വായുമലിനീകരണം ഒരു വര്‍ഷം സൃഷ്ടിക്കുന്നത് 32 ലക്ഷം പ്രമേഹരോഗികളെ!

വായു മലിനീകരണം പ്രമേഹത്തിനു കാരണമാകുമോ? ലാന്‍സെറ്റ് പ്ലാനിറ്ററി ഹെല്‍ത്ത് മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതാദ്യമായി വായുമലിനീകരണവും പ്രമേഹവും തമ്മില്‍ നേരിട്ടുള്ള ബന്ധത്തെപ്പറ്റി വിശദീകരിക്കുന്നത്. ഇതുവരെ വായുമലിനീകരണം ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വായുമലിനീകരണം എങ്ങനെ പ്രമേഹത്തിലേക്കു വഴിതെളിക്കുന്നുവെന്നും വായുമലിനീകരണം കൊണ്ടു മാത്രം ലോകത്ത് എത്ര പേര്‍ക്ക് പ്രമേഹം വരുന്നുവെന്നുള്ളതും പുതിയ പഠനത്തില്‍ വിശദീകരിക്കുന്നു.

യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയും നാസയുടെ പരിസ്ഥിതി വിഭാഗവും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഒരു സംഘം ഗവേഷകര്‍ പ്രമേഹവും വായുമലിനീകരണവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയത്. ഇവരുടെ കണ്ടെത്തലനുസരിച്ച് വര്‍ഷത്തില്‍ പ്രമേഹബാധിതരാകുന്നവരില്‍ 14 ശതമാനം ആളുകള്‍ക്കും വില്ലനാകുന്നത് വായുമലിനീകരണമാണ്. പ്രത്യേകിച്ചും pm(പര്‍ട്ടിക്കുലര്‍ മാറ്റര്‍) 2.5 എന്നറിയപ്പെടുന്ന അണുവലിപ്പം മാത്രമുള്ള മാരകമായ പൊടി സൃഷ്ടിക്കുന്ന മലിനീകരണം.

വാഹനങ്ങള്‍, നിര്‍മ്മാണമേഖല, ഫാക്ടറികള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മലിനീകരണവും കൃഷിയിടങ്ങളില്‍ തീയിടുമ്പോഴുണ്ടാകുന്ന മലിനീകരണവുമാണ് പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 ഏറ്റവും അധികം സൃഷ്ടിക്കുന്നത്. ഇവ അന്തരീക്ഷത്തിലെത്തുമ്പോള്‍ രാസപ്രവര്‍ത്തനം സംഭവിക്കുകയും മാരകമായ പുകമഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഇത് ശ്വാസോഛ്വാസം ആയാസകരമാക്കും. മാത്രമല്ല മാരകമായ മലിന വസ്തുക്കള്‍ ശ്വസിക്കുമ്പോള്‍ ഉള്ളില്‍ കടന്ന് അത് രക്തത്തില്‍ പ്രവേശിക്കും. ഇതിലൂടെ ശ്വാസകോശത്തിലും ഹൃദയത്തിലും തലച്ചോറിലും വരെ  മലിനവസ്തുക്കള്‍ പ്രവേശിക്കും. ഇതിലൂടെ ഹൃദ്രോഗവും ആസ്ത്മയും കുട്ടികളില്‍ ബുദ്ധിമാന്ദ്യവും ഓട്ടിസവും വരെ ഉണ്ടാകാന്‍ കാരണമാകും.

ഇവയേക്കാള്‍ ഉയര്‍ന്ന സാധ്യതാ നിരക്കാണ് ഡയബറ്റിസ് അഥവാ പ്രമേഹത്തിനുള്ളത്. ശരീരത്തിലെത്തുന്ന മാരകമായ മലിനവസ്തുക്കള്‍ ഇന്‍സുലിന്റെ ഉത്പാദനം ക്രമേണ കുറയ്ക്കുന്നതാണ് ടൈപ്പ് ടു ഡയബറ്റിസ് വർധിക്കാനുള്ള കാരണം. സാധാരണ നിലയില്‍ ആരോഗ്യകരമല്ലാത്ത ജീവിതവും വ്യായാമക്കുറവും അമിതഭക്ഷണവും മറ്റുമാണ് പ്രമേഹത്തിന് കാരണമാകാറുള്ളത്. എന്നാല്‍ പ്രമേഹരോഗികളില്‍ വായുമലിനീകരണം മൂലം പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ മാത്രം 32 ലക്ഷം പേര്‍ക്ക് വായുമലിനീകരണം മൂലം പ്രമേഹം ബാധിച്ചുവെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. 

വര്‍ഷത്തില്‍ പ്രമേഹബാധിതരാകുന്നവരില്‍ 14 ശതമാനവും വായുമലിനീകരണം മൂലം അസുഖബാധിതരാകുന്നവരാണ്. പ്രമഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വായുമലിനീകരണമെത്തിയിരിക്കുന്നത്.  അമിതഭാരം, ജീവിത ശൈലി എന്നിവയാണ് പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ മുന്‍പന്തിയിലുള്ളത്.