ഏതു നിമിഷവും കത്താവു ന്നൊരു പ്ലാസ്റ്റിക് ബോംബ്!

ബ്രഹ്മപുരം പ്ലാന്റ് പരിസരത്തെ മാലിന്യക്കൂമ്പാരം.

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുവരും എന്നപോലെയാണു  ബ്രഹ്മപുരത്തെ കാര്യം, കോട്ടയം മുനിസിപ്പാലിറ്റിയിൽ നിന്നുപോലും പ്രളയ മാലിന്യം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെത്തി.  ബ്രഹ്മപുരത്തെ വിശാലമായിക്കിടക്കുന്ന 100 ഏക്കറിൽ മുക്കാൽപങ്കും മാലിന്യത്താൽ മൂടി. ഏതു നിമിഷവും കത്താവുന്നൊരു  പ്ലാസ്റ്റിക് ബോംബ്  ആണ് ഇന്ന് ഈ പ്ലാന്റ്. 

പ്രതിദിനം  നഗരത്തിനുള്ളിൽ നിന്നെത്തുന്ന 100 ടണ്ണോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ.  വർഷങ്ങളായി ഈ മാലിന്യം സംസ്കരിച്ചിട്ടില്ല. 2014 മാർച്ച് മുതലുള്ള കണക്കെടുത്താൽ ഇപ്പോഴുള്ളതിന്റെ അളവ് എത്രയെന്നറിയാം.  മൂന്നു മീറ്ററോളം കനത്തിൽ പ്ലാസ്റ്റിക് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്  ഏക്കറുകളോളം സ്ഥലത്താണിതു നിരത്തിയിരിക്കുന്നത്. ഇവിടേക്കാണു പ്രളയമാലിന്യത്തിന്റെ വരവ്

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്

കിടക്ക, പ്ലാസ്റ്റിക് ഫർണിച്ചർ,  തുണികൾ എന്നുവേണ്ട വീട്ടിനുള്ളിലും നാട്ടിലും, തോട്ടിലുമുണ്ടായിരുന്നവയെല്ലാം ഇവിടെയുണ്ട്. കൃത്യം കണക്ക്– 2618 ലോഡ് പ്രളയ മാലിന്യം. ടോറസ് ലോറികളിലായിരുന്നു മാലിന്യം കൊണ്ടുവന്നത്. ഇന്നു മുതൽ പ്രളയ മാലിന്യം കയറ്റിയുള്ള ലോറികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള പ്രവേശന കവാടം മുതൽ മാലിന്യം കൂട്ടിയിരിക്കുന്നു. ജില്ലയിൽ പ്രളയം ബാധിച്ച എല്ലാ മുനിസിപ്പാലിറ്റികളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും ഉള്ള മാലിന്യം ഇവിടെയുണ്ട്. 

കൺമുന്നിൽ ദുരന്ത സാധ്യത

എളുപ്പത്തിൽ തീപിടിക്കാവുന്ന മാലിന്യങ്ങൾ ടൺ കണക്കിനാണുള്ളത്. പച്ചമരം പോലും കത്തിക്കുന്ന വെയിലാണിപ്പോൾ. ഇൗ വെയിലിൽ പ്ലാസ്റ്റിക് സ്വയം ഉരുകാം. നഗരസഭ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരിക്കുന്നിടത്തേക്കു പുറത്തുനിന്നുള്ളവർക്ക് എത്താൻ പ്രയാസമുണ്ട്. എന്നാൽ പ്രളയ മാലിന്യം ഇട്ടിരിക്കുന്നിടത്തേക്ക്  ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാം. ഒരു തീപ്പൊരിമതി, ആഴ്ചകളോളം ഇൗ പ്രദേശം നിന്നു കത്താൻ.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു പുനരുപയോഗിക്കാവുന്ന  പ്ലാസ്റ്റിക് വേർതിരിക്കുന്ന 60 തൊഴിലാളികൾ 12 വീടുകളിലായി  ഇൗ മാലിന്യക്കടലിനുള്ളിൽ  താമസിക്കുന്നു.  ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ ജോലിയെടുക്കുന്ന 40 തൊഴിലാളികളുമുണ്ട്. മാലിന്യത്തിനു തീപിടിച്ചാൽ, കാറ്റിനൊപ്പം 100 ഏക്കറിലേക്കു തീ പെട്ടെന്നു വ്യാപിക്കും. ഉള്ളിലുള്ളവർക്ക്  ഓടി രക്ഷപ്പെടാൻപോലും സമയം കിട്ടില്ല. രക്ഷപ്പെടാനുള്ള ഏകവഴി ചിത്രപ്പുഴയാറിലേക്ക് എടുത്തു ചാടുകയെന്നതാണ്. പ്ലാസ്റ്റിക് കത്തിയാൽ എളുപ്പത്തിൽ തീ കെടുത്താനാവില്ല

