്നു ശിക്ഷ തീർത്ത് രക്ഷപ്പെടാനും പ്രയാസമായിരിക്കും.

ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാൽ ഈനാംപേച്ചികൾക്ക് കാഴ്ചശക്തി കുറവാണ്. കൂടാതെ ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങൂ. കേൾവിശക്തിയും ഘ്രാണശക്തിയും പക്ഷേ അപാരമാണ്. നീളൻ നാവുപയോഗിച്ച് ഭക്ഷണമാക്കുന്നതാകട്ടെ ചിതലുകളെയും ഉറുമ്പുകളെയും. ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി ഇവയെ കൊന്നൊടുക്കുകയാണ് പതിവ്. ആരുടെയെങ്കിലും മുന്നിൽപ്പെട്ടാൽ ‘ഉരുണ്ടുകൂടി’ കിടക്കുകയാണ് തന്ത്രമെങ്കിലും വേട്ടക്കാരുടെ കെണികൾക്കു മുന്നിൽ അതും വിലപ്പോകാറില്ല. കാടുകൾ വെട്ടിത്തെളിക്കുന്നതും കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും വൈദ്യുതവേലികളുമെല്ലാം ഈനാംപേച്ചികളുടെ എണ്ണം കുറയ്ക്കാൻ കൂട്ടായുമുണ്ട്. നേരത്തെ 50 കോടിയോളം രൂപ മുടക്കി രാജ്യാന്തര തലത്തിൽ തന്നെ ഈനാംപേച്ചികളെ സംരക്ഷിക്കാൻ ശ്രമമുണ്ടായിരുന്നു.