ഹിമാലയത്തിൽ കണ്ടുവരുന്ന ‘കൊമ്പൻ തിനക്കുരുവി’ കേരളത്തിലും!

കേരളത്തിൽ പക്ഷികളുടെ ഗണത്തിലേക്കു കൊമ്പൻ തിനക്കുരുവി (Crested Bunting) എന്ന അതിഥി കൂടി. എംബെരിസ ലത്തമി (Emberiza lathami) എന്നു ശാസ്ത്രീയ നാമമുള്ള കൊമ്പൻ തിനക്കുരുവി സംസ്ഥാനത്തെ 526–ാം പക്ഷി ഇനമാണെന്നു പക്ഷിനീരീക്ഷകർ അവകാശപ്പെടുന്നു.

പക്ഷിനിരീക്ഷകരായ പ്രവീൺ വേലായുധൻ, വിവേക് സുധാകരൻ, ദീപക് മുരളീധരൻ എന്നിവർ ചേർന്നാണു കുരുവിയെ പാലക്കാട് കഞ്ചിക്കോട് വലിയേരി ജലാശയത്തിനു സമീപം  കണ്ടെത്തിയത്. പൊതുവേ ഇണകളായി കാണപ്പെടുന്ന ഇവയിൽ ഒന്നിനെ മാത്രമേ കണ്ടെത്താനായുള്ളൂ. ചാരനിറമുള്ള കഴുത്ത്, ചിറകുകളിലും വാലിലും കാവിനിറവും തലയിൽ ഉയർന്നുനിൽക്കുന്ന തൂവലും ഇവയുടെ പ്രത്യേകതയാണ്.

ഹിമാലയത്തിൽ കണ്ടുവരുന്ന ഈ പക്ഷിയെ വളരെ അപൂർവമായി മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ട്.  ദക്ഷിണേന്ത്യയിൽ ബെംഗളൂരുവിലും ഈ പക്ഷിയുടെ സാന്നിധ്യം അറിഞ്ഞിട്ടുണ്ട്. പൊതുവെ പുൽമേടുകളിൽ കണ്ടുവരുന്ന ഈ പക്ഷി വിത്തുകളും ചെറുപ്രാണികളെയും ഭക്ഷിക്കും.

പാലക്കാട് യങ് ബേഡ്സ് ക്ലബ് എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന പക്ഷിനിരീക്ഷണത്തിലാണു കൊമ്പൻ തിനക്കുരുവിയെ കണ്ടെത്തിയത്. പ്രമുഖപക്ഷി നിരീക്ഷകൻ പ്രവീൺ ജയദേവൻ ആണ് ഇതു കൊമ്പൻ തിനക്കുരുവിയാണെന്നു സ്ഥിരീകരിച്ചത്.

പാലക്കാട് യങ് ബേഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ മുതിർന്ന പക്ഷിനിരീക്ഷകരായ നമശിവായൻ ലക്ഷ്മണൻ, വേണുഗോപാലൻ, രഘുനാഥൻ എന്നിവരടങ്ങുന്ന 30 അംഗ സംഘം ഞായറാഴ്ചകളിൽ പക്ഷിനിരീക്ഷണം നടത്തുന്നുണ്ട്.