ഗജ വന്നെങ്കിലും ചെന്നൈയിൽ പ്രതീക്ഷിച്ച മഴ വന്നില്ല!

വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി കൊച്ചു പള്ളിയുടെ സമീപം മരം കടപുഴകിയപ്പോൾ.

ഗജ ചുഴലിക്കാറ്റും ചെന്നൈയിൽ പ്രതീക്ഷിച്ച മഴ കൊണ്ടുവന്നില്ല. നഗരത്തിൽ ഇനി മഴയ്ക്കായി  21 വരെ കാത്തിരിക്കണമെന്നാണു കാലാവസ്ഥാ പ്രവചനം. ഗജയെത്തുടർന്നു ചെന്നൈയിൽ സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകുമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പ്രവചനം.വ്യാഴായ്ച രാവിലെ ചെറിയ തോതിൽ ലഭിച്ചതല്ലാതെ പിന്നീടുണ്ടായില്ല. മീനമ്പാക്കത്തു 7 മി.മീറ്ററും നുങ്കമ്പാക്കത്ത് 2 മി.മീറ്ററും മഴ മാത്രമാണു ലഭിച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം കാരണം 21,22 തീയതികളിൽ കനത്ത മഴ നഗരത്തിൽ ലഭിക്കുമെന്നാണു  നിലവിലെ പ്രവചനം.വടക്കു കിഴക്കൻ മൺസൂണിന്റെ ഭാഗമായി  ചെന്നൈയ്ക്കു ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമാണു നവംബർ. സാധാരണ 489 മി.മീറ്റർ വരെ മഴ ലഭിക്കും.ഇത്തവണ 59% മഴ മാത്രമാണു ലഭിച്ചത്. നഗരം കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സംഭരണികളിലെ ജലത്തിന്റെ അളവ് നിലവിൽ 10% മാത്രമാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ  നഗരത്തിന്റെ കുടിവെള്ളംമുട്ടും.