ചൂടു കൂടി, മണ്ണു ചത്തു ഒപ്പം മണ്ണിരയും

പ്രളയത്തെ തുടർന്നു പെട്ടെന്നു ചൂടു കൂടിയതോടെ കൂട്ടത്തോടെ ചത്ത മണ്ണിരകൾ മണ്ണിന്റെ മേൽത്തട്ടിലും തൊട്ടുതാഴെയും വസിക്കുന്ന ഇനങ്ങളെന്ന് പഠനം. അമിന്താസ്, മെറ്റഫയർ, ഫോണ്ടോസ്കോലക്സ് ഇനങ്ങളിൽപ്പെട്ട മണ്ണിരകളാണ് ഇടുക്കി ജില്ലയിൽ വ്യാപകമായി ചത്തതെന്ന് പ്രതിഭാസത്തെക്കുറിച്ചു പഠനം നടത്തിയ എംജി യൂണിവേഴ്സിറ്റി അഡ്വൻസ്ഡ് സെന്റർ ഓഫ് എൻവയൺമെന്റൽ സയൻസ് ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റിലെ ഡോ. എസ്.പ്രശാന്ത് നാരായണൻ പറഞ്ഞു.

കനത്ത ചൂടിൽ മണ്ണിന്റെ മേൽപ്പാളിയിലെ ഈർപ്പം നഷ്ടപ്പെട്ടതോടെ മണ്ണിരകൾ അനുകൂല ജീവിത സാഹചര്യം തേടി രാത്രി കൂട്ടത്തോടെ പലായനം തുടങ്ങി. സൂര്യോദയത്തിനു ശേഷവും മണ്ണിനു മുകളിൽപ്പെട്ടവയാണ് ചത്തത്. വയലുകളിൽ പുതിയ വിളകൾ കൃഷിചെയ്യാൻ ആരംഭിച്ചത് മണ്ണിന്റെ സ്വഭാവത്തിൽ വ്യത്യാസമുണ്ടായിട്ടുണ്ട്. ഈർപ്പം പിടിച്ചുനിർത്താൻ മണ്ണിനുള്ള കഴിവ് കുറഞ്ഞു. കൃഷിയിടങ്ങളിലെ മേൽമണ്ണിലും അതിവേഗം ജലാംശം നഷ്ടമായി.

ഇതോടെ മണ്ണിരകൾ നശിച്ചു. ജില്ലയിൽ 20 ഏക്കർ, കുഞ്ചിത്തണ്ണി, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലും വയനാട്ടിലെ വിവിധ പ്രദേശങ്ങളിലുമുൾപ്പെടെ മണ്ണിരകൾ ചത്തൊടുങ്ങിയിരുന്നു. പകൽ അന്തരീക്ഷ താപനില വർധിക്കുന്നതും രാത്രി താപനില വളരെയധികം കുറയുന്നതും മണ്ണിരകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പ്രളയത്തിനുശേഷം മൂന്നാറിൽ രാത്രി താപനില എട്ടു ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു.