ആമയെ അകത്താക്കാൻ ശ്രമിച്ച സിംഹങ്ങൾക്ക് സംഭവിച്ചത്?

Grab image youtube

വിശന്നു വലഞ്ഞിരിക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് ഏതു ജീവിയെത്തിയാലും ഉടനെ സിംഹം അതിനെ അകത്താക്കും. ഇവിടെയും എല്ലാവരും അതുതന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. പറഞ്ഞുവരുന്നത് ആമയെ ഭക്ഷണമാക്കാൻ ശ്രമിച്ച സിംഹങ്ങളുടെ കാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ കാലാഗ‍ഡി ട്രാൻസ്ഫ്രണ്ടിയർ പാർക്കിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.

വിനോദ സഞ്ചാരിയായ പീറ്റ് വാൻ ഷോവിക് ആണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. വിഡിയോ തുടങ്ങുന്നത് വിശന്നു വലഞ്ഞ സിംഹങ്ങൾ ആമയെ പിടിക്കാൻ ശ്രമിക്കുന്നതോടെയാണ്. സിംഹങ്ങൾ ആക്രമിക്കാൻ വരുന്നത് കണ്ട് ആമ വേഗത്തിൽ ഇഴഞ്ഞു നീങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സിംഹങ്ങൾ അടുത്തെത്തിയതും ആമ തന്റെ പതിവു സൂത്രം പുറത്തെടുത്തു. സുരക്ഷിതമായി തന്റെ പുറംതോടിനുള്ളിലേക്ക് കയറി. അടുത്തെത്തിയ സിംഹങ്ങൾ പുറംതോടിൽ കടിച്ചും നക്കിയുമൊക്കെ നോക്കിയെങ്കിലും ആമ പുറത്തു വന്നില്ല. ഒരുവേള ആമയെ മറിച്ചിട്ടും വലിച്ചിഴച്ചുമൊക്കെ സിംഹങ്ങൾ പരീക്ഷിച്ചു. എന്നാൽ ബുദ്ധിമാനായ ആമ ഈ തന്ത്രങ്ങളിലൊന്നും വീണില്ല.

സിംഹങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആമ ഒരു നിമിഷത്തേക്കു പോലും പുറം തോടിനുള്ളിൽ നിന്ന് പുറത്തേക്ക് തലനീട്ടിയില്ല. ഒടുവിൽ വിശന്നു വലഞ്ഞ സിംഹങ്ങൾ പരാജയം സമ്മതിച്ച് ആമയെ അവിടെത്തന്നെ ഉപേക്ഷിച്ച് മടങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ സിംഹങ്ങൾ പോയതിന്റെ ആശ്വാസത്തിൽ ആമയും സ്ഥലം കാലിയാക്കി.