ഹിപ്പോകളുടെ അതിർത്തിയിൽ വെള്ളം തേടിയെത്തിയ കാണ്ടാമൃഗത്തിനു സംഭവിച്ചത്?

അതിര്‍ത്തി സംരക്ഷണത്തില്‍ കൃത്യത കാക്കുന്നവരാണ് ഹിപ്പോകള്‍. തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറുന്നവര്‍ക്ക് മിക്കവാറും മരണത്തില്‍ കുറഞ്ഞ ശിക്ഷ ഹിപ്പോകള്‍ നല്‍കാറില്ല. കരുത്തേറെയുള്ളവരാണെങ്കിലും കാണ്ടാമൃഗങ്ങള്‍ക്കു പോലും ഹിപ്പോകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാറില്ല. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഹിപ്പോയുടെ അതിര്‍ത്തിയിലേക്കു കടന്നു ചെന്ന കാണ്ടാമൃഗത്തിനു സംഭവിച്ചതും മറിച്ചായിരുന്നില്ല.

ആഫ്രിക്കയുടെ തെക്കന്‍ പ്രദേശത്തു വേനല്‍ക്കാലമായതിനാല്‍ ജലക്ഷാമം രൂക്ഷമാണ്. അതിനാല്‍ തന്നെ ഉറവയുള്ള പ്രദേശങ്ങളിലും ചെറിയ കുളങ്ങളിലും മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടം നിത്യസംഭവമാണ്. ഇത്തരം ഒരു കുളത്തിലേക്കാണ് ദാഹിച്ചു വലഞ്ഞ കാണ്ടാമൃഗം വെള്ളം കുടിക്കാനെത്തിയത്. എന്നാല്‍ കുളത്തില്‍ അപ്പോഴുണ്ടായിരുന്ന ഹിപ്പോ കുടുംബം കാണ്ടാമൃഗത്തെ കുളത്തിലിറങ്ങാന്‍ സമ്മതിച്ചില്ല. കൂടെയുണ്ടായിരുന്ന കുട്ടിയുടെ സുരക്ഷയെ കരുതിയാണ് ഹിപ്പോകള്‍ ഈ ചെറുത്തു നില്‍പ്പു നടത്തിയത്.

എന്നാല്‍ എത്ര വിരട്ടിയിട്ടും കാണ്ടാമൃഗം കല്ലു പോലെ അനങ്ങാതെ നിന്നു. ഇതാണ് ഹിപ്പോകളെ പ്രകോപിപ്പിച്ചത്. കാണ്ടാമൃഗത്തിന്റെ കഴുത്തിലും വയറിലും കടിച്ച ഹിപ്പോ കഴുത്തിനു കടിച്ചു കൊണ്ട് കാണ്ടാമൃഗത്തെ വെള്ളത്തിലേക്കു വലിച്ചിടുകയായിരുന്നു. ഹിപ്പോയുടെ അടിയിലായതോടെ കാണ്ടാമൃഗത്തിനു വെള്ളത്തില്‍ നിന്നു കയറാനും പറ്റിയില്ല. ഇതിനിടെയിൽ ഹിപ്പോ മാരകമായി തന്നെ കാണ്ടാമൃഗത്തെ മുറിവേല്‍പ്പിക്കുകയും ചെയ്തു.

കുളത്തിനു സമീപത്തുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കാണ്ടാമൃഗത്തെ ഹിപ്പോ വെള്ളത്തില്‍ മുക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. കാണ്ടാമൃഗം പിന്നീടു ജീവൻവെടിഞ്ഞതായും ഇവര്‍ സ്ഥിരീകരിച്ചു