കാറോടിച്ചുകൊണ്ടിരുന്ന യുവതിയുടെ കാലിൽ പാമ്പ് ചുറ്റി; പിന്നീട് സംഭവിച്ചത്

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. അപ്പോൾ പിന്നെ പാമ്പ് കാലിൽ ചുറ്റിയാലത്തെ അവസ്ഥയെക്കുറിച്ച് പറയണോ? അതും വാഹനമോടിച്ചുകൊണ്ടിരുന്നപ്പോൾ. ടെന്നിസിയിലെ റൂഥെർഫോർ‍ഡ് നിവാസിയായ മിഷേൽ ഹസ്സിനാണ് ഈ ദുരന്തം നേരിടേണ്ടി വന്നത്.

ബുധനാഴ്ച നഗരത്തിനു സമീപമുള്ള വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് വാഹനമോടിച്ചുകൊണ്ട് പോകുന്നതിനിടയിലാണ് മിഷേലിന്റെ കാലിൽ ആറടിയോളം നീളമുള്ള റാറ്റ് സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പ് ചുറ്റിയത്. കാൽപ്പാദത്തിലൂടെ ഇഴഞ്ഞ് കണങ്കാലിൽ ചുറ്റുകയായിരുന്നു. കാലിൽ ചുറ്റിയത് വിഷപ്പാമ്പായ റാറ്റിൽ സ്നേക്കാണെന്നും അതുതന്നെ കടിക്കുമെന്നുമാമ് മിഷേൽ കരുതിയത്. പേടിച്ചരണ്ട മിഷേൽ വാഹനത്തിന്റെ വേഗത കുറച്ച്  ബേൺ നോക്സ് റോഡിനു സമീപത്തായി നിർത്തിയ ശേഷം ചാടിയിറങ്ങി. ബ്രേക്ക് അമർത്തി ചവിട്ടിയാൽ പാമ്പ് കടിക്കുമെന്ന് ഉറപ്പായിരുന്നു.അതുകൊണ്ട് തന്നെ മെല്ലെ പെഡൽ അമർത്തി വണ്ടി നിർത്തുകയാണ് ചെയ്തത്.

വണ്ടി നിർത്തി ചാടി വെളിയിലേക്കിറങ്ങിയതും കാലിൽ ചുറ്റിയിരുന്ന പാമ്പിനെ കാണാതായി. ഉടൻ തന്നെ 911 വിളിച്ച് സഹായം അഭ്യർത്ഥിച്ചു. വിവരമറിഞ്ഞെത്തിയ സംഘം ഉടൻതന്നെ കാറിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടി ബക്കറ്റിലാക്കി.വാഹനത്തിനു പിന്നിൽ വച്ചിരുന്ന തെർമോക്കോൾ ബോക്സിൽ നിന്നാകാം പാമ്പ് വാഹനത്തിനുള്ളിലെത്തിയതെ ന്നാണ് മിഷേലിന്റെ നിഗമനം. കാരണം കുറച്ചു ദിവസങ്ങളായി വീടിനു വെളിൽ വച്ചിരിക്കുകയായിരുന്നു ഈ ബോക്സ്. മാലിന്യത്തോടൊപ്പം ഇതും കളയാനാണ് വാഹനത്തിനു പിന്നിൽ സൂക്ഷിച്ചതെന്നും ഇവർ വ്യക്തമാക്കി.

എന്തായാലും അപകടമൊന്നും കൂടാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് മിഷേൽ. പാമ്പ് കാലിൽ ചുറ്റിയപ്പോഴും സമനില കൈവിടാതെ വാഹനം ഓടിച്ച് സുരക്ഷിതയായി പുറത്തിറങ്ങിയ മിഷേലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പിടിച്ച പാമ്പിനെ പിന്നീട് സ്വാഭാവിക വാസസ്ഥലത്ത് തുറന്നുവിട്ടു.