മുട്ടാർ പുഴയിൽ വീണ്ടും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപം പുഴയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ കൊഞ്ചിനെ നാട്ടുകാർ പിടിച്ചെടുത്തപ്പോൾ.

മുട്ടാർ പുഴയിൽ വർഷംതോറും ആവർത്തിക്കുന്ന മത്സ്യക്കെടുതിക്ക് ഇന്നലെ തുടക്കം.  കളമശേരി മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു താഴെ ഇന്നലെ രാവിലെ വൻതോതിൽ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞു.  പൊടി മത്സ്യങ്ങൾ ചത്തുപൊങ്ങി. കരിമീൻ, കറൂപ്പ്, കൊഞ്ച്, കോലാൻ തുടങ്ങിയ മത്സ്യങ്ങൾ വായുകിട്ടാതെ ജലോപരിതലത്തിൽ പിടഞ്ഞു. ഇവയെ ഏറിയ പങ്കും നാട്ടുകാരും വലവീശുന്നവരും പിടിച്ചെടുത്തു.

വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഓക്സിജന്റെ അളവ് ക്രമാതീതമായി താഴ്ന്നതാണു  മത്സ്യങ്ങൾക്കു ഭീഷണിയായതെന്നു മലിനീകരണ നിയന്ത്രണ ബോർഡ് സർവീലൻസ് സെന്റർ മേധാവി ശ്രീലക്ഷ്മി അറിയിച്ചു.  വരുംദിവസങ്ങളിലും ഈ പ്രക്രിയ ആവർത്തിക്കാൻ ഇടയുണ്ടെന്നും അവർ പറഞ്ഞു. ഉന്നതോദ്യോഗസ്ഥരെ ഈ വിവരം അറിയിക്കുമെന്നും ശ്രീലക്ഷ്മി അറിയിച്ചു.  കഴിഞ്ഞ രണ്ടു ദിവസമായി പുഴയിൽ ഓക്സിജന്റെ (ഡിഒ) അളവ് രണ്ടു മില്ലിഗ്രാം/ലീറ്റർ ആയിരുന്നു.

പുഴയിൽ ഒഴുക്കു നിലയ്ക്കുകയും ജലനിരപ്പു താഴുകയും ചെയ്തതിനാലാണ് ഓക്സിജന്റെ അളവു കുറഞ്ഞത്. വെള്ളത്തിന്റെ നിറവും മാറിയിട്ടുണ്ട്. മലിനജലമടക്കം മഞ്ഞുമ്മൽ ഷട്ടറിനു സമീപം കെട്ടിക്കിടക്കുന്നതു ഓക്സിജൻ കുറയുന്നതിനു മറ്റൊരു കാരണമാണ്. ഷട്ടറുകൾ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.  കൃത്യമായ ഇടവേളകളിൽ ഷട്ടറുകൾ തുറക്കുന്നില്ല. പുഴയിൽ നിന്നു പമ്പു ചെയ്തെടുക്കുന്നതല്ലാതെ ആവശ്യത്തിനു വെള്ളം ഒഴുകിയെത്തുന്നില്ല.

തൂമ്പുങ്കൽ തോടുവഴിയും നോർത്ത് കളമശേരി മാർക്കറ്റിൽ നിന്നുള്ള വെള്ളവും കമ്പനികളുടെയും ഫ്ലാറ്റുകളിലെയും സെപ്റ്റിക് ടാങ്ക് മാലിന്യവും കൂടിച്ചേർന്നാണു ഷട്ടറിന് സമീപത്തേക്കു ഒഴുകിയെത്തുന്നത്. 

ഫാക്ട്, എച്ച്ഐഎൽ, ടിസിസി, അമൃത ആശുപത്രി, കൊച്ചിൻ റിഫൈനറി, കിൻഫ്ര പാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾ കുടിവെള്ളമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കു പെരിയാറിന്റെ ശാഖയായ മുട്ടാർപുഴയെയാണ് ആശ്രയിക്കുന്നത്.