ഫോക്സ്​വാഗന്റെ ‘ടിഗ്വൻ’ അടുത്ത വർഷം ഇന്ത്യയിൽ

Volkswagen Tiguan

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്​വാഗനിൽ നിന്നുള്ള ജനപ്രിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടിഗ്വൻ’ അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. ‘ടിഗ്വ’ന്റെ പുതുതലമുറ മോഡലാവും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക.

ഫോക്സ്​വാഗൻ ബ്രാൻഡിന്റെ കരുത്ത് തെളിയിക്കുന്ന വാഹനമാണു ‘ടിഗ്വൻ’ എന്നായിരുന്നു ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോയിൽ പുതുതലമുറ എസ് യു വി അനാവരണം ചെയ്ത കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹെർബെർട്ട് ഡൈസിന്റെ അവകാശവാദം. 2007ൽ വിപണിയിലെത്തിയതു മുതൽ ഇതുവരെ 26 ലക്ഷം ‘ടിഗ്വൻ’ ആണു ഫോക്സ്​വാഗൻ വിറ്റത്. പോരെങ്കിൽ ഫോക്സ്​വാഗൻ ശ്രേണിയിൽ ‘ഗോൾഫും’ ‘പോളോ’യും കഴിഞ്ഞാൻ ഏറ്റവും ജനപ്രിയ ബ്രാൻഡും ‘ടിഗ്വൻ’ തന്നെ. വിലയിലെ ഇളവിനു പുറമെ തികച്ചും പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദം ലഭ്യമായതിനാൽ പരിസ്ഥിതി സൗഹൃദവുമാണു ‘ടിഗ്വൻ’ എന്നാണ് ഡൈസിന്റെ വിലയിരുത്തൽ.

ഇന്ത്യൻ വിപണിക്ക് എസ് യു വികളോടുള്ള ആഭിമുഖ്യമാണു ‘ടിഗ്വ’നെ പടയ്ക്കിറക്കാൻ ഫോക്സ്​വാഗനെ പ്രേരിപ്പിക്കുന്നത്. വിപണന സാധ്യത പരിഗണിച്ച് അടുത്ത വർഷം തന്നെ ‘ടിഗ്വൻ’ ഇന്ത്യയിലെത്തിക്കാനാണു ഫോക്സ്​വാഗന്റെ ശ്രമം. അതിനിടെ ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ എൻജിൻ നിർമിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. ഇതടക്കമുള്ള വികസന പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണു സൂചന.

വികസിത, വികസ്വര രാജ്യങ്ങളിലേക്കു കാർ കയറ്റുമതിക്കുള്ള, ചെലവ് കുറഞ്ഞ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനും ഫോക്സ്​വാഗൻ തയാറെടുക്കുന്നുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ 1,500 കോടി രൂപ നിക്ഷേപിച്ച് പ്രാദേശികവൽക്കരണം വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ചക്കൻ, ഔറംഗബാദ് ശാലകളുടെ കാർ നിർമാണശേഷി ഗണ്യമായി ഉയർത്താനും ഫോക്സ്​വാഗനു പരിപാടിയുണ്ട്. മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി രണ്ടു ലക്ഷം യൂണിറ്റിനു മുകളിലെത്തിക്കാനാണു കമ്പനിയുടെ നീക്കം. ഒപ്പം ചക്കനിലെ ശാലയിൽ കൂടുതൽ പുതുമോഡലുകൾ നിർമിക്കുമെന്നും ഫോക്സ്​വാഗൻ പ്രഖ്യാപിച്ചിട്ടുണ്ട്.