80 വര്‍ഷത്തിനു ശേഷം ആമസോണിൽ സ്വര്‍ണ്ണക്കാലുള്ള സാകികൾ വീണ്ടും

പറക്കും കുരങ്ങ് എന്നറിയപ്പെടുന്ന ആമസോണിലെ കുരങ്ങുകളാണ് സാകി കുരങ്ങുകള്‍. ശരീരം മുഴുവന്‍ നീണ്ട രോമങ്ങളുള്ള ഇവയെ സ്ലോത്തിന്‍റെ വകഭേദമായി തെറ്റിധരിക്കുക സാധാരണമാണ്. എന്നാല്‍ നീണ്ടു കിടക്കുന്ന വാലും വേഗത്തില്‍ നീങ്ങാനുള്ള കഴിവും കൊണ്ട് തങ്ങള്‍ കുരങ്ങുകൾ തന്നെയാണെന്ന് ഇവ കാട്ടിത്തരും. സാകി കുരങ്ങുകളിലെ അഞ്ചു വിഭാഗങ്ങളില്‍ ഒന്നിനെയാണ് 80 വര്‍ഷങ്ങള്‍ക്കു ശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്.

കാലിന്‍റെ പകുതിക്ക് താഴേക്ക് സ്വര്‍ണ്ണ നിറമുള്ള നീണ്ട രോമങ്ങളോട് കൂടിയവയാണ് ഈ കുരങ്ങുകള്‍. വന്‍സോലിന ബാള്‍ഡ് ഫേസ്ഡ് സാകി എന്നാണ് ഇവയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത ബ്രസീലിയന്‍ സുവോളജിസ്റ്റായ പൗലോ വന്‍സോലിനയുടെ പേരാണ് കുരങ്ങിനു നല്‍കിയത്. ലോറാ മാര്‍ഷ് എന്ന സുവോളജിസ്റ്റിന്‍റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ കണ്‍സര്‍വേഷന്‍ എന്ന സംഘടനയിലെ ഗവേഷകര്‍ ഈ കുരങ്ങിനെ കണ്ടെത്തിയത്. 

കുരങ്ങിനെക്കുറിച്ച് കേട്ടറിഞ്ഞതിനു ശേഷം 1998 മുതലാണ് ലോറാ മാര്‍ഷ് സാകിക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇതില്‍ 15 വര്‍ഷത്തോളവും കാട്ടിനുള്ളില്‍ തന്നെയായിരുന്നു. ആദിവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഈ കുരങ്ങുകള്‍ ഇപ്പോഴും ഉണ്ടെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് 2014 ല്‍ ആദ്യ സാകി കുരങ്ങിനെ ലോറ കണ്ടെത്തി. പക്ഷെ അത് കാലില്‍ സ്വര്‍ണ്ണ നിറമുള്ളവയായിരുന്നില്ല. പിന്നീട് നടത്തിയ നിരീക്ഷണത്തില്‍ സാകി കുരങ്ങുകളില്‍ തന്നെ അഞ്ച് വിഭാഗമുണണ്ടെന്ന് ലോറ തിരിച്ചറിഞ്ഞു.

ലോറ ഇറങ്ങിത്തിരിച്ച ഉദ്യമം വിജയകരമായത് ഈ വര്‍ഷം മെയ് മാസത്തിലാണ്. കാലില്‍ സ്വര്‍ണ്ണ വര്‍ണ്ണമുള്ള സാകി കുരങ്ങിനെ ലോറ കണ്ടെത്തി.  80 വര്‍ഷത്തിന് ശേഷമായിരുന്നു ഈ കുരങ്ങിനെ ജീവനോടെ കണ്ടെത്തുന്നതും ഇതിന്‍റെ നിലനില്‍പ് സ്ഥിരീകരിക്കപ്പെടുന്നതും. ബ്രസീല്‍ പെറുവിയന്‍ അതിര്‍ത്തിയിലെ വനമേഖലകളില്‍ നിന്നാണ് ഈ സാകി കുരങ്ങിനെ ലോറാ മാര്‍ഷ് കണ്ടെത്തിയത്.