പ്ലാസ്റ്റിക് ദഹിപ്പിക്കുന്ന ‘അദ്ഭുത ജീവി’!

പസിഫിക് സമുദ്രത്തിൽ 11 കിലോമീറ്റർ താഴെയുള്ള കിടങ്ങുകളിലെ ജീവികളുടെ ശരീരത്തിൽ വരെ മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ട് അന്തം വിട്ട അവസ്ഥയിലാണു പരിസ്ഥിതി ശാസ്ത്രജ്ഞർ. ന്യൂകാസിൽ സർവകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്നാൽ ഒരേസമയം ആശങ്കയും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് ഇപ്പോഴെത്തിയിരിക്കുന്നത്. ചെമ്മീൻ കുടുംബത്തിൽപ്പെട്ട അന്റാർട്ടിക് ക്രിൽ (ശാസ്ത്രനാമം: Euphausia superba) എന്ന ചെറു സമുദ്രജീവികൾക്ക് പ്ലാസ്റ്റിക്കിനെ ‘ദഹിപ്പിക്കാനുള്ള’ കഴിവുണ്ടെന്നതാണത്. പൂർണമായും ദഹിപ്പിച്ച് ഇല്ലാതാക്കുക എന്നതല്ല, മറിച്ച് പ്ലാസ്റ്റിക് കഷ്ണങ്ങളെ വളരെ ചെറുതാക്കി മാറ്റാനുള്ള കഴിവാണ്. 

സാധാരണ ഗതിയിൽ സമുദ്രജീവികൾക്കുള്ളിൽ പ്ലാസ്റ്റിക് കുടുങ്ങിയാൽ അവയുടെ ജീവനെടുക്കുകയാണു പതിവ്. എന്നാൽ മൈക്രോപ്ലാസ്റ്റിക്കുകൾ അകത്തു ചെന്നാൽ ക്രില്ലിനു യാതൊരു കുഴപ്പവുമുണ്ടാകില്ല. മാത്രവുമല്ല അവയെ ‘നാനോ പ്ലാസ്റ്റിക്കായി’ പുറംതള്ളുകയും ചെയ്യും. ക്രില്ലുകളുടെ വയറ്റിലെത്തി അഞ്ചുദിവസത്തിനകം ദഹനം പൂർത്തിയാക്കി പ്ലാസ്റ്റിക് പുറംതള്ളപ്പെടുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. കടലിൽ വൻതോതില്‍ കൂട്ടത്തോടെ കാണപ്പെടുന്നവയാണ് ഈ ചെറുജീവികൾ. അതിനാൽത്തന്നെ ദഹിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവും കൂടും. 

അതേസമയം പ്ലാസ്റ്റിക് കുപ്പികളൊന്നുമല്ല ക്രിൽ കഴിക്കുന്നതെന്നോർക്കണം. രണ്ടു മില്ലിമീറ്റർ വ്യാസത്തിൽ കൂടുതൽ വലുപ്പമുള്ള പ്ലാസ്റ്റിക്കൊന്നും ഇവയ്ക്കു കഴിക്കാനും സാധിക്കില്ല. പകരം അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് അകത്താക്കുക. 31.5 മൈക്രോൺ വ്യാസമുള്ള പ്ലാസ്റ്റിക് കഷ്ണങ്ങളെ ഒരു മൈക്രോണിൽ താഴെ വലുപ്പത്തിലേക്കു ‘ദഹിപ്പിച്ചെടുത്തു’ എന്നതാണ് ഇവയുടെ പ്രത്യേകത. (മനുഷ്യരക്തത്തിലെ ചുവപ്പു രക്താണുക്കൾക്ക് 5 മൈക്രോൺ മാത്രമാണു വലുപ്പമെന്നോർക്കാം) ലാബറട്ടറിയിൽ പുതിയ പ്ലാസ്റ്റിക് കഷ്ണങ്ങൾ കഴിക്കാൻ കൊടുത്താണു ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. 

എന്നാൽ ഗവേഷണത്തിനു നേതൃത്വം നൽകിയ ഗ്രിഫിത് സർവകലാശാലയിലെ ഡോ.അമാൻഡ ഡോസൺ പറയുന്നതിങ്ങനെ : ‘കടലിൽ ക്രില്ലുകളുടെ ജോലി കുറച്ചു കൂടി എളുപ്പമാകും. സൂര്യപ്രകാശത്തില്‍ നിന്നുള്ള അൾട്രാ വയലറ്റ് റേഡിയേഷനുകൾ പതിച്ച് പ്ലാസ്റ്റിക് സ്വാഭാവികമായും മൃദുലമായിട്ടുണ്ടാകും. ഇത് ‘ദഹിപ്പിക്കാനും’ എളുപ്പമാണ്. ചെറു പ്ലാസ്റ്റിക് നൂലുകളൊക്കെയാണ് ഇത്തരത്തില്‍ ഏറെ ചെറിയ പ്ലാസ്റ്റിക് ‘കണ’മായി മാറുക. പ്ലാസ്റ്റിക് നൂലുകൾ പോലും മത്സ്യങ്ങൾക്കും കടലാമകൾക്കും ഏറെ ദോഷകരമാണെന്നോർക്കണം. ക്രിൽ അകത്തേക്കെടുക്കുന്ന പ്ലാസ്റ്റിക്കിനേക്കാളും 78 ശതമാനം വരെ വലുപ്പം കുറഞ്ഞായിരിക്കും പുറത്തേക്കു വിടുക. ചിലതാകട്ടെ 94 ശതമാനം വരെ വലുപ്പം കുറഞ്ഞിട്ടുണ്ടാകും. ക്രില്ലുകളുടെ ദഹനവ്യവസ്ഥ ഇക്കാര്യത്തിൽ ഒരു ‘അരകല്ലു’ പോലെയാണു പ്രവർത്തിക്കുകയെന്നും ഗവേഷകരുടെ വാക്കുകൾ. 

എന്നാൽ സമുദ്രത്തിൽ അടിയുന്ന മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തിനു ക്രില്ലുകൾ ഒരിക്കലും പ്രതിവിധിയല്ലെന്നും അമാൻഡ പറയുന്നു. മറിച്ച് നിലവിലുള്ള പ്ലാസ്റ്റിക്കിനെ അവ അൽപം വലുപ്പം കുറച്ചതാക്കുന്നു. ഇത്രത്തോളം സമുദ്രത്തിലേക്കു തള്ളപ്പെടുന്ന നാനോ പ്ലാസ്റ്റിക്കിന്റെ അളവു കണ്ടെത്താനും ബുദ്ധിമുട്ടാണ്. വലുപ്പക്കുറവ് തന്നെ പ്രധാന കാരണം. പക്ഷേ ഈ നാനോപ്ലാസ്റ്റിക് വയറ്റിലെത്തിയാലും മറ്റു ചെറുജീവികൾക്കു കാര്യമായ പ്രശ്നങ്ങളുണ്ടാകില്ല. ഭക്ഷ്യശൃംഖലയിലെ കുഞ്ഞൻ സമുദ്രജീവികൾക്ക് ‘ജീവശ്വാസം’ പകരുന്ന നീക്കമാണു ക്രില്ലുകൾ നടത്തുന്നതെന്നു ചുരുക്കം. ക്രില്ലുകൾ ഉൾപ്പെടുന്ന ‘പ്ലാങ്ക്ടണിക് ക്രസ്റ്റേഷ്യന്‍സ്’ വിഭാഗത്തിലെ മറ്റു കടൽജീവികൾക്കും ഈ കഴിവുണ്ടോയെന്നറിയാനാണ് ഇനിയുള്ള ഗവേഷണം.