ഇതുവരെ കൊന്നത് 14 പേരെ, നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ തീരുമാനം

മഹാരാഷ്ട്രയിലെ പൻധര്‍കവാഡാ മേഖലയിൽ പെണ്‍കടുവ ഒന്നര വര്‍ഷത്തിനിടെ 14 പേരെയാണ് കൊന്നു തിന്നത്. ഈ കടുവയെ കൊല്ലുന്നതിനെതിരായ വന്യമൃഗ സ്നേഹികളുടെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതോടെ കടുവയെ വെടിവച്ചു കൊല്ലാന്‍ തയാറെടുപ്പുകള്‍ തുടങ്ങി. T1 എന്നു പേരുള്ള ഈ കടുവയെ കൊല്ലാനെത്തുന്നത് ഇന്ത്യയിലെ ഏറ്റവു പ്രശസ്തനായ വന്യമൃഗ വേട്ടക്കാരനായ നവാബ് ഷഫത്ത് അലിഖാനാണ്.

2017ന്റെ തുടക്കത്തിലാണ് പൻധര്‍കവാഡാ മേഖലയിലെ വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ കടുവയുടെ ആക്രമണം തുടങ്ങിയത്. ആദ്യം കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണ്. ആദ്യ ആക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിടും മുന്‍പെ അടുത്ത ആക്രമണമുണ്ടായി. വൈകാതെ കടുവയുടെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായി മാറി. ഒരു മാസത്തില്‍ മൂന്നു തവണ വരെ ആളുകളെ കൊന്നു തിന്നുന്ന സംഭവങ്ങള്‍ ഉണ്ടായതോടെ വനംവകുപ്പ് അധികൃതരും അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇതോടെയാണ് ആക്രമണം നടത്തുന്നത് T1 എന്ന പെണ്‍കടുവയാണെന്ന സംശയമുണര്‍ന്നത്. ഇതിനകം കടുവ 7 പേരെ കൊന്നു കഴിഞ്ഞിരുന്നു. ഇതോടെ കടുവയെ ജീവനോടെ പിടിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. എന്നാല്‍ ഇതു വിജയിക്കാതെ വന്നെന്നു മാത്രമല്ല ഇതിനിടയില്‍ കടുവ ഗ്രാമത്തിലെത്തി ഒരാളെ കൂടി കൊന്നു തിന്നു. വേട്ടയാടുന്നവരെയെല്ലാം ഭാഗികമായി തിന്ന് ബാക്കി ശരീരം ഉപേക്ഷിക്കുന്നതാണ് ഈ കടുവയുടെ രീതി. കൂടാതെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പല്ലിന്റെ പാടുകളും നഖത്തിന്റെ അംശങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടെ T1 ആണ് ഉത്തരവാദിയെന്ന് ശാസ്ത്രീയമായും സ്ഥിരീകരിക്കപ്പെട്ടു.

വൈകാതെ കടുവയെ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പു തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിച്ചു. ഇതോടെ കടുവയെ കൊല്ലുന്നതിനുള്ള നടപടിക്രമങ്ങള്‍ നീണ്ടു പോയി. ഇതിനിടെ കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. ഇത് കോടതി നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിനിടയാക്കി. എന്നാല്‍ കീഴ്ക്കോടതി തള്ളിയ ഹര്‍ജിക്കെതിരെ പരിസ്ഥിതി സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത് വീണ്ടും നടപടിക്രമങ്ങള്‍ താമസിപ്പിച്ചു. ഹൈക്കോടതി കൂടി ഹര്‍ജി തള്ളിയതോടെയാണ് കടുവയെ വേട്ടയാടാന്‍ നവാബ് ഷഫത്ത് അലി ഖാനെ വനംവകുപ്പ് അധികൃതര്‍ ചുമതലപ്പെടുത്തിയത്.

10മാസം പ്രായമുള്ള രണ്ടു കടുവക്കുട്ടികളുടെ അമ്മയാണ് T1 ഇപ്പോള്‍. ഗര്‍ഭിണി ആയിരുന്നപ്പോള്‍ വേട്ടായാടാനുള്ള ബുദ്ധിമുട്ടായിരുന്നിരിക്കാം പെണ്‍കടുവയെ ഗ്രാമത്തിലേക്കെത്തിച്ചതെന്നാണ് സൂചന. മനുഷ്യമാസത്തിന്റെ സ്വാദ് ഇഷ്ടപ്പെട്ടതും ഇരകളെ ലഭിക്കാനുള്ള എളുപ്പവും കടുവ ഇവിടെ തന്നെ തുടരാന്‍ കാരണമായി. ഈ മേഖലയില്‍ മാനോ, പന്നിയോ പോലുള്ള ഇരകളെ ലഭിക്കാത്തതും മനുഷ്യര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വർധിക്കാന്‍ കാരണമായന്ന് അധികൃതര്‍ കരുതുന്നു.

നവാബ് ഷഫത്ത് അലി ഖാന്‍

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വന്യമൃഗ വേട്ടക്കാരനാണ് ഹൈദരാബാദ് നിസ്സാം രാജകുടുംബാംഗമായ നവാബ് ഷഫത്ത അലി ഖാന്‍. നാല് വയസ്സുള്ളപ്പോളാണ് ആദ്യമായി തോക്കുപയോഗിക്കുന്നത്.  ഇതിനകം ഇരുപതോളം പുലികളോയും അഞ്ച് കടുവകളേയും പതിനേഴ് ആനകളെയും ഷഫത്ത് അലി ഖാന്‍ മനുഷ്യ ജീവന് ഭീഷണിയായതിനെ തുടര്‍ന്ന് വേട്ടയാടിയിട്ടുണ്ട്. 19 വയസ്സുള്ളപ്പോള്‍ തെലങ്കാനയിലെ വനമേഖലയില്‍ ഏഴു പേരെ കൊന്ന ഒറ്റയാനെ വകവരുത്തിയാണ് ഷഫത്തിന്റെ തുടക്കം. സമൂഹത്തിനു ഭീഷണിയാകുന്ന മനുഷ്യരെ വധശിക്ഷയ്ക്ക് വിധിക്കുന്നതു പോലെ തന്നെയാണ് ഇത്തരം മൃഗങ്ങളെ കൊല്ലുന്നതെന്നു ഷഫത്ത് അലി ഖാന്‍ പറയുന്നു. കടുവയെ ജീവനോടെ പിടിക്കാനാണ് ആദ്യം ശ്രമിക്കുക. വിജയിച്ചില്ലെങ്കിലേ വെടി വയ്ക്കൂ. തന്റെ ജോലി ആരാച്ചാരുടേതു മാത്രമാണെന്നും വധശിക്ഷ വിധിച്ചത് വനം വകുപ്പാണെന്നും ഷഫത്ത് പറയുന്നു.