ഗിര്‍വനത്തില്‍ പത്തു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 11 സിംഹങ്ങള്‍ക്ക്; കാരണം?

ഇന്ത്യയിലെ സിംഹങ്ങളുടെ ഏക സ്വാഭാവിക വാസസ്ഥലമായ ഗുജറാത്തിലെ ഗിര്‍വനത്തിൽ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി. പത്തു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 12 സിംഹങ്ങള്‍ക്ക്. മൂന്നു സിംഹങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ടത് പരസ്പരമുള്ള ഏറ്റുമുട്ടലിലാണ് എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. 8 സിംഹങ്ങളുടെ മരണ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധയാണെന്നാണ് പ്രാഥമിക നിഗമനം. അണുബാധ കൂടുതല്‍ സിംഹങ്ങളിലേക്കു പകരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. സിംഹങ്ങളുടെ കൂട്ടത്തോടെയുള്ള മരണത്തെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവയില്‍ മൂന്ന് പെണ്‍സിംഹങ്ങളും രണ്ട് ആണ്‍സിംഹങ്ങളും ആറു സിംഹകുട്ടികളും ഉള്‍പ്പെടുന്നു. ഇവയില്‍ ഏതൊക്കെയാണ് ശ്വാസകോശത്തിലെ അണുബാധ മൂലം ചത്തെതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഫെലിന്‍ ലുക്കീമിയ എന്നതാണ് ഇവയ്ക്ക് പിടിപെട്ട അസുഖത്തിന്റെ പേര്. കിഴക്കന്‍ ഗിര്‍ വനത്തിലെ ധാരാ, റോണിയ എന്നീ മേഖലകളിലാണ് സിംഹങ്ങളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയിലെ മറ്റു സിംഹങ്ങളെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ സിംഹങ്ങളില്‍ അസ്വസ്ഥതകള്‍ കണ്ടാല്‍ അവയെ ഒറ്റപ്പെടുത്തി ചികിത്സിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏഷ്യന്‍ സിംഹങ്ങള്‍ ശേഷിക്കുന്ന ഒരേയൊരു വനമേഖലയാണ് ഗിര്‍ വനം എന്നതിനാല്‍ ഇവിടെയുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഏഷ്യന്‍ സിംഹങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായേക്കാം. ഈ കാര്യം ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ വനമേഖലയില്‍ കൂടി സിംഹങ്ങളെ ഗുജറാത്തില്‍ നിന്നെത്തിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. തങ്ങളുടെ വിനോദസഞ്ചാര സാധ്യതയെ ബാധിക്കുമെന്നതിനാല്‍ ഗുജറാത്ത് തന്നെയാണ് ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നത്.

2015 ല്‍ നടത്തിയ കണക്കെടുപ്പു പ്രകാരം 523 സിംഹങ്ങളാണ് ഗിര്‍വനത്തില്‍ ഉള്ളത്. ഇപ്പോഴത്തെ മരണങ്ങളില്‍ മനുഷ്യരുടെ ഇടപെടല്‍ കാരണമായിട്ടില്ലെന്നു ഗുജറാത്ത് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.കെ സക്സേന പറയുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ക്കിടയിലുണ്ടാകുന്ന പോരാട്ടങ്ങള്‍ മൂലം ഇവ മരിക്കുന്ന സംഭവങ്ങള്‍ വർധിച്ചിട്ടുണ്ടെന്നും സക്സേന വിശദീകരിച്ചു.

ഗിര്‍വനമേഖലയില്‍ ഷോക്കേറ്റും മനുഷ്യര്‍ വയ്ക്കുന്ന വിഷം കഴിച്ചും ജീവൻ നഷ്ടപ്പെടുന്ന സിംഹങ്ങളുടെ എണ്ണം അടുത്ത കാലത്ത് ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ സിംഹങ്ങള്‍ അസുഖബാധിതരായതിനു പിന്നിലും മനുഷ്യരുടെ ഇടപെടലുണ്ടോ എന്ന സംശയമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടു വയ്ക്കുന്നത്. മരിച്ച സിംഹങ്ങളുടെ ഉമിനീര് ജുനഗഢിലെ ഗവേഷണ കേന്ദ്രത്തിലേക്കു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതു ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താനാകൂ എന്നാണ് വനം വകുപ്പിന്റെ നിലപാട്.