ശക്തിമാന്റെ കാൽ തല്ലിയൊടിച്ച കേസ് പിൻവലിച്ചു

ഡെറാഡൂണിൽ പൊലീസ് കുതിര ശക്തിമാന്റെ കാൽ തല്ലിയൊടിച്ച ബിജെപി എംഎൽഎ ഗണേഷ് ജോഷിക്കെതിരായ കേസ് ഉത്തരാഖണ്ഡ് സർക്കാർ പിൻവലിച്ചു. ബിജെപി നടത്തിയ സമരത്തിനിടെ ജോഷി കുതിരയുടെ കാൽ തല്ലിയൊടിച്ചതു വൻവിവാദമായിരുന്നു. പിൻകാൽ മുറിച്ചുമാറ്റേണ്ടിവന്ന കുതിര ഒരു മാസത്തിനുശേഷം ചത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം അനുസരിച്ചാണു കേസെടുത്തിരുന്നത്.

2016 മാർച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് 14 വയസുണ്ടായിരുന്ന കുതിരയെ  എംഎൽഎ ഗണേഷ് ജോഷി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെത്തുടർന്ന് നിരവധി ഒടിവുകൾ കുതിരയുടെ കാലിനുണ്ടായിരുന്നു. കൃത്രിമക്കാൽ ഘടിപ്പിച്ചെങ്കിലും ഏപ്രിൽ 20ന് കുതിര ജീവൻ വെടിഞ്ഞു. 10 വർഷത്തോളം ഉത്തരാഖണ്ഡ് പൊലീസ് സേനയിലെ അംഗമായിരുന്നു ശക്തിമാൻ. വിവാദമായ ഈ കേസാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.