ആനയും കടുവയും കാട്ടുപോത്തും മേയുന്ന കാട് നട്ടുവളര്‍ത്തിയ ദമ്പതികള്‍

Courtesy: milestothewild

പുല്ലുപോലും കിളിര്‍ക്കാത്ത 300 ഏക്കറോളം ഭൂമി പണം കൊടുത്തു വാങ്ങി കാടാക്കി മാറ്റുകയെന്ന അപൂര്‍വ്വ പ്രവൃത്തിയിലൂടെയാണ് ഈ ദമ്പതികള്‍ ശ്രദ്ധേയരാകുന്നത്. കര്‍ണ്ണാടകയിലെ കുടകിലാണ് പമേലയുടേയും ഭര്‍ത്താവ് അനില്‍ കെ മല്‍ഹോത്രയുടേയും വനമുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ വന്യജീവി സങ്കേതമാണ് സേവ് എനിമല്‍ ഇനീഷ്യേറ്റീവ് (സായ്) എന്ന ഇവരുടെ സ്വപ്‌ന പദ്ധതി.

കുടകില്‍ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുള്ള ബ്രഹ്മഗിരിയിലാണ് മല്‍ഹോത്ര ദമ്പതികളുടെ സ്വകാര്യ വനം സ്ഥിതി ചെയ്യുന്നത്. മുന്നൂറിലേറെ പക്ഷി ഇനങ്ങളും ആനയും കടുവയും കാട്ടുപോത്തും മാനും മ്ലാവും തുടങ്ങി നിരവധി മൃഗങ്ങളുടെ ഇവിടെയുണ്ട്. എന്നാല്‍ 75കാരനായ അനിലും 64കാരിയായ പമേലയും 1991ല്‍ ഇവിടെയെത്തുമ്പോള്‍ ഇതായിരുന്നില്ല അവസ്ഥ.

ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശത്തിലാണ് 55 ഏക്കര്‍ സ്ഥലം ഇവിടെ ആദ്യമായി വാങ്ങുന്നത്. കാപ്പിയോ മറ്റു വിളകളോ വളരാത്തതിനാല്‍ തരിശായി കണക്കാക്കി വിറ്റൊഴിയാന്‍ ശ്രമിച്ചിരുന്ന കൃഷിക്കാരനായിരുന്നു ഭൂവുടമ. അമേരിക്കയില്‍ റിയല്‍ എസ്‌റ്റേറ്റ് - ഹോട്ടല്‍ ബിസിനസ് ചെയ്യുന്ന മല്‍ഹോത്ര ദമ്പതികള്‍ ഹവായിലെ സ്വന്തം ഭൂമി വിറ്റാണ് ഈ തരിശു നിലം സ്വന്തമാക്കിയത്.

1960കളില്‍ അമേരിക്കയിലെ ന്യൂജേഴ്‌സില്‍ കണ്ടുമുട്ടിയ മല്‍ഹോത്ര ദമ്പതികളുടെ ചെറുപ്പം മുതലുള്ള പ്രകൃതി സ്‌നേഹത്തിന്റെ ഫലമായിരുന്നു ഈ സ്ഥലം വാങ്ങല്‍. 1986ല്‍ അനിലിന്റെ പിതാവിന്റെ മരണാനന്തര കര്‍മ്മക്കള്‍ക്കായി ഹരിദ്വാറിലെത്തിയപ്പോഴാണ് അവര്‍ വനനശീകരണത്തിന്റെ ഭീകരമുഖം നേരിട്ടറിയുന്നത്. വനനശീകരണത്തേക്കാളും പുഴമലിനീകരണത്തേക്കാളും അവരെ വിഷമിപ്പിച്ചത് ഇതിന്റെ ദൂഷ്യഫലത്തെക്കുറിച്ച് ആരും ബോധവാന്മാരായിരുന്നില്ല എന്നതായിരുന്നു. ഇതോടെയാണ് ഇന്ത്യയില്‍ വനനശീകരണത്തിനെതിരെ ആവും വിധം എന്തെങ്കിലും ചെയ്യാന്‍ അവര്‍ തീരുമാനിച്ചത്.

വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും സ്ഥലം വാങ്ങാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തില്‍ തങ്ങള്‍ ഉദ്ദേശിച്ചതരത്തിലുള്ള സ്ഥലം ഉത്തരേന്ത്യയില്‍ നിന്നും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെയാണ് കുടകില്‍ 55 ഏക്കറോളം തരിശ് ഭൂമി വില്‍ക്കാനുണ്ടെന്ന് സുഹൃത്ത് വഴി അറിയുന്നത്. വരുമാനമാണ് ലക്ഷ്യമെങ്കില്‍ നടക്കില്ലെന്നായിരുന്നു സുഹൃത്തിന്റെ ഇതുസംബന്ധിച്ച ആദ്യ ഉപദേശം. പണം ലക്ഷ്യമിട്ടല്ല തങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്ന് മറുപടി പറഞ്ഞ് മല്‍ഹോത് ദമ്പതികള്‍ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തില്‍ 55 ഏക്കര്‍ ഭൂമി സ്വന്തമാക്കി.

