എവറസ്റ്റിലെ മനുഷ്യ മൈല്‍കുറ്റികള്‍

ഡേവിഡ് ഷാര്‍പ്പ് എന്ന പര്‍വ്വതാരോഹകന്റെ ശരീരം ഒരു ഗുഹക്ക് സമീപം ഇരിക്കുന്ന നിലയിലാണുള്ളത്. ഗ്രീന്‍ ബൂട്ട്‌സ് കേവ് എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. 2005ലാണ് ഡേവിഡ് എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഗുഹക്കുസമീപം അല്‍പസമയത്തേക്ക് ഇരുന്ന അദ്ദേഹത്തിന്റെ ശരീരം അനങ്ങാനാകാത്തവിധം തണുത്തുറയുകയായിരുന്നു.

ഡേവിഡ് ഷാര്‍പ് വിറങ്ങലിച്ചുകൊണ്ട് മരണത്തിലേക്ക് നീങ്ങുമ്പോള്‍ മുപ്പതോളം പര്‍വതാരോഹകര്‍ അദ്ദേഹത്തെ കടന്നുപോയി. കൂട്ടത്തില്‍ ഒരാള്‍ വിശ്രമിക്കാനിരിക്കുന്നു എന്ന് മാത്രമേ ഇവര്‍ കരുതിയുള്ളൂ. ഒടുവിലെത്തിയ ചില പര്‍വ്വതാരോഹകരാണ് ഡേവിഡില്‍ നിന്നും ചില ഞരക്കങ്ങള്‍ വരുന്നത് ശ്രദ്ധിച്ചത്. കൂടുതല്‍ പരിശോധിച്ചതോടെ ഇവര്‍ക്ക് സുഹൃത്ത് മരണത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലായി. അപ്പോഴും ബോധം നശിച്ചിരുന്നില്ലെങ്കിലും ശരീരം അനക്കാനാകാത്ത അവസ്ഥയിലായിരുന്നു ഡേവിഡ് ഷാര്‍പ്പ്.

ഇന്ത്യക്കാരന്‍ ഗ്രീന്‍ ബൂട്ട്‌സ്

എവറസ്റ്റിലേക്കുള്ള പാതയില്‍ മറ്റൊരു ഗുഹയ്ക്ക് സമീപമാണ് ഇന്ത്യക്കാരനായ സെവാങ് പല്‍ജോറിന്റെ ശരീരം ഉള്ളത്. പച്ച ബൂട്ട് ധരിച്ച അദ്ദേഹത്തിന്റെ ശരീരം കിടക്കുന്ന നിലയിലാണ്. 1996ലാണ് സ്വപ്‌നസഞ്ചാരത്തിനിടെയിൽ അദ്ദേഹത്തനു ജീവന്‍ നഷ്ടമായത്. കൂട്ടം തെറ്റിപോയതാണ് സെവാങ് പല്‍ജോറിന് തിരിച്ചടിയായത്. കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഒരു ചെറിയ ഗുഹാ കവാടത്തില്‍ അഭയം തേടിയ അദ്ദേഹം അവിടെ തന്നെ മരിച്ചുവീണു. ലക്ഷ്യം എത്രത്തോളം അടുത്താണെന്ന് ഒാരോ പര്‍വ്വതാരോഹകനേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആ പച്ച ബൂട്ടുകള്‍ ഇപ്പോഴും എവറസ്റ്റില്‍ വിശ്രമിക്കുന്നത്.

ശരീരങ്ങളെ കേടുകൂടാതെ സൂക്ഷിക്കുന്ന എവറസ്റ്റ്

93 വര്‍ഷങ്ങള്‍ക്കു മുമ്പ് എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ മരിച്ച ജോര്‍ജ് മല്ലോറിയുടെ ദേഹം ഇപ്പോഴും കാര്യമായ പ്രശ്‌നങ്ങളില്ലാതെ കൊടുമുടിക്കു മുകളിലുണ്ട്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ മനുഷ്യനാകാനുള്ള ശ്രമത്തിനിടെയാണ് ആ സാഹസികന്‍ മരണത്തിനു കീഴടങ്ങിയത്. 1953ല്‍ എവറസ്റ്റിനു മുകളിലെത്തിയ ടെന്‍സിംങ് നോര്‍ഗെയ്ക്കും എഡ്മണ്ട് ഹിലാരിക്കും മുമ്പ് 245 മീറ്ററുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ട സാഹസികനായിരുന്നു ജോര്‍ജ് മല്ലോറി. അദ്ദേഹത്തിന്റെ മൃതദേഹം 1999ലാണ് തിരിച്ചറിഞ്ഞത്. അദ്ദേഹം എവറസ്റ്റ് കീഴടക്കിയശേഷം ഇറങ്ങുമ്പോഴാണോ അപകടത്തില്‍ പെട്ടത് എന്നത് ഇപ്പോഴും എവറസ്റ്റിനു മാത്രം അറിയാവുന്ന പല രഹസ്യങ്ങളിലൊന്നായി അവശേഷിക്കുന്നു.

മരിച്ച പര്‍വ്വതാരോഹകരുടെ ശരീരങ്ങള്‍ക്കു ചുറ്റും കല്ലുകള്‍ വെച്ച് ഇപ്പോഴും പര്‍വതാരോഹകര്‍ ഈ സാഹസികരെ ബഹുമാനിക്കുന്ന പതിവുണ്ട്. പല ശരീരങ്ങളും വിചിത്രമായ രീതിയിലാണ് കിടക്കുന്നത്. തലകുത്തനെ വീണ നിലയിലുള്ളവയും കിടന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന നിലയിലുള്ളവയും ഉണ്ട്.

ഈ മരവിച്ച മൃതദേഹങ്ങൾ ഇവിടെ സുരക്ഷിതം- ഭാഗം 1

അവര്‍ നൂറ്റാണ്ടുകളോളം എവറസ്റ്റിനു മുകളിലുണ്ടാകും- ഭാഗം 3