റെനോ നിസ്സാൻ എൽ സി വി സഖ്യത്തെ നയിക്കാൻ ഗുപ്ത

ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യമായ റെനോ നിസ്സാന്റെ ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗത്തിന്റെ അമരക്കാരനായി അശ്വാനി ഗുപ്ത എത്തുന്നു. റെനോ നിസ്സാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ഘോസ്നു കീഴിൽ പുതുതായി രൂപീകൃതമാവുന്ന എൽ സി വി വിഭാഗം ചുമതലക്കാരനായി  ഗുപ്തയെ നിയോഗിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നാണു സൂചന. വാഹന നിർമാണ മേഖലയിൽ ആഗോളതലത്തിൽ തന്നെ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നു സ്വന്തമാക്കാൻ കഴിഞ്ഞ വർഷം റെനോ നിസ്സാനു സാധിച്ചിരുന്നു. ഇതേ രീതിയിൽ എൽ സി വി വിപണിയിലും കൂട്ടായ പ്രവർത്തനത്തിലൂടെ നേട്ടം കൊയ്യാനാണ് സഖ്യപങ്കാളികളുടെ ശ്രമം.

യാത്രാ വാഹന വിഭാഗത്തിലെ പോലെ എൽ സി വി നിർമാണ മേഖലയിലേക്കും പങ്കാളിത്തം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണു റെനോയും നിസ്സാനും. ചിലപ്പോൾ ഈ രംഗത്തു മിറ്റ്സുബിഷി മോട്ടോറിനുള്ള വൈദഗ്ധ്യം പരിഗണിച്ച് ആ കമ്പനിയെ കൂടി സഖ്യത്തിൽ ഉൾപ്പെടുത്തിയേക്കും. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും വാൻ വിപണിയിൽ റെനോയ്ക്കു ശക്തമായ സാന്നിധ്യമുണ്ട്. നിസ്സാനാവട്ടെ മധ്യ പൂർവ ദേശത്തും ഏഷ്യയിലുമൊക്കെ പിക് അപ് ട്രക്ക് വിഭാഗത്തിലെ പ്രബല ശക്തിയാണ്. പിക് അപ് വിപണിയിൽ കരുത്തു തെളിയിച്ച മിറ്റ്സുബിഷിയുടെ മികവ് ആസിയാൻ മേഖലയിലാണ്.

പങ്കാളികൾക്കുള്ള വ്യക്തിഗത മികവ് പ്രയോജനപ്പെടുത്ത ആഗോളതലത്തിൽ തന്നെ എൽ സി വി വിപണിയിൽ സാന്നിധ്യം ശക്തമാക്കാനാണു റെനോ നിസ്സാന്റെ പദ്ധതി. ഗുപ്തയുടെ നേതൃമികവിൽ റെനോയുടെ എൽ സി വി വിഭാഗം ശക്തമായ തിരിച്ചുവരവാണു നടത്തിയത്. പ്രവർത്തന നഷ്ടം ഒഴിവായതിനു പുറമെ  കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിൽപ്പനയിൽ 50 ശതമാനത്തോളം വളർച്ചയും റെനോയ്ക്കു നേടാനായി. രണ്ടു പുതിയ പിക് അപ് ട്രക്കുകൾ വിജയകരമായി അവതരിപ്പിച്ചതും ഗുപ്തയ്ക്കു പുതിയ ചുമതല നേടിക്കൊടുക്കാൻ വഴി തെളിച്ചിട്ടുണ്ട്. റെനോ ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തിൽ 20 ശതമാനത്തോളം എൽ സി വി വിഭാഗത്തിന്റെ സംഭാവനയാണ്.

ഔദ്യോഗിക വേഗത്തിൽ മിന്നൽ വേഗത്തിൽ മുന്നേറിയ ചരിത്രമാണു ഗുപ്തയുടേത്. ഹോണ്ട സീൽ കാഴ്സിന്റെ നേതൃനിരയിൽ നാലാം സ്ഥാനത്തായിരുന്ന ഗുപ്ത തുടർന്നു ഹോണ്ട മോട്ടോർ കമ്പനിയിൽ ജപ്പാനിലെ ടോചിഗിയിൽ നിയമിതനായി. 10 വർഷത്തോളം ഹോണ്ടയ്ക്കൊപ്പമായിരുന്ന ഗുപ്ത റെനോ നിസ്സാൻ ഇന്ത്യയിലെത്തിയപ്പോൾ അവർക്കൊപ്പം മടങ്ങിയെത്തി. സോഴ്സിങ്, വി പ്ലാറ്റ്ഫോം മാനേജ്മെന്റ്, ഗ്ലോബൽ സോഴ്സിങ് മേഖലകളിൽ പ്രവർത്തിച്ച ശേഷം അദ്ദേഹം ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ പ്രോഗ്രാം ഡയറക്ടറായി.