ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമാക്കി മാറ്റുന്ന മാജിക്!

അക്കിര മിയാവാക്കി – ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!.  മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90–ാം വയസ്സിലും യജ്ഞം തുടരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ.

തിരുവനന്തപുരത്തും

തിരുവനന്തപുരം നഗരഹൃദയമായ തമ്പാനൂരിൽ നിന്നു 15 കിലോമീറ്റർ മാത്രമകലെ പുളിയറക്കോണം മൂന്നാംമൂട്ടിലെ മൂന്നു സെന്റിൽ ഉണ്ട്, ഒരു മിയാവാക്കി കാട്. ജനുവരി 31 നു നട്ട തൈകൾ ഏഴുമാസം കൊണ്ട് തലയുയർത്തിയത് 12 അടി! ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ എം.ആർ.ഹരിയുടേതാണ് ഈ ഭൂമി. ‘കൃഷിഭ്രാന്ത്’ തലയ്ക്കു പിടിച്ചിട്ടാണ്, കീഴ്ക്കാംതൂക്കായ പാറച്ചെരിവിലെ രണ്ടേക്കറോളം ഭൂമി 12 വർഷം മുൻപു വാങ്ങിയത്.

‘‘മണ്ണു മാറ്റൽ, പുതയിടൽ, കിണർ റീചാർജ്, ഗ്രൗണ്ട് വാട്ടർ റീചാർജ് എല്ലാം പയറ്റി. വിഗദ്ധ ഉപദേശങ്ങൾ മാറി മാറി പരീക്ഷിച്ചു. എല്ലാം പൊളിഞ്ഞു. ക്വാറികൾ ഉണ്ടാക്കിയ ആഘാതം അത്ര വലുതായിരുന്നു. മണ്ണിനടിയിലെ പാറകളിലുണ്ടായ വിള്ളലിലൂടെ വെള്ളമത്രയും ചോർന്നു പോകും. എല്ലാ വർഷവും 500 മരങ്ങൾ വീതം നട്ടു വളർത്താൻ നോക്കി. മൂന്നോ, നാലോ ഒഴികെ എല്ലാം പോയി. എല്ലാവരും കളിയാക്കാൻ തുടങ്ങി. അപ്പോഴാണു മിയാവാക്കി വനങ്ങളെക്കുറിച്ച് അറിയുന്നതും മൂന്നു സെന്റിൽ പരീക്ഷണം നടത്തിയതും. അതിശയകരമാണ് അനുഭവം. 15 സെന്റിനെ വനമാക്കിയെടുക്കണമെന്നാണു സ്വപ്നം.’’

അക്കിര മിയാവാക്കിl

അത്തി, ഇത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, ചേര്, താന്നി, മഞ്ചാടി, കുന്നിമണി, പൂച്ചെടി, ഔഷധങ്ങൾ,ഫലവൃക്ഷങ്ങൾ– അഞ്ഞൂറോളം ചെടിയും മരവുമുണ്ട് ഈ കാട്ടിൽ. തുളസി തന്നെ എട്ടുപത്തുതരം. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസിലെ സസ്യശാസ്ത്രജ്ഞൻ ഡോ.മാത്യു ഡാനും ഫാം കൺസൽറ്റന്റ് ചെറിയാൻ മാത്യുവുമാണു കാടൊരുക്കാൻ ഹരിയെ സഹായിച്ചത്.

കാടുണ്ടാക്കാൻ

അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ.

വിഡിയോ കാണാം

പുളിയറക്കോണം പരീക്ഷണം ചിത്രീകരിച്ച് ഇൻവിസ് മൾട്ടിമീഡിയ തയാറാക്കിയ ഹ്രസ്വചിത്രം യുട്യൂബിൽ കാണാം. 

ചെലവ്


അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും. മാർഗനിർദേശം നൽകാൻ ഹരി ഒരുക്കം. സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് ചെയർമാൻ പ്രഫ.വി.കെ. ദാമോദരൻ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനും എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. സ്ഥലം നൽകിയാൽ വനം മാതൃകകളുണ്ടാക്കി പ്രദർശിപ്പിക്കാമെന്ന ഫൗണ്ടേഷന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.