തിരുവനന്തപുരം മൃഗശാലയിലെ ഏക ജാഗ്വാർ ആയിരുന്ന സംഗീത ഓർമ്മയായി

തിരുവനന്തപുരം മൃഗശാലയിലെ ഏക അമേരിക്കൻ പുള്ളിപ്പുലി സംഗീത ചത്തു. രാവിലെ പതിനൊന്നൊടെയാണു ചത്തത്. പ്രായാധിക്യം മൂലമുള്ള മരണമാണെന്ന് അധികൃതർ അറിയിച്ചു. 2003ൽ സൽമാൻ എന്ന ആൺ ജാഗ്വാറിന് ഒപ്പം ഹൈദരാബാദ് മൃഗശാലയിൽ നിന്നാണു സംഗീതയെ ഇവിടേക്കു കൊണ്ടുവന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ കാരണം കുറച്ചു വർഷങ്ങളായി കാഴ്ചക്കാരിൽ നിന്നു മാറ്റി ആശുപത്രിയിൽ ചികിത്സ നൽകി വരികയായിരുന്നു.

പൂർണമായും കാഴ്ച നശിച്ച അവസ്ഥയിലായിരുന്നു സംഗീത. വെള്ളക്കടുവയെ കൊണ്ടുവരുന്നതിനായി ഡൽഹി മൃഗശാലയ്ക്ക് സൽമാനെ നൽകിയതോടെ സംഗീത ഒറ്റയ്ക്കായി.സൽമാൻ കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിൽ ചത്തു. സാധാരണ, ജാഗ്വാറുകളുടെ ആയുസ്സ് 17 വർഷമാണ്. സംഗീതയ്ക്ക് 24 വയസ്സുള്ളതായി അധികൃതർ അറിയിച്ചു. മൃഗശാലയിലെ ആകെയുണ്ടായിരുന്ന ജാഗ്വാറാണ് ചത്ത സംഗീത. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം സംസ്കരിച്ചു.

മൃഗശാലയിലേക്ക് ഒരു ജോടി ജാഗ്വാറുകളെ എത്തിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. ജിറാഫ്, സീബ്ര എന്നിവയെ കൊണ്ടുവരാനുള്ള നടപടികൾക്കു കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട് .ഇവയ്ക്ക് ഒപ്പം ജാഗ്വാറിനെ കൂടി എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ഇനി ഫോറസ്റ്റ് ആൻഡ് എൻവയൺമെന്റിന്റെ അനുമതി കൂടി ലഭിക്കണം.