രാജവെമ്പാലയെ വിവാഹം കഴിച്ചു ജനശ്രദ്ധ നേടി; ഒടുവിൽ പാമ്പ് കടിയേറ്റ് മരണവും

Image Credit: YouTube

രാജവെമ്പാലയെ വിവാഹം കഴിച്ചെന്ന വാര്‍ത്തയിലൂടെ പ്രശസ്തനായ അബു സരിന്‍ ഹുസിന്‍ ആണ് പാമ്പ് കടിയേറ്റു മരണമടഞ്ഞത്. ഇയാള്‍ വളര്‍ത്തിയിരുന്ന രാജവെമ്പാലയല്ല മരണത്തിനു കാരണമായത്. തിങ്കളാഴ്ച ഒരു മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയിലാണ് അബുവിന് കടിയേറ്റത്. അന്ന് മുതല്‍ ആശുപത്രിയില്‍ അബു സരിന്‍ ചികിത്സയിലായിരുന്നു.

മലേഷ്യയിലെ അഗ്‌നിശമനസേന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു അബു സരിന്‍. ഇദ്ദേഹം തന്റെ മരിച്ച് പോയ കാമുകി പുനര്‍ജനിച്ചതാണെന്ന വിശ്വാസത്തില്‍ ഒരു രാജവെമ്പാലയെ വിവാഹം ചെയ്തെന്നാണ് 2016ല്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. 24 മണിക്കൂറും രാജവെമ്പാലക്കൊപ്പം കഴിയുന്ന അബു സരിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ ഈ വാര്‍ത്ത നല്‍കിയതോടെ അബു സരിന്‍ പ്രശസ്തനാവുകയായിരുന്നു 

എന്നാല്‍ താന്‍ രാജവെമ്പാലയെ വളര്‍ത്തുന്നതു മാത്രമെയുള്ളൂവെന്നും വിവാഹം ചെയ്തിട്ടില്ലെന്നുമായിരുന്നു അബു സരിന്‍ പിന്നീട് വിശദീകരിച്ചത്. രാജവെമ്പാലയെ കൂടാതെ വിവിധ ഗണത്തില്‍ പെട്ട നാലു പാമ്പുകളെ കൂടി അബു സരിന്‍ വീട്ടില്‍ വളര്‍ത്തിയിരുന്നു. ഈ പാമ്പുകള്‍ക്ക് തന്നെ പൂർണമായും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ് അബു സരിന്‍ അവകാശപ്പെട്ടിരുന്നത്.

അഗ്നിശമനസേനയില്‍ സേനാംഗങ്ങള്‍ക്ക് പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കുകയായിരുന്നു അബു സരിന്റെ ജോലി.