ആംഗ്യഭാഷ സംസാരിച്ചിരുന്ന കോകോ ഗൊറില്ല ഇനി ഓർമ്മ

ആംഗ്യഭാഷ അനായാസേന കൈകാര്യം ചെയ്തിരുന്ന പൂച്ചകളെ ഏറെ സ്നേഹിച്ചിരുന്ന കോകോ ഗൊറില്ല ഓർമ്മയായി.  കലിഫോർണിയയിലെ ഗൊറില്ല ഫൗണ്ടേഷൻ പ്രിസേർവിൽ ഉറക്കത്തിലായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു പ്രായം.

1971ൽ സാന്‍ഫ്രാന്‍സിസ്കോ മൃഗശാലയിലാണ് കോകോ ജനിച്ചത്. കുട്ടിഗൊറില്ലയെ അന്ന് ഏറ്റെടുത്തത് പെനി പാറ്റേഴ്സണ്‍ എന്ന യുവതിയായിരുന്നു.വളര്‍ത്തമ്മ എന്ന നിലയില്‍ ഭക്ഷണം കൊടുക്കുകയും താലോലിക്കുകയും മാത്രമല്ല വളര്‍ന്നു വന്നപ്പോൾ മനുഷ്യരോട് സംസാരിക്കാനുള്ള ഭാഷ കൂടി പഠിപ്പിച്ച് നല്‍കി പെനി പീറ്റേഴ്സണ്‍. 

46കാരിയായിരുന്ന കോകോ ആയിരത്തിലധികം വാക്കുകള്‍ ആംഗ്യ ഭാഷയിലൂടെ സംസാരിക്കുമായിരുന്നു. ചിത്രങ്ങള്‍ വരച്ചും മനുഷ്യരുമായി തനിക്ക് പറയാനുള്ളത് ആശയവിനിമയം നടത്താൻ കഴിവുണ്ടായിരുന്നു. കൂടാതെ രണ്ടായിരത്തോളം ഇംഗ്ലിഷ് വാക്കുകള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കോകോയ്ക്ക് അറിയാമായിരുന്നു. ചില സമയങ്ങളില്‍ വളര്‍ത്തമ്മയുടെ മടിയിലിരുന്ന് വണ്ടി ഓടിക്കാനും കോകോ തയ്യാറായിരുന്നു‍.കസേരയില്‍ മനുഷ്യനെപ്പോലെ ഇരിക്കുകയും പുസ്തകങ്ങള്‍ കയ്യിലെടുത്ത് ഗൗരവത്തില്‍ ആലോചിക്കുകയും ചെയ്യുന്ന കോകോ ഗൊറില്ലയാണെന്ന് വിശ്വസിക്കാന്‍ പോലും പലപ്പോഴും ആളുകള്‍ തയ്യാറായിരുന്നില്ല. ഗോറില്ല കുപ്പായമിട്ട മനുഷ്യനാണെന്നാണ് കോകോയെ ആദ്യം കാണുന്നവർ കരുതിയിരുന്നത്.

പൂച്ചകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കോകോ ഏതാണ്ട് ഇരുപത്തി അഞ്ചോളം പൂച്ചകളുടെ വളര്‍ത്തമ്മയാണ്. ഇവയെ താലോലിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതും കോകോയായിരുന്നു.അന്തരിച്ച ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസുമായും വലിയ ചങ്ങാത്തമുണ്ടായിരുന്നു കോകോയിക്ക്.2001ല്‍ തുടങ്ങിയ സൗഹൃദം ഏതാണ്ട് 13 വര്‍ഷക്കാലം നീണ്ടു നിന്നു. റോബിന്‍ വില്യംസിന്‍റെ മരണവാര്‍ത്ത കേട്ടപ്പോള്‍ കോകോ അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നും പെന്നി പീറ്റേഴ്സണ്‍ പറഞ്ഞിരുന്നു.

കോകോയും പെന്നിയും ബിബിസിയുടെ ഒരു ഡോക്യുമെന്‍ററിയുടേയും ഭാഗമായിരുന്നു. ഡോക്യുമെന്‍ററി ഷൂട്ടിനിടയില്‍ അന്ന് കഥയ്ക്ക് പുതിയൊരു മാനവും വന്നിരുന്നു. ആ സമയത്തായിരുന്നു കൂട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ചു കൊന്ന സംഭവം . കോകോയുടെ അതേ വംശത്തില്‍പ്പെട്ട ഗൊറില്ലയാണ് അന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. പരിണാമഘട്ടത്തില്‍ മനുഷ്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗൊറില്ലകളോട് മനുഷ്യര്‍ പെരുമാറുന്നത് അവയെ മനസ്സിലാക്കാതെയാണോയെന്ന ചോദ്യമാണ് കോകോയിലൂടെ  ഡോക്യുമെന്‍ററി ഉയർത്തിയത്.