ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി എവറസ്റ്റല്ല!

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയെന്ന സ്ഥാനം എവറസ്റ്റിനെ കടത്തിവെട്ടി ഇക്വഡോറിലെ ചിംമ്പൊരാസോ സ്വന്തമാക്കുന്നു. ആകാശത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കൊടുമുടി എന്ന മാനദണ്ഡം വെച്ചുള്ള കണക്കെടുപ്പിലാണ് എവറസ്റ്റ് പിന്നിലായി പോയതും ചിംമ്പൊരാസോ ഒന്നാമതെത്തിയതും.

സാമ്പ്രദായികമായ രീതിയില്‍ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം വെച്ച് കണക്കാക്കിയാല്‍ ഇപ്പോഴും എവറസ്റ്റ് തന്നെയാണ് ഒന്നാമന്‍. ഈ മാനദണ്ഡപ്രകാരം ഒമ്പതിനായിരം മീറ്ററിലേറെ ഉയരമുള്ള എവറസ്റ്റിന് തൊട്ടുപിന്നിലുള്ള കൊടുമുടിയേക്കാള്‍ ആയിരം മീറ്ററിലേറെ ഉയരമുണ്ട്. എന്നാല്‍ അടിമുതല്‍ മുടിവരെയുള്ള നീളമോ ആകാശത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കൊടുമുടിയെന്ന രീതിയോ പിന്തുടര്‍ന്നാല്‍ എവറസ്റ്റ് പിന്നിലാകും. ഭൂമിയുടെ പ്രത്യേകതരം ആകൃതിയാണ് എവറസ്റ്റിന് ചില മാനദണ്ഡങ്ങളില്‍ തിരിച്ചടിയാകുന്നത്.

ചിംമ്പൊരാസോ കൊടുമു‌ടി

പൂര്‍ണ്ണ വൃത്താകൃതിയല്ല ഭൂമിക്കുള്ളത്. ഭൂമധ്യരേഖയോട് അടുക്കും തോറും തടികൂടിവരുന്ന വൃത്താകൃതിയാണ് ഭൂമിക്കുള്ളത്. അതുകൊണ്ടുതന്നെ ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള പര്‍വ്വതങ്ങള്‍ക്ക് സാങ്കേതികമായി പറഞ്ഞാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഉയരം കൂടുതലുണ്ടായിരിക്കും. ആകാശത്തോട് ഏറ്റവും ചേര്‍ന്നിരിക്കുന്ന കൊടുമുടികളുടെ പട്ടികയെടുത്താല്‍ ആദ്യത്തെ 20 എണ്ണത്തില്‍ പോലും എവറസ്റ്റിന്റെ പേരുണ്ടാകില്ലെന്നതാണ് വസ്തുത! ഭൂമധ്യരേഖയോട് ഏറ്റവും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചിംമ്പൊരാസോയാണ് ഈ കണക്കുവെച്ചു നോക്കിയാല്‍ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടി.

ഇനി അടിമുതല്‍ മുടി വരെയുള്ള വലിപ്പം കണക്കാക്കിയാലും എവറസ്റ്റിന് രക്ഷയില്ല. ഹവായിലെ മോന കേയ കൊടുമുടിക്കാവും അങ്ങനെ നോക്കിയാല്‍ ഒന്നാം സ്ഥാനം. കടലിനടിയിലാണ് ഈ കൊടുമുടിയുടെ വലിയ ഭാഗം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് സമുദ്ര നിരപ്പ് മാനദണ്ഡമാക്കി അളന്നാല്‍ മോന കേയ പിന്നിലാവുകയും എറവസ്റ്റ് മുകളിലേക്ക് കയറിവരുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയെന്ന സ്ഥാനം എവറസ്റ്റിന് നല്‍കുന്നതിന് പിന്നില്‍ ഉയരം മാത്രമല്ല കീഴടക്കാനുള്ള വിഷമതകളും പ്രധാന കാരണമാണ്. മറ്റുകൊടുമുടികളെ അപേക്ഷിച്ച് ഏറെ ബുദ്ധിമുട്ടാണ് എവറസ്റ്റ് കീഴടക്കാന്‍. ചിംമ്പൊരാസോ കയറാന്‍ രണ്ട് ആഴ്ച്ചകൊണ്ട് കഴിയുമെങ്കില്‍ എവറസ്റ്റ് കീഴടക്കണമെങ്കില്‍ രണ്ട് മാസത്തെ കഠിനാധ്വാനം വേണം. അതുകൊണ്ടു തന്നെയാണ് പര്‍വ്വതാരോഹകരുടെ ഇഷ്ട ലക്ഷ്യമായി എവറസ്റ്റ് മാറുന്നതും.