വൈത്തിരിയിലെ കിളികളെ അറിയാം, പോസ്റ്റർ തയാർ

കൽപറ്റ വൈത്തിരിയിലെ പക്ഷികളെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയിക്കാൻ വനംവകുപ്പ്, കാർഷിക സർവകലാശാല വന്യജീവി വിഭാഗം, ബേഡ് കൗണ്ട് ഇന്ത്യ, കേരള ബേഡർ എന്നിവ ചേർന്നു തയാറാക്കിയ പക്ഷി പോസ്റ്റർ നോക്കിയാൽ മതി. കാർഷിക സർവകലാശാല വന്യജീവി വിഭാഗം മേധാവി ഡോ. പി.ഒ.നമീറിന്റെ നേതൃത്വത്തിൽ 257 പക്ഷി നിരീക്ഷകർ നടത്തിയ സർവേ അടിസ്ഥാനമാക്കിയാണു പോസ്റ്റർ തയാറാക്കിയത്. 

മരപ്രാവ്, ചേരക്കോഴി, പാണ്ടൻ വേഴാമ്പൽ, ചാരത്തലയൻ ബുൾബുൾ, നീലക്കിളി പാറ്റപിടിയൻ എന്നിവയാണു വൈത്തിരിയിൽ കാണുന്ന വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ. മരപ്രാവ്, ചാരവരിയൻ പ്രാവ്, കോഴിവേഴാമ്പൽ, ആൽക്കിളി, നീലത്തത്ത, അസുരക്കാടൻ, കാട്ടുഞ്ഞാലി, ചാരത്തലയൻ ബുൾബുൾ, ചെഞ്ചിലപ്പൻ, പതുങ്ങൻ ചിലപ്പൻ, കാട്ടുനീലി, നീലക്കിളി പാറ്റപിടിയൻ, ഗരുഡൻ ചാരക്കാളി, കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി, ചെറുതേൻ കിളി എന്നിവയാണു വൈത്തിരിയിലെ ദേശ്യ ഇനം പക്ഷികൾ. 

കേരളത്തിലെ പക്ഷി നിരീക്ഷണ സമൂഹം കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പക്ഷി പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലെയും പക്ഷി വൈവിധ്യത്തെക്കുറിച്ചുള്ള അറിവ് ലഭ്യമാണ്. പക്ഷികളെക്കുറിച്ചുള്ള ഈ അറിവ് ആധുനിക വിവര സാങ്കേതിക സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും ബിഗ് ഡേറ്റ അനാലിസിസ് നടത്തുകയും ചെയ്താണ് ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ഒരു ത്രിതല പഞ്ചായത്തിലെ പക്ഷികളുടെ വൈവിധ്യം സൂചിപ്പിക്കുന്ന പോസ്റ്ററുകൾ തയാറാക്കിയത്. 

ഇതിൽ ഓരോ പഞ്ചായത്തിലെയും പക്ഷികളുടെ എണ്ണം, ദേശാടന പക്ഷികൾ, വംശനാശ ഭീഷണി നേരിടുന്നവ, ദേശ്യ ജാതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുണ്ടാകും. ഓരോ പഞ്ചായത്തിലെയും 10 ഏറ്റവും സാധാരണയായി കാണുന്ന പക്ഷികളുടെ വിവിധ കാലങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെക്കുറിച്ചും പോസ്റ്ററിൽ പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രദേശത്തും പക്ഷി സർവേകളിൽ പങ്കെടുക്കുന്ന സന്നദ്ധസംഘടനകളുടെയും പക്ഷി നിരീക്ഷകരുടെയും വിവരങ്ങളും ചേർത്തിരിക്കുന്നു. 25ൽപ്പരം സന്നദ്ധ സംഘടനകളും 2000ൽപ്പരം പക്ഷി നിരീക്ഷകരും സർവേകളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു.