മറകളില്ലാത്ത മത്സ്യം!

ഒളിച്ചുവയ്ക്കാൻ ഈ മത്സ്യത്തിന് യാതൊന്നുമില്ല. വെളിയിൽ നിന്നു നോക്കുന്നവർക്ക് അതിന്റെ ശരീരത്തിലെ മുള്ളടക്കം എല്ലാം കാണാം. വെളിച്ചം കടന്നു പോകുന്ന ഏറെക്കുറെ സുതാര്യമായ എക്സ്-റേ പോലുള്ള ശരീരം! അതുകൊണ്ടാകാം ഈ മത്സ്യത്തിന് എക്സ്-റേ ടെട്ര എന്ന പേരുകിട്ടിയത്

പ്രിസ്റ്റെല്ല മാക്സിലാരിസ് എന്നാണ് ഈ എക്സ്-റേ മീനിന്റെ ശാസ്ത്രനാമം. പ്രിസ്റ്റെല്ല എന്ന മത്സ്യജനുസ്സിലെ ഒരേയൊരു സ്പീഷിസാണിവ. ഗോൾഡൻ പ്രിസ്റ്റെല്ല ടെട്ര എന്നും വാട്ടർ ഗോൾഡ് ഫിഞ്ച് എന്നും ഇതിനു പേരുണ്ട്. ശുദ്ധജല മത്സ്യമായ ഇവയെ കണ്ടുവരുന്നത് തെക്കേ അമേരിക്കയിലെ ആമസോൺ, ഓറിനോകോ നദികളിലാണ്. ഇന്ന് മനുഷ്യൻ അക്വേറിയങ്ങളിൽ വളർത്തി വരുന്നവയിൽ ഏറ്റവും പേരുകേട്ട മത്സ്യങ്ങളിലൊന്നാണിവ.

സുതാര്യമായ ശരീരം തന്നെയാണ് ഈ കൊച്ചു മത്സ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ശരീരത്തിനുള്ളിൽ മുട്ടകളുണ്ടെങ്കിൽ അതും വെളിയിൽ നിന്നു കാണാം! സ്വർണ നിറത്തിലുള്ള വരകളും മഞ്ഞ, കറുപ്പ്, വെള്ള നിറങ്ങളിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വെള്ളത്തിലെ ശബ്ദ തരംഗങ്ങളെ പിടിച്ചെടുത്ത് കേൾക്കാൻ സഹായിക്കുന്ന സവിശേഷമായ ആന്തരഘടനയാണ് എക്സ്-റേ ടെട്രകൾക്ക്. ജലാശയങ്ങളുടെ ആഴമുള്ള ഭാഗങ്ങളിൽ വൻപറ്റങ്ങളായി കഴിഞ്ഞുവരുന്ന ഇവ കീടങ്ങളെയും മറ്റു ചെറുജീവികളെയും ജലസസ്യങ്ങളെയുമൊക്കെ ഭക്ഷണമാക്കുന്നു. വലിയ മീനുകളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ശത്രുക്കൾ. തീരത്തോടടുത്തുകൂടി നീന്തുമ്പോൾ പക്ഷികളും പാമ്പുകളുമൊക്കെ ഇവയെ അകത്താക്കാറുണ്ട്.

എളുപ്പത്തിൽ ശത്രുക്കളുടെ കണ്ണിൽപെടാതിരിക്കാൻ പ്രകൃതി നൽകിയ വരമാണ് ഇവയുടെ സുതാര്യമായ ശരീരം. സദാ ഓളം വെട്ടിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ, അസംഖ്യം സസ്യങ്ങൾക്കിടയിൽ എക്സ്-റേ ടെട്രകളെ കണ്ടെത്തുക എത്ര എളുപ്പമല്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലാണ് മനുഷ്യൻ ഈ മീനുകളെ തിരിച്ചറിഞ്ഞത് എന്നു കരുതുന്നു. ഉള്ളു വെളിവാക്കുന്ന ശരീരഘടനയും ഏതു കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവും എളുപ്പത്തിൽ പെരുകുമെന്ന പ്രത്യേകതയും ഉള്ളതിനാൽ ലോകമെങ്ങുമുള്ള അക്വേറിയങ്ങളിലെ സൂപ്പർ താരമാണ് ഇന്ന് ഈ മത്സ്യം. യൂറോപ്പിലും ഏഷ്യയിലുമൊക്കെ ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ എക്സ്-റേ ടെട്രകളെ വളർത്തുന്നുമുണ്ട്.