അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം: ഇത് ചെകുത്താന്റെ പാത്രമോ?

മിനസോട്ടയിലെ ജസ്റ്റിസ് സി.ആർ. മാഗ്നെ സ്റ്റേറ്റ് പാർക്കിൽ നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. അവയിലൊന്ന് ശാസ്ത്രജ്ഞൻമാരെയും ഇവിടെയെത്തുന്ന സന്ദർശകരെയും ആശ്ചര്യപ്പെടുത്തുകയാണ്. കാരണം മറ്റൊന്നുമല്ല. പാറക്കൂട്ടങ്ങൾക്കിടയിൽ വലിയ കുഴിയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടം അപ്പാടെ അപ്രത്യക്ഷമാവുകയാണ് ഇവിടെ!

പാർക്കിലൂടെ ഒഴുകുന്ന ബ്രുലെ നദി ഇടയ്ക്കു വലിയ പാറയിൽ തട്ടി രണ്ടായിപ്പിരിഞ്ഞ് രണ്ട് ചെറു വെള്ളച്ചാട്ടങ്ങളായി താഴേക്കു പതിക്കുകയാണ്. അതിലൊന്ന് സാധാരണ വെള്ളച്ചാട്ടങ്ങൾ പോലെ നദിയുടെ തുടർച്ചയായി ഒഴുകുന്നു. എന്നാൽ മറ്റേതാകട്ടെ പാറക്കൂട്ടങ്ങളിലെ കുഴിയിലേക്കാണു പതിക്കുന്നത്. പക്ഷേ ഇതിനുശേഷം ഈ വെള്ളം എവിടേക്കു പോകുന്നുവെന്നു കണ്ടെത്താനായിട്ടില്ല. കുഴിയിൽനിന്നു വെള്ളമൊഴുകുന്ന ചാലുകളൊന്നും കണ്ടെത്തിയിട്ടുമില്ല. വെള്ളം വീഴുന്നതിനനുസരിച്ച് കുഴി നിറയുകയോ കവിഞ്ഞൊഴുകുകയോ ചെയ്യുന്നുമില്ല. ഇത്തരത്തിൽ വെള്ളത്തെ അപ്പാടെ അപ്രത്യക്ഷമാക്കുന്ന വെള്ളച്ചാട്ടത്തിനു ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര് ‘ഡെവിൾസ് കെറ്റിൽ’ അഥവാ ചെകുത്താന്റെ പാത്രം എന്നാണ്.

പലരും പല വിശദീകരണങ്ങളും ഈ വെള്ളച്ചാട്ടത്തെപ്പറ്റി നൽകുന്നുണ്ടെങ്കിലും ഇതിനു സമീപത്തെ ഭൂപ്രകൃതി അവയെയൊന്നും പിന്തുണയ്ക്കുന്നതല്ല. എന്നാൽ മിനസോട്ടയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് നാച്വറൽ റിസോഴ്സസിലെ ശാസ്ത്രജ്ഞന്മാർ പറയുന്നത് കുഴിയിലേക്കു പതിക്കുന്ന ജലം കുറച്ചകലെയായി വീണ്ടും നദിയിൽത്തന്നെ വന്നുചേരുന്നുണ്ടെന്നാണ്. വെള്ളച്ചാട്ടത്തിനു മുകളിലുള്ള വെള്ളത്തിന്റെ അളവും നിലംപതിച്ചതിനുശേഷം അല്പം താഴെയായി ഒഴുകുന്ന വെള്ളത്തിന്റെ അളവും ഏകദേശം തുല്യമാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഈ നിഗമനം. അങ്ങനെയെങ്കിൽ കുഴിയിലേക്കു പതിക്കുന്ന ജലം ഏതുവഴിയിൽ തിരികെ നദിയിലെത്തുന്നു എന്നു കണ്ടെത്താൻ വെള്ളത്തിൽ നിറം കലർത്തിയുള്ള പ്രത്യേക പരീക്ഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞൻമാർ.