കൊളേജുകളെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പരിസ്ഥിതി സൗഹൃദ പ്രഖ്യാപനവുമായി യു.ജി.സി

രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്യാംപസുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ ഉത്തരവിട്ടു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് യു.ജി.സി. രാജ്യത്തെ നിരവധി ക്യാംപസുകള്‍ ഇതിനകം തന്നെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കൊളേജുകളെക്കൂടി ഈ വഴിയിലെത്തിക്കാന്‍ യു.ജി.സിയുടെ ഈ ഉത്തരവ് സഹായിക്കും.

പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് കൊണ്ടുള്ള ഉച്ചഭക്ഷണ പാത്രങ്ങള്‍, സ്ട്രോകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ക്യാംപസില്‍ ഉപയോഗിക്കുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നാണ് യുജിസിയുടെ നിര്‍ദേശം. ഈ വര്‍ഷത്തെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് വേദിയാകുന്നത് ഇന്ത്യയാണ്. പ്ലാസ്റ്റിക് മാലിന്യത്തെ തോല്‍പ്പിക്കുക എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ മുദ്രാവാക്യം. ഈ സഹാചര്യത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് യു.ജി.സി ഈ നിര്‍ദ്ദേശം പുറത്തിറക്കിയത്. 

പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ഇതുമായി ബന്ധപ്പെട്ട അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കാനും യു.ജി.സിയുടെ നിര്‍ദ്ദേശത്തിലുണ്ട്. കൂടാതെ സര്‍വ്വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മുന്‍സിപാലിറ്റികളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം നടപ്പാക്കണം. ഒരു തവണ മാത്രം ഉപോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ അപകടങ്ങളെക്കുറിച്ചുള്ള ധാരണ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യുജിസിയുടെ നിർദേശത്തില്‍ പറയുന്നു.

വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍, മണ്ണിലെ ബാക്ടീരിയകള്‍ക്ക് വിഘടിപ്പിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക്കുകള്‍ എന്നിവയില്‍ മാത്രമായി കുട്ടികളുടെ പ്ലാസ്റ്റിക് ഉപയോഗം ക്യാംപസുകളില്‍ പരിമിതപ്പെടുത്തണമെന്നും യുജിസിയുടെ നിര്‍ദ്ദേശത്തിലുണ്ട്. ജൂണ്‍ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി സമ്മേളനം ദില്ലിയില്‍ നടത്തുന്നത്.