ബ്രിട്ടനു നേരെ ‘ആക്രമണത്തിന് ഏലിയൻ സ്പീഷീസ്’; മുന്നറിയിപ്പ് അവഗണിക്കരുതെന്ന് ഗവേഷകർ!

2013ൽ ഗവേഷകർ ഒരു മുന്നറിയിപ്പ് നൽകിയതാണ്. അന്നുപക്ഷേ ആരും കാര്യമായെടുത്തില്ല. അതിന്റെ ഫലം ഒരൊറ്റക്കൊല്ലം കൊണ്ടു കാണുകയും ചെയ്തു. യുകെയിലേക്ക് ഒരിക്കലും വരില്ലെന്നു കരുതിയ വിനാശകാരിയായ ജീവി, മുന്നറിയിപ്പു വന്ന് 12 മാസത്തിനകം രാജ്യത്തെത്തി. ഇത്തവണ ഗവേഷകർ വീണ്ടുമൊരു പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. മുൻപത്തേക്കാളും കൂടുതൽ ഭീകരമാണുതാനും ഈ പട്ടിക. ‘ഏലിയൻ സ്പീഷീസിൽ’പ്പെട്ട ജീവികളെപ്പറ്റിയാണ് ഈ പറഞ്ഞുവരുന്നത്. തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു മാറി മറ്റിടങ്ങളിലേക്കു കടന്നുകയറുന്നവയാണ് ഈ വിഭാഗത്തിൽപ്പെട്ട ജീവികളും ചെടികളും. എവിടെ വേണമെങ്കിലും നിലനിന്നു പോകാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. കാലാവസ്ഥാ മാറ്റം പോലും പ്രശ്നമല്ല. 

യുകെയിലെ സെന്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജിയും നാച്വറൽ ഹിസ്റ്ററി മ്യൂസിയവുമാണ് യൂറോപ്പിലെ വിവിധ ഗവേഷകരുമായി ചർച്ച ചെയ്ത് 2013ലും ഇത്തവണയും പട്ടികയുണ്ടാക്കിയത്. 2013ലെ പട്ടികയിൽ ഒന്നാമതായിരുന്ന ക്വാഗ്ഗ എന്നയിനം കക്ക ഒറ്റക്കൊല്ലത്തിനകം യുകെയിലെത്തി. ഇവ കടന്നുവരാതെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കണമെന്ന മുന്നറിയിപ്പിന്റെ ഭാഗമായിട്ടായിരുന്നു ഓരോ പട്ടികയും പുറത്തിറക്കിയത്. ഇത്തവണ 66 ലേറെ സസ്യങ്ങളും ജീവികളുമാണ് ബ്രിട്ടനെ ‘ആക്രമിക്കാൻ’ ഒരുങ്ങുന്നത്. മുന്നൂറിലേറെ വരുന്ന സസ്യ–ജന്തുജാലങ്ങളിൽ നിന്നാണ് ഇവയെ ‘മാരക’ വിഭാഗത്തിലേക്കു മാറ്റിയത്. ഒരിക്കൽ രാജ്യത്തെ ജലാശയങ്ങളിലും കരയിടങ്ങളിലും എത്തിപ്പെട്ടാൽ ചിന്തിക്കുന്നതിനേക്കാളും വേഗത്തിലായിരിക്കും ഇവ പരമ്പരാഗത ജൈവ സമ്പത്തിനു ഭീഷണിയാവുക. 

കോഡിയം പാർവുലം എന്നറിയപ്പെടുന്ന കടൽപ്പായലാണ് ഇവയിലൊന്ന്. വളർന്നുവളർന്ന് ആയിരക്കണക്കിനു ടൺ ഭാരമുള്ള ഒരു വമ്പൻ പായൽക്കൂട്ടമായി മാറാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. ഇസ്രയേൽ തീരത്തു നിന്നു മാറി ഇത്തരത്തിൽ 6000 ടൺ ഭാരമുള്ള ഒരു പായൽക്കൂട്ടത്തെ കണ്ടെത്തിയിട്ടുമുണ്ട്. 10 കിലോമീറ്റർ നീളവും മൂന്നു കിലോമീറ്റർ വീതിയും 20 സെ.മീ. വരെ കനവുമുള്ള പായൽക്കൂട്ടങ്ങളാകാൻ ഇവയ്ക്കു സാധിക്കും. മനുഷ്യനെ വരെ കൊല്ലാൻ ശേഷിയുള്ള വിഷമുള്ള ക്യാറ്റ് ഫിഷാണ് മറ്റൊന്ന്. ‘ഫോക്സ് സ്ക്വിരൽ’ എന്നറിയപ്പെടുന്ന ജീവികളാണ് മറ്റൊരു ഭീഷണി. അണ്ണാൻ കുടുംബത്തിൽപ്പെട്ട ഇവ നശീകരണ സ്വഭാവമുള്ളവയാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ അണ്ണാനുകളാണിവ. യുകെയിലെത്തിയാൽ അവിടത്തെ നിലവിലുള്ള , തദ്ദേശീയ ഗ്രേ, റെഡ് സ്ക്വിരലുകളെ അനായാസം ഇല്ലാതാക്കും. 

യുകെയിലുള്ള തരം ക്രേഫിഷുകളെ നശിപ്പിക്കാൻ ശേഷിയുള്ള മത്സ്യങ്ങളും വരുന്നുണ്ട്. നോർതേൺ സ്നെയ്ക്ഹെഡ് എന്നതാണു കൂട്ടത്തിലെ ഏറ്റവും പ്രശ്നക്കാരൻ. ചെളിയിലൂടെ വരെ തുളച്ചു പോകാൻ ശേഷിയുള്ളവയാണിവ. കൂർത്ത പല്ലും അതിക്രൂരമായ സ്വഭാവവും മറ്റു മത്സ്യങ്ങൾക്ക് ഏറെ ഭീഷണിയുമാണ്. 2008ൽ ഇവയിലൊന്നിനെ ബ്രിട്ടണിലെ ഒരു പുഴയിൽ നിന്നു പിടികൂടിയിരുന്നു. അക്വാറിയത്തില്‍ വളർത്താൻ അനധികൃതമായി കടത്തിയവയാണ് ഇവയെന്നാണു കരുതുന്നത്.നോർതേൺ സ്നെയ്ക്ഹെഡ് ഇതിനോടകം യുഎസിലെ ഫ്ലോറിഡയിലും വാഷിങ്ടൻ ഡിസിയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. വിഷം നിറഞ്ഞ മുള്ളുകളുള്ള ഈൽ ക്യാറ്റ്ഫിഷും കൂട്ടത്തിലെ അപകടകാരിയാണ്. യൂറോപ്യൻ യൂണിയനെ മൊത്തത്തിൽ ബാധിക്കും വിധമാണ് മിക്ക ജീവികളും സസ്യങ്ങളും പരക്കുന്നതെന്നും ഗ്ലോബൽ ചെയ്ഞ്ച് ബയോളജി ജേണലിലെ പഠനത്തിൽ പറയുന്നു.