വെള്ളം ചീറ്റിച്ചാലും തീനാളങ്ങൾ കുറയുമെന്നേയുള്ളു, നീറിനീറി കത്തും. രാസ മാലിന്യങ്ങൾ കെടുത്താൻ ഉപയോഗിക്കുന്ന ഫോം ഉപയോഗിച്ചാലും രക്ഷയില്ല.  പ്ലാസ്റ്റിക് കത്തുമ്പോഴുള്ള കനത്ത വിഷപ്പുക അന്തരീക്ഷത്തിലേക്കുയരും.. കാറ്റിന്റെ ദിശയ്ക്കനുസരിച്ചു നഗരം മുഴുവൻ അതു വ്യാപിക്കും. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് ഇതിടയാക്കും.  ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോകുന്നത് ഇതിനടുത്തുകൂടിയാണ്. റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനും ഏറെ ദൂരെയല്ല.  സുരക്ഷാ മേഖലയായ ബ്രഹ്മപുരം താപവൈദ്യുത നിലയം തൊട്ടടുത്ത്. ചിത്രപ്പുഴയ്ക്ക് അപ്പുറത്തു ഫാക്ടും പെട്രോളിയം ഉൽപന്നങ്ങൾ സംസ്കരിക്കുന്ന റിഫൈനറിയും. 

കേരളം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന സ്മാർട് സിറ്റിയും ഇൻഫോപാർക്ക് രണ്ടാംഘട്ടവും തൊട്ടുചേർന്നുതന്നെ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊട്ടടുത്തുണ്ട്.  ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഒരു തീപിടിത്തം അത്ര നിസാര കാര്യമല്ലെന്നു വ്യക്തം.  അത്തരമൊരു ഓർമ നഗരത്തിനുണ്ട്, 2014 ഫെബ്രുവരിയിൽ. ടൺ കണക്കിനു പ്ലാസ്റ്റിക് ഏഴു ദിവസം കത്തി. സ്വയം കത്തിയമരും വരെ പരിസരത്തേക്ക് അടുക്കാൻപോലും കഴിഞ്ഞില്ല. കത്തുന്ന പ്ലാസ്റ്റിക്കിനു മുകളിൽ മണ്ണിട്ടാണ് അന്നു തീയണച്ചത്. ഇതിന് 1.5 കോടി രൂപ ചെലവാക്കേണ്ടിവന്നു

കാര്യങ്ങളുടെ ഗൗരവം സർക്കാരിനെ അറിയിച്ചു

വി.കെ. മിനിമോൾ, അധ്യക്ഷ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി, കൊച്ചി നഗരസഭ.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്. ഫയൽ ചിത്രം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം വലിയ പ്രതിസന്ധിയാണ്. ഏതുനിമിഷവും അപകടം സംഭവിക്കാം. കാര്യങ്ങളുടെ ഗുരുതരാവസ്ഥ നഗരസഭ പ്രമേയം വഴി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇൗ മാലിന്യം സംസ്കരിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കോട്ടയം മുനിസിപ്പാലിറ്റി മുതൽ ജില്ലയിലെ മൊത്തം പ്രളയ മാലിന്യം ഇവിടെയാണു കൊണ്ടുവന്നിട്ടിട്ടുള്ളത്. ഇതു ശരിയായ രീതിയിൽ സംസ്കരിക്കാൻ സർക്കാർ പണം നൽകണം. അതല്ലെങ്കിൽ  ഓരോ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പ്ലാൻ ഫണ്ടിൽ നിന്ന് ആ വിഹിതം വാങ്ങിത്തരണം.