മഞ്ഞുകട്ടക്കുള്ളിൽ തണുത്തുറഞ്ഞ കുറുക്കന്റെ ചിത്രം കൗതുകമാകുന്നു

A block of ice containing a drowned fox who broke through the thin ice of the Danube river

തെക്കൻ ജർമനിയിലെ ഡാന്യൂബ് നദിയിൽ അബദ്ധത്തിൽ വീണ കുറുക്കനാണ് കഠിനമായ മഞ്ഞിൽ തണുത്തുറഞ്ഞ് ഐസായി മാറിയത്. ഫ്രൈഡിംഗൻ നിവാസിയായ ഫ്രാൻസ് സ്റ്റെലെ എന്ന വേട്ടക്കാരനാണ് തണുത്തുറഞ്ഞ് മഞ്ഞിൽ പുതഞ്ഞ കുറുക്കന്റെ ജീവനറ്റ ശരീരം നദിയിൽ നിന്നും കണ്ടെത്തിയത്. ഇദ്ദേഹം തന്നെയാണ് കുറുക്കന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ശൈത്യത്തിന്റെ കാഠിന്യത്തേക്കുറിച്ചും മഞ്ഞിൽ പതിയിരിക്കുന്ന അപകടങ്ങളേക്കുറിച്ചും ജനങ്ങളെ ബോധവൻക്കരിക്കാനായി കുറുക്കന്റെ മഞ്ഞിലുറഞ്ഞ ജീവനറ്റ ശരീരം തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.

തണുത്തുറഞ്ഞ നദിയിൽനിന്നു കുറുക്കൻ കുടുങ്ങിയ ഭാഗം മാത്രം അടർത്തിയെടുത്താണ് പ്രദർശിപ്പിച്ചിരിക്കുന്നത്. മഞ്ഞു പൂർണമായും ഉരുകുന്നതു വരെ കുറക്കനെ ഇവിടെ പ്രദർശിപ്പിക്കാനാണു ഫ്രാൻസ് സ്റ്റെലെയുടെ തീരുമാനം.ജനുവരി 2നാണ് മഞ്ഞിൽ പുതഞ്ഞ നിലയിൽ കുറുക്കനെ നദിയിൽ കണ്ടെത്തിയത്. ഇതിനു മുന്‍പും സ്റ്റെലെ മഞ്ഞിലുറഞ്ഞ നിലയിൽ ജീവികളെ കണ്ടിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഒരു മാനിനേയും കാട്ടുപന്നിയേയും മഞ്ഞിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

അതികഠിനമായ ശൈത്യമാണ് യൂറോപ്പ് ഇപ്പോൾ നേരിടുന്നത്. മൈനസ് 30 ഡിഗ്രിയാണ് മധ്യയൂറോപ്പിലെ ഇപ്പോഴത്തെ താഴ്ന്ന താപനില. ഇനിയും ശൈത്യം കനക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.