കപ്പലോ അതോ ഒഴുകുന്ന കാടോ? 106 വർഷം പഴക്കമുള്ള ഈ കപ്പലിനു പിന്നിൽ !

കാളിദാസൻ ഒരു പൂമരം കൊണ്ടാണ് കപ്പലുണ്ടാക്കിയതെങ്കില്‍ സിഡ്നിയിലുള്ള ഈ കപ്പല്‍ നിറയെ മരങ്ങളാണ്. അതും നിറയെ ഇലകളും പൂക്കളും കായ്കളുമുള്ള ജീവനുള്ള മരങ്ങള്‍. സിഡ്നി നഗരത്തോടു ചേര്‍ന്നുള്ള ഹോംബുഷ് ബേയിലാണ് ഈ കപ്പലുള്ളത്. പഴയ കപ്പലുകള്‍ ഉപേക്ഷിക്കാറുള്ള പ്രദേശത്താണ് 106 വര്‍ഷം പഴക്കമുള്ള ഒരു കപ്പല്‍ ഉള്ളില്‍ നിറയെ മരങ്ങള്‍ നിറഞ്ഞ് നോഹയുടെ പെട്ടകമെന്നവണ്ണം കടലില്‍ കിടക്കുന്നത്.

ഒഴുകുന്ന കാട് എന്നാണ് ഈ കപ്പലിനെ പ്രദേശവാസികള്‍ വിളിക്കുന്നത്. എസ്എസ് അയർഫീൽഡ് എന്ന ഈ യാത്രാ കപ്പല്‍ ആവിയന്ത്രത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സിഡ്നി - ന്യൂ കാസില്‍ പാതയില്‍ സഞ്ചാരത്തിനായാണ് ഈ കപ്പല്‍ ഉപയോഗിച്ചിരുന്നത്. 1911ല്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കപ്പല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഉപയോഗശൂന്യമായത്. അന്ന് മുതല്‍ ഹോംബുഷ് ബേയിലെ കപ്പലുകളുടെ ശവകുടീരം എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് എസ്എസ് അയർഫീൽഡുണ്ട്.

കപ്പലുകള്‍ പൊളിച്ച് ആവശ്യമുള്ള ഭാഗങ്ങള്‍ എടുത്ത് ബാക്കി കടലില്‍ തന്നെ ഉപേക്ഷിക്കുകയാണ് ഹോം ബുഷ് ബേയില്‍ ചെയ്തു വന്നത്. എന്നാല്‍ എസ്എസ് അയർഫീൽഡ് പൊളിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇത് നിര്‍വ്വഹിച്ചിരുന്ന കമ്പനി കടത്തിലാവുകയും പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ആരാലും ഏറ്റെടുക്കപ്പെടാതെ, അതേസമയം തകര്‍ക്കപ്പെടാതെ അയർഫീൽഡ് കടലില്‍ തന്നെ തുടര്‍ന്നു. വൈകാതെ ചെറിയ ചെടികളും മരങ്ങളുമെല്ലാം കപ്പലില്‍ സ്ഥാനം പിടിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇപ്പോഴത്തെ പേര് അന്വര്‍ത്ഥമാക്കും വിധം ഒഴുകുന്ന കാടായി മാറി.

ഇപ്പോള്‍ സിഡ്നിയിലെത്തുന്ന സഞ്ചാരികളുടെ പോലും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ ഒഴുകുന്ന കാട്. അതിനാല്‍ തന്നെ കപ്പല്‍ തകര്‍ക്കാനോ ഇവിടെ നിന്നും നീക്കാനോ ആര്‍ക്കും താല്‍പ്പര്യമില്ല. മാത്രമല്ല കപ്പല്‍ ഇനി എന്തെങ്കിലും ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭവുമില്ല. കൂടാതെ പ്രദേശവാസികളും കപ്പലിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ മൈലുകള്‍ക്കപ്പുറം സിഡ്നി നഗരം നിയോൺ വെളിച്ചത്തില്‍ മുങ്ങിനില്‍ക്കുമ്പോള്‍ കാലം തെറ്റിയത്തിയതു പോലെ ഒരു അദ്ഭുത കാഴ്ചയായി  എസ്എസ് അയർഫീൽഡ് അവിടെ ഇനിയുമുണ്ടാകും.