എന്നാല്‍ ഏറെ വൈകാതെ അരുവിയുടെ ഒരു ഭാഗത്തെ മാത്രം കുറച്ച് ഭൂമി വാങ്ങിയിട്ട് വലിയ പ്രയോജനമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ചുറ്റുമുള്ള കര്‍ഷകര്‍ രാസവളപ്രയോഗവും വിഷം തെളിക്കലും നിര്‍ബാധം തുടരുന്നതോടെ വനവല്‍ക്കരണമെന്ന തങ്ങളുടെ സ്വപ്‌നം അപ്രാപ്യമാണെന്ന് അവര്‍ക്ക് മനസിലായി. ഇതോടെയാണ് തങ്ങളുടെ വസ്തുവിനോട് ചേര്‍ന്നുള്ള കൂടുതല്‍ സ്ഥലങ്ങള്‍ വാങ്ങാന്‍ ഇവര്‍ ശ്രമിച്ചു തുടങ്ങിയത്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത തരിശുഭൂമി മല്‍ഹോത്ര ദമ്പതികള്‍ നല്‍കുന്ന പണം നല്‍കി വില്‍ക്കാന്‍ ഭൂരിഭാഗം പേര്‍ക്കും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തങ്ങളുടെ ഭൂമിയില്‍ കാട് സ്വയം വളരുന്നതിന് അവസരമൊരുക്കുകയാണ് ആദ്യം തന്നെ മല്‍ഹോത്ര ദമ്പതികള്‍ ചെയ്തത്. ഇതിനൊപ്പം പ്രാദേശികമായി വളരുന്ന മരങ്ങളേയും ചെടികളേയുമെല്ലാം നട്ടുവളര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ സായ് സാഞ്ച്വറിക്ക് 300 ഏക്കറോളം വലിപ്പമുണ്ട്. ആനക്കൂട്ടങ്ങളും മാന്‍ കൂട്ടങ്ങളും ഇവിടെ നിത്യ കാഴ്ച്ചയാണ്.

വനം കൊള്ളയും വേട്ടയുമാണ് മല്‍ഹോത്ര ദമ്പതികളുടെ വന്യജീവി സങ്കേതം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഈ അമേരിക്കന്‍ ദമ്പതികള്‍ ഇവിടെയെന്താണ് ചെയ്യുന്നതെന്ന് പോലും നാട്ടുകാരില്‍ ഭൂരിഭാഗത്തിനും മനസിലായതു പോലുമില്ല. ഇവരുടെ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള അമ്പലത്തിലെ പൂജാരിയെ ഒരു കടുവ കൊന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഭയാശങ്കയിലായ നാട്ടുകാരുടെ വിശ്വാസം നേടുന്നതിന് കുറച്ച് ദൂരെ പുതിയൊരു അമ്പലം പോലും മല്‍ഹോത്ര ദമ്പതികള്‍ പണിതു നല്‍കി. ഹനുമാനേയും ഗണപതിയേയും ആരാധിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെയാണ് മൃഗങ്ങളെ ദ്രോഹിക്കാനാവുകയെന്ന ചോദ്യം പലപ്പോഴും അവര്‍ ഉദ്ദേശിച്ച ഫലം തന്നു.

ഇപ്പോള്‍ വനം വകുപ്പിനൊപ്പം ചേര്‍ന്ന് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചാണ് വനം കൊള്ളക്കാരെ ഇവര്‍ നേരിടുന്നത്. വടികൊണ്ട് പോലും കാട്ടുകള്ളന്മാരെ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പമേല പറയുന്നു. വന്‍കിട കമ്പനികളില്‍ പലരും കോര്‍പറേറ്റ് ബാധ്യതയുടെ ഭാഗമായി ഇവരുടെ സായ് സാഞ്ച്വറിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലം വാങ്ങുന്നതിനും പരിപാലിക്കുന്നിനുമാണ് കമ്പനികള്‍ സഹായം നല്‍കുന്നത്. ഈ മേഖലയിലേക്ക് കോര്‍പറേറ്റ് കമ്പനികള്‍ അടക്കമുള്ള സമൂഹത്തിലെ വിവിധ വിഭാഗക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്ന മല്‍ഹോത്ര ദമ്പതികള്‍ കുടിവെള്ളം പോലുമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് ബിസിനസാണ് ചെയ്യാനാവുകയെന്നും ചോദിക്കുന്നു.